Connect with us

Articles

ഹിന്ദുത്വത്തിന്റെ യോഗാസനങ്ങള്‍

Published

|

Last Updated

നരേന്ദ്രമോദി സര്‍ക്കാര്‍ യോഗയെ തങ്ങളുടെ ഹിന്ദുത്വവത്കരണ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതാണ് ഏറ്റവുമൊടുവില്‍ രാജ്യം ദര്‍ശിച്ചത്. കഴിഞ്ഞ ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ രാജ്പഥില്‍ നടന്ന യോഗദിനാചരണ ചടങ്ങില്‍ നിന്ന് രാഷ്ട്രത്തിന്റെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ മാറ്റിനിര്‍ത്തിയത് യാദൃച്ഛികമായ ഒരു കാര്യമായി ലഘൂകരിച്ച് കാണാനാകില്ല. ഉപ രാഷ്ട്രപതിയുടെ രാജ്പഥിലെ അസാന്നിധ്യം വിവാദമായപ്പോള്‍ മോദി സര്‍ക്കാര്‍ ക്ഷണിച്ചിരുന്നുവെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ഉപരാഷ്ട്രപതി തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് ട്വീറ്റ് ചെയ്തതോടെ സര്‍ക്കാറിന്റെ വര്‍ഗീയവും അങ്ങേയറ്റം അപലപനീയവുമായ ഹിന്ദുത്വ നീക്കമാണ് അനാവരണം ചെയ്യപ്പെട്ടത്. ഒരു ഔദേ്യാഗിക പരിപാടിയില്‍ നിന്ന് എന്തുകൊണ്ട് ഉപരാഷ്ട്രപതിയെ മാറ്റിനിര്‍ത്തിയെന്നതിന് മതനിരപേക്ഷ ജനാധിപത്യ സമൂഹം ഉത്തരം തേടേണ്ടതുണ്ട്. ഭരണഘടനാവ്യവസ്ഥകളെയും പാര്‍ലിമന്ററി ജനാധിപത്യക്രമത്തിലെ ഒഴിവാക്കാനാകാത്ത ചട്ടങ്ങളെയും അതിലംഘിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഹിന്ദുത്വവത്കരണത്തിനനുകൂലമായി ഓരോ നീക്കവും നടത്തിക്കൊണ്ടിരിക്കുന്നതെന്ന കാര്യം ജനാധിപത്യവിശ്വാസികളെ ഉത്കണ്ഠാകുലമാക്കുന്നതാണ്.
തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനാണ് യോഗയെ നരേന്ദ്ര മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്ത്യയുടെ പൗരാണിക ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് യോഗപോലൊരു വ്യായാമമുറ. അതിനെ മതവത്കരിക്കുന്നതും ഹിന്ദുത്വപ്രത്യയശാസ്ത്രവത്കരണത്തിനുള്ള ഉപാധിയാക്കുന്നതും ചരിത്രത്തോടും പാരമ്പര്യത്തോടും കാണിക്കുന്ന അങ്ങേയറ്റം നിഷേധാത്മകമായ സമീപനമാണ്. 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് വേദകാലത്തിനും മുമ്പ് ഹിമാലയസാനുക്കളിലെ മനുഷ്യ അധിവാസ മേഖലകളില്‍ ജന്മമെടുത്തതാകാം ധ്യാനത്തിന്റെയും കായികമുറയുടെയും സംയോജനമായ യോഗയെന്നാണ് പല ചരിത്രകാരന്മാരും സാമൂഹികശാസ്ത്രജ്ഞരും നിരീക്ഷിക്കുന്നത്. ശരീരത്തെയും മനസ്സിനെയും താളാത്മകവും ഏകാഗ്രവുമാക്കുവാനുള്ള വ്യായാമമുറ എന്നനിലക്കാണ് ഇന്ത്യയുടെ ഷഡ്ദര്‍ശനങ്ങളില്‍ ഒന്നായ യോഗ വിശദീകരിക്കപ്പെട്ടിട്ടുള്ളത്.
