Connect with us

Ongoing News

ബാലചന്ദ്രന്‍ കേരള ക്രിക്കറ്റ് ടീം പരിശീലകന്‍

Published

|

Last Updated

തിരുവനന്തപുരം: പി ബാലചന്ദ്രനെ വീണ്ടും കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിയമിച്ചു. ഇത് നാലാം തവണയാണ് മുന്‍ രഞ്ജി താരം കൂടിയായ ബാലചന്ദ്രന്‍ കേരള ടീമിനെ പരിശീലിപ്പിക്കുന്നത്. 2003-04 കാലഘട്ടത്തിലാണ് ഇതിന് മുമ്പ് ടീമിനെ പരിശീലിപ്പിച്ചത്. ഈ മാസം 22ന് മൈസൂരുവില്‍ നടക്കുന്ന കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ടൂര്‍ണമെന്റിലായിരിക്കും ബാലചന്ദ്രന്റെ ശിക്ഷണത്തില്‍ കേരള ടീം ആദ്യം കളിക്കുക. സായ്‌രാജ് ബഹുതുലെയായിരുന്നു ഇതുവരെ കേരളത്തിന്റെ പരിശീലകന്‍. പത്ത് വര്‍ഷത്തിനുശേഷമാണ് കേരള രഞ്ജി ടീമിനെ ഒരു മലയാളി പരിശീലിപ്പിക്കുന്നത്.
സി കെ നായിഡു ട്രോഫിയില്‍ കേരളത്തെ നയിച്ച ബാലചന്ദ്രന്‍ രഞ്ജിയിലും ദിലീപ് ട്രോഫിയിലും മികവ് തെളിയിച്ചിട്ടുണ്ട്. 1986 മുതല്‍ പരിശീലന രംഗത്തുണ്ട്. ഇന്ത്യ എ ടീം, കേരള ജൂനിയര്‍ ടീം എന്നിവയുടെ പരിശീലനച്ചുമതല വഹിച്ച് നിരവധി യുവതാരങ്ങളെ വളര്‍ത്തിയെടുത്തിട്ടുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമി, ദിലീപ് ട്രോഫി, രഞ്ജി ട്രോഫി എന്നിവയുടെ സെലക്ടറായിട്ടുണ്ട്.
ടീമിന്റെ ചുമതല ഏറ്റെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് പി ബാലചന്ദ്രന്‍ പറഞ്ഞു. വര്‍ഷങ്ങളായി പരിശീലനരംഗത്തുള്ളത് കൊണ്ട് ഇപ്പോഴത്തെ കളിക്കാരുമായി അടുത്ത് പരിചയമുണ്ട്. പരിശീലനത്തില്‍ ഇത് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.