പള്ളികള്‍ കേന്ദ്രീകരിച്ച് ബോകോ ഹറാം ആക്രമണം; നൈജീരിയയില്‍ 160 മരണം

Posted on: July 4, 2015 12:58 am | Last updated: July 4, 2015 at 1:40 am
SHARE
boko harm
ബോകോ ഹറാം ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷക്കായി നിയോഗിക്കപ്പെട്ട സൈനികര്‍ ആക്രമണം നടക്കുന്ന ഗ്രാമത്തിലേക്ക് തിരിക്കുന്നു

അബൂജ: നൈജീരിയയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോയില്‍ ആയുധധാരികളായ ബോകോ ഹറം ത്രീവവാദികള്‍ പള്ളിയിലും ഗ്രാമങ്ങളിലുമായി നടത്തിയ ആക്രമണത്തില്‍ 160ലധികം ആളുകള്‍ കൊല്ലപ്പെട്ടു. അനേകം പള്ളികള്‍ ആക്രമിക്കപ്പെട്ട കുക്കാവ നഗരത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം കുറഞ്ഞത് 97 ആളുകള്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സമീപ ഗ്രാമങ്ങളില്‍ നടത്തിയ ആക്രമണത്തിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച ഒരു സൈനിക ചെക് പോസ്റ്റില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്ക് കിഴക്കന്‍ നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ കൊക്കാവയിലെ രൂക്ഷമായ ആക്രമണമടക്കം രക്ത രൂക്ഷിതമായ 72 മണിക്കൂറിനാണ് ബോര്‍ണോ നഗരം സാക്ഷ്യം വഹിച്ചത്. പള്ളിയില്‍ മഗ്‌രിബ് നമസ്‌കാരം നിര്‍വഹിച്ചു കൊണ്ടിരിക്കെയാണ് പള്ളിക്ക് നേരെ തീവ്രവാദി ആക്രമണമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ആക്രമണത്തെപ്പറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കിട്ടുന്നതിന് മുമ്പേ ഏഴ് കാറുകളിലും ഒമ്പത് മോട്ടോര്‍ ബൈക്കുകളിലുമായി തീവ്രവാദികള്‍ നഗരത്തിലെത്തിയിരുന്നു. അതേ സമയം 11 കിലോമീറ്റര്‍ അകലെ തമ്പടിച്ചിരുന്ന സൈനികര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്താനുമായില്ല. പള്ളിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അഗ്നിക്കിരയാക്കിയ ശേഷം തീവ്രവാദികള്‍ വീടുകളില്‍ നോമ്പു തുറ വിഭവങ്ങളൊരുക്കുകയായിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വിവേചന രഹിതമായി ആക്രമണമഴിച്ചു വിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബുധനാഴ്ച്ച രാത്രിയോടെ സംഭവിച്ച ദാരുണമായ ആക്രമണം സംബന്ധിച്ച വാര്‍ത്ത വ്യാഴഴ്ചയാണ് പുറംലോകമറിഞ്ഞത്.
ഈ ആക്രമണത്തിന് തൊട്ട് മുന്‍പുള്ള ദിവസം ബോര്‍ണോയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ തീവ്രവാദി സംഘം ആക്രമണം നടത്തിയിരുന്നു. ഗ്രാമത്തിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദികള്‍ പുരുഷന്‍മാരെയും കുട്ടികളെയും സ്ത്രീകളെയും വേര്‍തിരിച്ച് നിര്‍ത്തി പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ 48 പുരുഷന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു,17 പേര്‍ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഇസില്‍ ഫ്രാഞ്ചൈസിയായി ഈ വര്‍ഷം അവരോധിക്കപ്പെട്ട ബോകോ ഹറം, ഇത്തരം ആക്രമണങ്ങളിലൂടെ റമസാനില്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ഇസില്‍ തീരുമാനം നടപ്പിലാക്കുകയായിരുന്നു.