യോഗ എന്ന സംസ്‌കൃത പദത്തിന്റെ അര്‍ഥം കൂട്ടിയോജിപ്പിക്കുക, ഐക്യപ്പെടുക എന്നൊക്കെയാണ്. തീര്‍ത്തും വ്യക്തിയധിഷ്ഠിതമായ, മനസ്സിനെയും ശരീരത്തെയും താളാത്മകമായി കൂട്ടിയിണക്കാനുള്ള ഒരു പരിശീലന പദ്ധതിയാണ് യോഗയെന്നത്. ദേവിപ്രസാദ് ചതോബാധ്യായയും കെ ദാമോദരനുമൊക്കെ യോഗയുടെ ഉത്ഭവത്തെയും ഒരു ദര്‍ശനപദ്ധതി എന്ന നിലക്ക് ഇന്ത്യയുടെ വൈദികസമൂഹം അതിനെ ആത്മീയ വാദമായി പരിമിതപ്പെടുത്തിയെടുത്തതിനെയും കുറിച്ച് നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഇരുകൈകളും പരസ്പരം ചേര്‍ത്ത് ആയുധങ്ങളുണ്ടാക്കി ഇരതേടാന്‍ തുടങ്ങിയതോടെയാണല്ലോ മനുഷ്യന്‍ എന്ന ജീവിയുടെ പരിണാമം സംഭവിക്കുന്നത്. പണിയായുധങ്ങളുടെ കണ്ടുപിടുത്തവും കൃഷിയും അതിനായുള്ള ഭൂസംസ്‌കരണപ്രവര്‍ത്തനങ്ങളുമെല്ലാമാണ് മനുഷ്യനെ സാമൂഹികജീവിയായി രൂപാന്തരപ്പെടുത്തിയത്. വ്യക്തിയധിഷ്ഠിതമായ മാനുഷിക പ്രവൃത്തി സാമൂഹിക ഉത്പാദനത്തിലേക്ക് കടക്കുകയും പ്രകൃതിയെ തങ്ങള്‍ക്കാവശ്യമായ രീതിയില്‍ പുനര്‍നിര്‍മിക്കാന്‍ മനുഷ്യന്‍ പ്രാപ്തിനേടുകയും ചെയ്തു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഒരു കാര്‍ഷിക സംസ്‌കൃതിയിലേക്ക് വികസിച്ചതോടെയാണ് മനസ്സിനെയും ശരീരത്തെയും കൂട്ടിയോജിപ്പിക്കുന്ന യോഗ എന്ന വ്യായാമമുറയും രൂപമെടുത്തിട്ടുണ്ടാവുക. ഇവിടെ കെ ദാമോദരന്‍ നിരീക്ഷിക്കുന്നതുപോലെ പുരാതനകാലത്തെ ഇന്ത്യന്‍ ദര്‍ശനങ്ങളെ അത്മീയവാദികളായ ശുഷ്‌കപണ്ഡിതന്മാരാകാം ആസ്തിക ദര്‍ശനമെന്നും നാസ്തിക ദര്‍ശനമെന്നും രണ്ടായി വേര്‍തിരിച്ചത്. ഈ വിഭജനത്തിന് ആഴത്തിലുള്ള പരിശോധനകളുടെയും പരിഗണനകളുടെയും അടിസ്ഥാനങ്ങളൊന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഹിന്ദുമതമെന്ന് പില്‍ക്കാലത്ത് വിവക്ഷിക്കപ്പെട്ട ബ്രാഹ്മണമതത്തിന്റെ ആദ്യത്തെ ആധികാരിക വചനങ്ങളായി ഗണിക്കുന്ന വേദങ്ങളെ മൂലപ്രമാണങ്ങളായി അംഗീകരിക്കുന്ന ദര്‍ശനങ്ങളെന്നും വേദങ്ങളെ നിഷേധിക്കുന്ന ദര്‍ശനങ്ങളെന്നുമുള്ള രീതിയിലാണ് ആസ്തിക-നാസ്തിക വിഭജനം ഉണ്ടാക്കിയത്. സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം എന്നീ ഷഡ്ദര്‍ശനങ്ങളെ ആസ്തികമെന്നും ബൗദ്ധം, ജൈനം, ചാര്‍വാകം എന്നിവയെ നാസ്തികമെന്നും കൃത്രിമമായി വേര്‍തിരിക്കുകയായിരുന്നു. നാസ്തിക ഗണത്തില്‍പ്പെടുന്ന ദര്‍ശനങ്ങള്‍ പൊതുവെ ലോകായതം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.
