അലക്‌സാണ്ടര്‍ ജേക്കബ് പകര്‍ന്നു നല്‍കിയ റമസാന്‍ വ്രത ശുദ്ധിയില്‍ പ്രൊഫ. അമ്പിളി ദിനേശ്

Posted on: July 3, 2015 9:03 am | Last updated: July 3, 2015 at 9:03 am

10തിരൂര്‍: മാനത്ത് റമസാന്‍ അമ്പിളി തെളിഞ്ഞാല്‍ പ്രൊഫസര്‍ അമ്പിളിക്കും ആവേശത്തിന്റെ വ്രതനാളുകളാണ്. അഞ്ച് വര്‍ഷം മുമ്പായിരുന്നു അമ്പിളി ദിനേശ് റമസാന്‍ മാസത്തെ അടുത്തറിയാന്‍ ഇടയായത്.
നോമ്പിന്റെ പ്രാധാന്യവും പ്രത്യേകതകളും മനസിലാക്കിയ അന്നുമുതല്‍ എല്ലാ വര്‍ഷവും ഈ കോളജ് അധ്യാപിക നോമ്പെടുക്കാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ രണ്ടോ മൂന്നോ നോമ്പുകളായിരുന്നു എടുത്തിരുന്നത്.
എന്നാല്‍ ഇത്തവണ ഇതുവരെയുള്ള നോമ്പ് പൂര്‍ണമായും അനുഷ്ഠിക്കാന്‍ സാധിച്ച നിര്‍വൃതിയിലാണ് തുഞ്ചന്‍ കോളജിലെ മലയാള വിഭാഗം അധ്യാപിക അമ്പിളി. തിരുവനന്തപുരം പൂജപ്പുര ജയില്‍ ആസ്ഥാനത്ത് ക്ലറിക്കല്‍ ജീവനക്കാരിയായി ജോലിയില്‍ തുടരുന്നതിനിടെയാണ് ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസില്‍ നിന്നും നോമ്പിനെ കുറിച്ച് കേള്‍ക്കാന്‍ ഇടയായത്.
ഡി ജി പിയും ഭാര്യ എലിസബത്തും വര്‍ഷങ്ങളായി നോമ്പെടുക്കാറുണ്ടെന്നും നോമ്പെടുക്കുന്നതിലൂടെ മനസും ശരീരവും ശുദ്ധീകരിക്കപ്പെടുന്നു എന്നുള്ളതായിരുന്നു അന്ന് ജീവനക്കാരുമായി അലക്‌സാണ്ടര്‍ ജേക്കബ് പങ്കുവെച്ചിരുന്ന സന്ദേശം. എന്നാല്‍ മേല്‍ ഉദ്യോഗസ്ഥന്റെ ഈ കൂടിക്കാഴ്ച അമ്പളിയിലും നോമ്പിനോടുള്ള മോഹം വര്‍ധിപ്പിച്ചു. ആദ്യത്തെ രണ്ട് നോമ്പുകള്‍ പൂര്‍ത്തിയാക്കാന്‍ നന്നേ പ്രയാസപ്പട്ടിരുന്നെങ്കിലും വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഡി ജി പി പകര്‍ന്നു നല്‍കിയ നോമ്പിന്റെ ചൈതന്യം ഇന്നും കൈവിടാതെ പിന്തുടരുന്നു. 2014 ജൂണ്‍ മാസത്തിലാണ് തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവ. കോളജില്‍ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിലെത്തിയത്. തിരുവനന്തപുരം സ്വദേശിനിയായ അമ്പിളി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ഭര്‍തൃ വീട്ടില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയാണ്. 2002 മുതല്‍ ജയില്‍ ആസ്ഥാനത്ത് ക്ലറിക്കല്‍ ജീവനക്കാരിയായി ജോലി ചെയ്തു. തുടര്‍ന്ന് 2014 ല്‍ കോളജ് അധ്യാപികയായി പി എസ് സി നിയമനം ലഭിക്കുകയായിരുന്നു. റമസാന്‍ നല്‍കുന്ന വ്രത ശുദ്ധിയും ആത്മ സംസ്‌കരണവുമാണ് ഓരോ വര്‍ഷവും നോമ്പെടുക്കാന്‍ അമ്പിളിയെ പ്രേരിപ്പിക്കുന്നത്.
പൊന്നാനി സബ്ജയില്‍ സൂപ്രണ്ടായി ജോലി ചെയ്യുന്ന ഭര്‍ത്താവ് ദിനേശും വീട്ടുകാരും അമ്പിളിയുടെ വ്രതാനുഷ്ഠാനത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു.
ഏഴ് വയസുകാരിയായ മകള്‍ മാളവികയും ഇത്തവണ ഒരു നോമ്പെടുത്തിട്ടുണ്ട്. സുബ്ഹിയും മഗ്‌രിബും അമ്പിളിയോടൊപ്പം വീട്ടുകാരും സദാസജ്ജരായിരിക്കും. ചമ്രവട്ടം ജംഗ്ഷനിലെ നിസ്‌കാര പള്ളിയില്‍ നിന്നും കേള്‍ക്കുന്ന ബാങ്കുകളോടെയാണ് നോമ്പിന്റെ തുടക്കവും അവസാനവും. നോമ്പുതുറക്കാന്‍ സുഹൃത്തുക്കളും അയല്‍വാസികളും ഭക്ഷണ പൊതികള്‍ വീട്ടിലേക്ക് എത്തിക്കും. ലളിതമായ ഭക്ഷണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഈ കാലയളവില്‍ ടീച്ചര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കോളജില്‍ സഹ പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും പൂര്‍ണ പിന്തുണയായിരുന്നു ഇത്തവണ റമസാന്‍ മുഴുവനായും നോമ്പെടുക്കാനുള്ള തീരുമാനത്തിന് ശക്തി പകര്‍ന്നത്. നോമ്പുകാര്‍ പാലിക്കേണ്ട ചിട്ടകളും നിയമങ്ങളും സഹ പ്രവര്‍ത്തകരോട് ചോദിച്ചു മനസിലാക്കിയാണ് ഓരോ ദിവസത്തെ നോമ്പും അതിന്റെ പൂര്‍ണതയിലേക്കെത്തിക്കുന്നത്.
നോമ്പ് ജീവിതത്തില്‍ ഒരുപാട് മാറ്റമുണ്ടാക്കിയെന്നും വിഷക്കുന്നവരെ സഹായിക്കാനുള്ള പ്രചോദനം ഇതിലൂടെ കൈവന്നതായും ടീച്ചര്‍ പങ്കുവെക്കുന്നു.