ശനിയാഴ്ചകളില്‍ പണം കൈമാറുന്നത് സെപ്തംബര്‍ അഞ്ചു മുതല്‍ സെന്‍ട്രല്‍ ബേങ്ക് അവസാനിപ്പിക്കും

Posted on: July 3, 2015 5:40 pm | Last updated: July 3, 2015 at 5:40 pm
SHARE

3415818621

അബുദാബി: ബേങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും പണം കൈമാറുന്നത് ശനിയാഴ്ചകളില്‍ നിര്‍ത്തിവെക്കാന്‍ രാജ്യത്തെ പരമോന്നത ബേങ്കായ സെന്‍ട്രല്‍ ബേങ്ക് ഒരുങ്ങുന്നു. സെപ്തംബര്‍ അഞ്ചു മുതലാവും ഇതിന് തുടക്കമിടുക. ബേങ്കുകളും മണി എക്‌സചേഞ്ചുകളും ഉള്‍പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നതും അവരില്‍ നിന്നു പണം സ്വീകരിക്കുന്നതും സെപ്തംബര്‍ അഞ്ച്(ശനി) മുതല്‍ ഉണ്ടാവില്ല. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ മാത്രമാവും സെപ്തംബര്‍ അഞ്ച് മുതല്‍ പണകൈമാറ്റം നടക്കുക.
യു എ ഇ ബേങ്ക് ഫെഡറേഷനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ശനിയാഴ്ചകളില്‍ പണം കൈമാറുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും സെന്‍ട്രല്‍ ബേങ്ക് വൃത്തങ്ങള്‍ അറിയിച്ചു. വെള്ളി ശനി ദിവസങ്ങളിലേക്ക് ആവശ്യമായ പണം വ്യാഴാഴ്ചകളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ സെന്‍ട്രല്‍ ബേങ്കില്‍ നിന്നു ശേഖരിക്കാന്‍ ശ്രമിക്കണം. പെരുന്നാള്‍ ഉള്‍പെടെയുള്ള പൊതു അവധി ദിനങ്ങള്‍ക്ക് മുന്നോടിയായി ഇത്തരത്തിലാണ് ബേങ്കുകള്‍ ഉള്‍പെടെയുള്ളവ പണം ശേഖരിച്ചു വെക്കാറ്.
പണമിടപാടുമായി ബന്ധപ്പെട്ട ഐ സി സി എസ്(ഇമേജ് ചെക്ക് ക്ലിയറിംഗ് സിസ്റ്റം), യു എ ഇ ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റം, ഡയറക്ട് ഡെബിറ്റ് സിസ്റ്റം, വേയ്ജ് പ്രൊട്ടക്ഷന്‍ സിസ്റ്റം തുടങ്ങിയവ ശനിയാഴ്ചകളില്‍ പതിവുപോലെ ലഭ്യമായിരിക്കുമെന്നും സെന്‍ട്രല്‍ ബേങ്ക് വെളിപ്പെടുത്തി.