യഥാര്‍ഥത്തില്‍ ഇത് കൃത്രിമവും സത്താരഹിതവുമായ വിഭജനമായിരുന്നു. ബ്രാഹ്മണാധികാരത്തെയും വൈദികാധിപത്യത്തെയും അതിന്റെ അശ്ലീലകരമായ യാഗസംസ്‌കാരത്തെയും ചോദ്യം ചെയ്തവരെ ചാര്‍വാകരും ബൗദ്ധരും ലോകായതരുമൊക്കെയാക്കി ആധിപത്യശക്തികള്‍ വേട്ടയാടുകയാണ് ചെയ്തത്. ഇന്ത്യയുടെ പൗരാണിക ദര്‍ശനങ്ങളില്‍ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ലോകായതം (ചാര്‍വാകദര്‍ശനം) യഥാര്‍ഥത്തില്‍ ഭൗതികവാദത്തില്‍ അധിഷ്ഠിതമായിരുന്നു. പ്രാചീന ഭാരതത്തിലെ ആസ്തിക ദര്‍ശനങ്ങളായി ആര്‍ഷസംസ്‌കാരികവാദികളായ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ ഉയര്‍ത്തിക്കാട്ടുന്ന ഷഡ്ദര്‍ശനങ്ങളില്‍ വേദാന്തം മാത്രമാണ് പൂര്‍ണമായും ആത്മീയവാദവും ആസ്തികവുമെന്ന് പറയാവുന്ന ഒരേയൊരു ദര്‍ശനപദ്ധതി. യഥാര്‍ഥത്തില്‍ ഹിന്ദുത്വവാദികളോളം നീളുന്ന ഇന്ത്യന്‍ പാരമ്പര്യ ആത്മീയവാദികള്‍ വേദാന്തദര്‍ശനത്തിലെ ആത്മീയതയെ മറ്റെല്ലാ ദര്‍ശനങ്ങളിലും വാരിവിതറി ഇന്ത്യന്‍ ദര്‍ശനങ്ങളെയാകെ പ്രതിലോമകരമാക്കി തങ്ങളുടെ സങ്കുചിത താത്പര്യങ്ങള്‍ക്കനുസൃതമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്.
വേദാന്തത്തിലെ ആത്മീയത ഇന്ത്യന്‍ ദര്‍ശനങ്ങളിലാകെ ആരോപിച്ച് നമ്മുടെ പൗരാണിക ദര്‍ശനങ്ങളുടെ സാരസര്‍വസ്വം ആത്മീതയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. സാംഖ്യവും അതിന്റെ ഉപജ്ഞാതാവയി കണക്കാക്കപ്പെടുന്ന കണാദനും ഈ പ്രപഞ്ചത്തെ ഭൗതികവാദ അടിസ്ഥാനത്തില്‍ വിശദീകരിക്കാനാണ് ശ്രമിച്ചത്. ഈ പ്രപഞ്ചത്തിന്റെ ഉല്‍പത്തിയുടെ കാരണം ദ്രവ്യമാണോ മനസ്സാണോ എന്നതാണല്ലോ ദര്‍ശനത്തിലെ അടിസ്ഥാന സമസ്യ. പുരാതന ഭാരതത്തിലെ ആദിസാംഖ്യം പ്രകൃതിയാണ് അല്ലെങ്കില്‍ ദ്രവ്യമാണ് പ്രഥമമെന്ന് ഉത്തരം നല്‍കി. വൈശേഷിക ദര്‍ശനത്തിന്റെ പ്രണേതാവായി കണക്കാക്കുന്ന കണാദന്‍ പ്രപഞ്ചത്തിന്റെ മൂലകാരണം പരമാണുക്കളാണെന്നാണ് സിദ്ധാന്തിച്ചത്. യോഗദര്‍ശനമാകട്ടെ സാംഖ്യദര്‍ശനത്തോടാണ് അടുപ്പം കാണിക്കുന്നത്. ഇന്ത്യയുടെ ഷഡ്ദര്‍ശനങ്ങളില്‍ ഒന്നായി അവതരിപ്പിക്കുമ്പോഴും സാംഖ്യത്തിലെ ദര്‍ശനതത്വങ്ങള്‍ക്കനുയോജ്യമായ ഒരഭ്യാസ ക്രമം മാത്രമായിട്ടാണ് യോഗ പരിഗണിക്കപ്പെട്ടുപോന്നത്. ഒരു സവിശേഷ ദര്‍ശനവും വ്യായാമമുറയുമായി യോഗയെ പില്‍ക്കാലത്ത് മാറ്റിയെടുത്തത് ഓറിയന്റലിസ്റ്റുകളായ പുനരുത്ഥാനവാദികളാണ്.
