Connect with us

National

ശമ്പള വര്‍ദ്ധനവ് വേണമെന്ന ആവശ്യവുമായി ഡല്‍ഹിയിലെ എഎപി എംഎല്‍എമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: നൂറ് ശതമാനം ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ടു. ജോലി ഉപേക്ഷിച്ചെത്തിയ പല എംഎല്‍എമാരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാലാണ് ശമ്പളവര്‍ധനവ് ആവശ്യപ്പെട്ടതെന്നാണ് എഎപിയുടെ വിശദീകരണം. അതേസമയം രാഷ്ട്രീയമെന്നത് ജനസേവനമാണ് എഎപി തിരിച്ചറിയണമെന്ന് ബിജെപി പ്രതികരിച്ചു.
യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സമിതി എംപിമാരുടെ ആനുകൂല്യങ്ങളില്‍ നൂറ് ശതമാനത്തിന്റെ വര്‍ദ്ധന വേണമെന്ന് കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളത്തില്‍ നൂറ് ശതമാനം വര്‍ദ്ധന വേണമെന്ന ആവശ്യവുമായി ഇരുപത് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ടത്.
നിലവില്‍ ഡല്‍ഹിയില്‍ എംഎല്‍മാര്‍ക്ക് ശമ്പളവും ആനൂകല്യങ്ങളുമുള്‍പ്പെടെ 83500 രൂപയാണ് ലഭിക്കുന്നത്. ഓഫീസ് കെട്ടിടത്തിന്റെ വാടക, ഫോണ്‍, വൈദ്യുതി, ഇന്ധന ചെലവ് എന്നിവക്ക് പോലും ഈ തുക തികയുന്നില്ലെന്നാണ് എംഎല്‍എമാരുടെ പരാതി.
ആവശ്യം പരിഗണിക്കാമെന്ന് കെജ്രിവാള്‍ ഉറപ്പ് നല്‍കിയതായി എംഎല്‍എമാര്‍ പറഞ്ഞു. അതേസമയം എഎപി നീക്കത്തിനെതിരെ കോണ്‍ഗ്രസും ബിജെപി രംഗത്തെത്തി.

Latest