മുഹമ്മദ് ഇബാനെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ച് മുഹമ്മദ് സിനാന്‍

Posted on: July 3, 2015 9:01 am | Last updated: July 3, 2015 at 9:01 am
SHARE

തിരൂരങ്ങാടി: മുഹമ്മദ് ഇബാനെന്ന അഞ്ചു വയസ്സുകാരനെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ച് മുഹമ്മദ് സിനാന്‍.
വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന മുഹമ്മദ് ഇബാനിനാണ് എട്ടുവയസുകാരന്റെ ആത്മ ധൈര്യം രക്ഷയായത്. തിരൂരങ്ങാടി താഴേചിന ചോലക്കപ്പറമ്പില്‍ മന്‍സൂറിന്റെ മകന്‍ മുഹമ്മദ് ഇബാന്‍ എന്ന അഞ്ചുവയസുകാരനെയാണ് കൂളത്ത് ഇസ്മാഈലിന്റെയും ഹബീബയുടേയും മകന്‍ മുഹമ്മദ് സിനാന്‍ എന്ന എട്ടു വയസുകാരനായ ബാലന്‍ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം വീടിന് അടുത്തുള്ള വയലിന് സമീപം കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് മുഹമ്മദ് ഇബാന്‍ വയലിലെ കുഴിയില്‍ വീണത്. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന മുഹമ്മദ് ഇബാനിനെ ഒട്ടും ആലോചിക്കാതെ കുഴിയില്‍ ചാടി മുഹമ്മദ് സിനാന്‍ പൊക്കിയെടുത്ത് കരയിലേക്ക് എത്തിക്കുകയായിരുന്നു. തിരൂരങ്ങാടി റശീദ് നഗറിലെ നൂറുല്‍ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് സിനാന് നീന്തല്‍ അറിയാം. അതുകൊണ്ടാണ് കുട്ടിയെ രക്ഷിക്കാനായത്.
താഴേചിന ജി എം എല്‍ പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഇബാന്‍. അഞ്ചു വയസുകാരന്റെ ജീവന്‍ രക്ഷിച്ച മുഹമ്മദ് സിനാനിന്റെ ആത്മധൈര്യത്തെ നാട്ടുകാരും രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും അഭിനന്ദിച്ചു.