ഇതില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണത്തോടെ ആത്മജ്ഞാനത്തിനുള്ള മാര്‍ഗമായി യോഗയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് ബുദ്ധമതമാണ്. ബുദ്ധമതത്തിന്റെ തകര്‍ച്ചക്കുശേഷമാണ് ഇന്ന് ഹിന്ദുമതം എന്ന് പറയപ്പെടുന്ന സനാതനമതം യോഗയെ അതിന്റെ ഷഡ്ദര്‍ശനങ്ങളില്‍ ഒന്നായി അംഗീകരിച്ചത്. വേദം ഉപനിഷത്തുകളും ബ്രാഹ്മണ്യവുമായി വേര്‍പിരിഞ്ഞപ്പോള്‍ യോഗയും വ്യത്യസ്തമായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍ വേദത്തെ മന്ത്രോച്ചാരണമാക്കിയ ബ്രാഹ്മണ്യം യോഗയെ മതാചാരമാക്കി പരിമിതപ്പെടുത്തി. ഇന്നിപ്പോള്‍ യോഗ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ പുരോഗമനവാദികള്‍ അത്യന്തം പ്രത്യയശാസ്ത്ര ജാഗ്രതയോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്. ബ്രാഹ്മണ്യത്തിനെതിരായി കലഹിച്ചുകൊണ്ടാണ് ബുദ്ധന്‍ ഭാരതീയ പാരമ്പര്യത്തിന്റെ ധനാത്മകമായ വശങ്ങളെ പ്രചരിപ്പിച്ചത്. ബ്രാഹ്മണ്യം മതാചാരമാക്കിയ യോഗ ഇന്ത്യയിലെ ഒരു ചെറുവിഭാഗത്തിന്റെ ആത്മീയതലത്തിലുള്ള ഒരാചാരക്രമമായിട്ടാണ് ദീര്‍ഘകാലം നിലനിന്നുപോന്നത്. 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്വാമിവിവേകാനന്ദന്‍ യുവാക്കളെ ഉത്തേജിപ്പിക്കാനായി വ്യായാമമുറയുടെ സന്ദേശം പരത്തിയതോടെ യോഗ പുനരുജ്ജീവിപ്പിക്കപ്പെടുകയും അതിന്റെ ആത്മീയതലത്തിനപ്പുറത്ത് ഭൗതികമായ ഉള്ളടക്കത്തോടെ പരിചയപ്പെടുത്തപ്പെടുകയും ചെയ്തു.
നരേന്ദ്രമോദി സര്‍ക്കാര്‍ അന്താരാഷ്ട്ര യോഗാചരണം ഉയര്‍ത്തിക്കാട്ടി ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും ആഗോളതലത്തിലുണ്ടായ അംഗീകാരത്തില്‍ അഹങ്കരിക്കുകയാണ്. യോഗയെ അതിന്റെ പൗരാണികവും മതപരവുമായ അര്‍ഥത്തില്‍ ഒരു ആചാര അനുഷ്ഠാനമായി കാണുന്ന സംഘ്പരിവാര്‍ ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കുമേലും അത് അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. സ്‌കൂളുകളില്‍ മതചിഹ്നങ്ങളും മന്ത്രോച്ചാരണത്തോടും കൂടിയുള്ള യോഗ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടത്. ഇതിനെതിരെ മതനിരപേക്ഷ ശക്തികളില്‍ നിന്നും ന്യൂനപക്ഷ ജനസമൂഹങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നപ്പോള്‍ യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിടണമെന്ന ആക്രോശവും സംഘ്പരിവാറിന്റെ ഭാഗത്തുനിന്നുമുണ്ടായി. ഒരു മതേതര രാജ്യത്തിന്റെ വിശ്വാസങ്ങളെയും ബഹുത്വത്തെയും കാണാതെ യോഗ അടിച്ചേല്‍പ്പിക്കുന്നതിനോട് ഒരു ജനാധിപത്യവാദിക്കും യോജിക്കാനാവില്ല. ഹിറ്റ്‌ലറെ പോലെ വ്യായാമമുറകളെ തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങള്‍ക്കെതിരായുള്ള ആയോധന കലയാക്കാനാണ് ഇവിടെ ആര്‍ എസ് എസ് ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നത്. ബുദ്ധനും രാമകൃഷ്ണപരമഹംസരും വിവേകാനന്ദനും ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ച മതേതരമായ യോഗയുടെ സന്ദേശം മനുഷ്യമനസ്സുകളില്‍ ഐക്യവും താളാത്മകതയും രൂപപ്പെടുത്തുക എന്നതാണ്. എന്നാല്‍ മോദി യോഗയെ വംശഹത്യക്കുള്ള ആയോധനകലയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ആര്‍ എസ് എസിന്റെ ചരിത്രവും മോദിയുടെ അജന്‍ഡയുമറിയാവുന്ന ആരും സംശയിച്ചുപോകും. അതിന് അവരെ യോഗയെ എതിര്‍ക്കുന്നവരായി അടച്ചാക്ഷേപിക്കേണ്ട കാര്യവുമില്ല.