Connect with us

Gulf

അല്‍ വാസല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

Published

|

Last Updated

 

ദുബൈ: അല്‍ വാസല്‍ റോഡില്‍ അധികൃതര്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പെടുത്തി. ഇതുമൂലം ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്ക് ഇടത്തോട്ട് തിരിക്കാന്‍ സാധ്യമാവില്ല. നേരെ പോയി എപ്‌കോ പമ്പിന് സമീപത്തു നിന്നു യു-ടേണ്‍ എടുത്തുവേണം വാഹനങ്ങള്‍ക്ക് യാത്രതുടരാന്‍. അല്‍ വാസല്‍ റോഡില്‍ വാഹന നിയന്ത്രണം ഏര്‍പെടുത്തിയതോടെ ഈ മേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മിക്ക വിദ്യാലയങ്ങളും വേനല്‍ അവധിക്കായി അടച്ചതിനാല്‍ നഗരത്തിലെ റോഡുകൡ പൊതുവില്‍ ഗതാഗതക്കുരുക്കിന് അല്‍പം ശമനമുണ്ടായിരുന്നു. അല്‍ വാസല്‍ മേഖലയില്‍ രാവിലെ 8.30ന് കനത്ത ഗതാഗതക്കുരുക്കാണ് യു-ടേണിനായി രൂപപ്പെട്ടതെന്ന് ഇതുവഴി സഞ്ചരിച്ചവരില്‍ ചിലര്‍ വ്യക്തമാക്കി. അല്‍ ഹദിഖ ക്രോസ് സെക്ഷനില്‍ വാഹനം തിരിച്ചെടുക്കാന്‍ 15 മിനുട്ടിലധികം കാത്തുനില്‍ക്കേണ്ടതായി വന്നുവെന്നും അനുഭവസ്ഥര്‍.
ദുബൈ കനാല്‍ ജോലികള്‍ നടക്കുന്നതിന് സമീപത്താണ് അല്‍ വാസല്‍ റോഡ് അടച്ചിരിക്കുന്നതെങ്കിലും ആര്‍ ടി എ റോഡ് അടച്ചതിന് കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. സമീപത്തെ ശൈഖ് സായിദ് റോഡില്‍ കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തില്‍ ഓരോ ദിശകളിലും എട്ട് ട്രാക്കുകള്‍ വീതമാണ് നിര്‍മിക്കുക. കപ്പല്‍ ഉള്‍പെടെയുള്ളവ കനാലിലൂടെ കടന്നു പോകുമ്പോള്‍ എട്ടു മീറ്റര്‍ ഉയരത്തിലേക്ക് പൊക്കാവുന്ന രീതിയിലാണ് പാലത്തിന്റെ രൂപകല്‍പന. ഷോപ്പിംഗ് സെന്ററും നാലു ഹോട്ടലുകളും 450 റെസ്‌റ്റോറന്റുകളും ആഡംബര വീടുകളും സൈക്കിള്‍ സവാരിക്കുള്ള പാതയും ദുബൈ കനാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഒപ്പം സ്വകാര്യ ബോട്ടുകള്‍ക്ക് നങ്കൂരമിടാനുമായി പദ്ധതിയുടെ ഭാഗമായി 80,000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് മാറ്റിവെച്ചിരിക്കുന്നത്. കനാലിന്റെ കവാടത്തില്‍ പുതിയ ട്രേഡ് സെന്ററും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ദുബൈയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ കനാല്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ബര്‍ദുബൈ മേഖല ദീപായി രൂപാന്തരപ്പെടും.

Latest