വിശ്വാസിയുടെ സകാത്ത്

    Posted on: July 4, 2015 5:54 am | Last updated: July 4, 2015 at 12:55 am

    ramadan emblom- newഇസ്‌ലാം മതത്തിന്റെ പ്രത്യേകമായ അനുഷ്ഠാനങ്ങളിലൊന്നാണ് സകാത്ത് , മുസ്‌ലിമിന്റെ അനുഷ്ഠാന കര്‍മങ്ങളില്‍ പ്രഥമ സ്ഥാനമാണ് സകാത്തിനുള്ളത്. സമഗ്ര ജീവിത പദ്ധതിയായ ഇസ്‌ലാമിന് സാമ്പത്തിക വിഷയത്തില്‍ പ്രത്യേക കാഴ്ചപ്പാടുണ്ട്. ഭൂലോകത്തുള്ള വിഭവങ്ങളുടെ പൂര്‍ണാധിപന്‍ സ്രഷ്ടാവായ അല്ലാഹുവാണെന്നിരിക്കെ ഭൂ സ്വത്തിലും പ്രകൃതി വിഭവങ്ങളിലുമുള്ള മനുഷ്യന്റെ ഉടമസ്ഥാവകാശം നൈമിഷികം മാത്രമാണ്.
    ധനികന് സമ്പത്ത് നല്‍കിയതും ദരിദ്രന് സമ്പത്ത് ലഭിക്കാതിരിക്കുന്നതും മനുഷ്യജീവിതത്തില്‍ സന്തുലിതത്വം നിലനിര്‍ത്താനുള്ള അല്ലാഹുവിന്റെ തീരുമാനമാണ്. ഇതൊരു പരീക്ഷണമായേ കാണേണ്ടതുള്ളൂ. ഭൂഉടമക്ക് കൃഷിപ്പണി ചെയ്യാന്‍ ആളെ കിട്ടണമെങ്കില്‍ സാധാരണക്കാരായ തൊഴിലാളികള്‍ കൂടി സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉണ്ടാകണം. തൊഴിലാളിക്ക് ജീവിത വൃത്തി നേടാന്‍ സമ്പന്നന്റെ ഫാക്ടറികളോ തൊഴിലിടങ്ങളോ തുറന്നിരിക്കുകയും വേണം. ഇതാണ് സാമൂഹിക സന്തുലിതത്വം. ധനികന്റെ സ്വത്തില്‍ ദരിദ്രന്റെ അവകാശമുണ്ട്. ഇത് അവന് വകവെച്ചു കൊടുക്കണം. ഇതാണ് ഇസ് ലാമിന്റെ കാഴ്ചപ്പാട്. സുഖലോലുപതയില്‍ ജീവിക്കുന്ന സമ്പന്നര്‍ നിര്‍ധനരുടെ അവകാശം വകവെച്ചു കൊടുത്തില്ലെങ്കില്‍ അവന്‍ സത്യവിശ്വാസിയുടെ ഗണത്തില്‍ പെടില്ല. സ്ഥിതി സമത്വവാദത്തിന്റെ ഇസ്‌ലാമിക മാതൃക ഇവിടെയാണ് വായിച്ചെടുക്കേണ്ടത്. സമ്പന്നന്‍ അവന്റെ സ്വത്തില്‍ നിന്ന് ദരിദ്രന്റെ അവകാശം കൊടുത്തു തീര്‍ക്കുന്നതോടെ ഒരു പരിധി വരെ എല്ലാവരെയും സാമ്പത്തികമായി ഉദ്ധരിക്കാന്‍ കഴിയുമെന്നതാണ് യാഥാര്‍ഥ്യം . ഇതിനാല്‍ തന്നെ മതത്തിന്റെ മാനദണ്ഡങ്ങളനുസരിച്ച് നിര്‍ബന്ധിത സകാത്തിന് സന്നദ്ധനാവുകയാണ് വിശ്വാസിയുടെ കടമ.