കെട്ടിട നിര്‍മാണത്തിന് നിയന്ത്രണം: രാഷ്ട്രീയ പാര്‍ട്ടികളുടെ വാദം ബാലിശം-പ്രകൃതി സംരക്ഷണ സമിതി

Posted on: July 3, 2015 9:16 am | Last updated: July 3, 2015 at 9:16 am
SHARE

കല്‍പ്പറ്റ:വയനാട്ടില്‍ ബഹുനില കെട്ടിടനിര്‍മാണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ നിവാരണ അതോറിറ്റി ചെയര്‍മാനുമായ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനെതിരായ രാഷ്ട്രീയ പാര്‍ട്ടികളുടെ വിമര്‍ശനം ജനങ്ങളോടുള്ള വെല്ലിവിളിയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. തീരുമാനമെടുക്കുംമുന്‍പ് അതോറിറ്റി ചെയര്‍മാന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയില്ലെന്നാണ് വിമര്‍ശനം. ഇതില്‍ സത്യസന്ധത അശേഷമില്ല.
ജില്ലയുടെ പാരിസ്ഥിതിക സവിശേഷതകള്‍ കണക്കിലെടുക്കാതെ കാലങ്ങളായി തുടരുന്ന അശാസ്ത്രീയവും അനധികൃതവുമായ കെട്ടിട നിര്‍മാണങ്ങളെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തുള്ളവരും ഒരു കാലത്തും എതിര്‍ക്കുകയോ തടയുകയോ ചെയ്തിട്ടില്ല.
കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ലംഘനത്തിനു എല്ലാ ഒത്താശയും ചെയ്തുകൊടുത്തവരാണ് അവര്‍. വയനാടിന്റെ നിലനില്‍പ്പ് മുന്‍നിര്‍ത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൈക്കൊണ്ട തീരുമാനത്തെ ഏകപക്ഷീയമെന്ന് അധിക്ഷേപിക്കുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്.
കടുത്ത പാരിസ്ഥിതികത്തകര്‍ച്ച നേരിടുന്ന വയനാട്ടില്‍ ഇതിനകം നിരവധി പ്രകൃതിദുരന്തങ്ങളാണ് ഉണ്ടായത്. മേപ്പാടിക്കടുത്ത് മൂണ്ടക്കൈയിലും റിപ്പണിലും ബാണാസുര മലനിരകളിലെ കാപ്പിക്കളത്തും മറ്റും ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ വരാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളാണ്. ജില്ലയില്‍ സംഭവിക്കാനിടയുള്ള പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ഭൗമശാസ്ത്ര പഠനകേന്ദ്രം പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മനുഷ്യരുടെ അശാസ്ത്രീയ ഇടപെടലുകള്‍ മൂലം സമീപകാലത്ത് നീലഗിരി, ഉത്തരാഖണ്ഡ്, പൂനെ, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ടില്ല. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് അധികാരികള്‍ സ്വീകരിക്കേണ്ട കരുതല്‍ നടപടികള്‍ സംബന്ധിച്ച് സുപ്രീംകോടതിയും ഹൈക്കോടതികളുമാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. എന്നിരിക്കെ വയനാടിന്റെ സുസ്ഥിര നില്‍നില്‍പ്പിന് ധീരവും ഉചിതവുമായ തീരുമാനമെടുത്ത ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനു പൂര്‍ണ പിന്തുണ നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണം.
കെട്ടിട നിര്‍മാണങ്ങള്‍ സംബന്ധിച്ച പരാതികളില്‍ പരിശാധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള കോര്‍ കമ്മിറ്റിയില്‍ തങ്ങളെ ഉള്‍പ്പെടുത്താത്തത് ഉദ്യഗസ്ഥതലത്തില്‍ വന്‍ അഴിമതിക്ക് വഴിയൊരുക്കുമെന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ഭയം പരിഹാസ്യമാണ്. ഉദ്യോഗസ്ഥതലത്തിലെ പിഴവുകളും അഴിമതികളും ചൂണ്ടിക്കാട്ടുകയും തിരുത്തിക്കുകയുമാണ് ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉത്തരവാദിത്തം-യോഗം അഭിപ്രായപ്പെട്ടു. അതോറിറ്റി ചെയര്‍മാനെതിരായ നീക്കങ്ങളെ ജനങ്ങളുടെ സഹകരണത്തോടെ ചെറുക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് എന്‍.ബാദുഷ അധ്യക്ഷനായിരുന്നു. സെക്രട്ടറി തോമസ് അമ്പലവയല്‍, എം.ഗംഗാധരന്‍ മാസ്റ്റര്‍, ബാബു മൈലമ്പാടി, സണ്ണി പുല്‍പള്ളി എന്നിവര്‍ പ്രസംഗിച്ചു.