സര്‍ക്കാറിനെതിരെ കലാപത്തിന് ബ്രദര്‍ഹുഡ് ആഹ്വാനം

Posted on: July 3, 2015 5:15 am | Last updated: July 3, 2015 at 12:15 am
SHARE

കൈറോ: ഈജിപ്തില്‍ നിരോധിക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ പ്രത്യാക്രമണം ശക്തമാക്കി. ആക്രമണത്തിനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാള്‍ ഉള്‍പ്പെടെ 13 ബ്രദര്‍ഹുഡ് അംഗങ്ങള്‍ ഇന്നലെ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു. മുന്‍ പാര്‍ലിമെന്റ് അംഗം നാസര്‍ അല്‍ഹാഫിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ ആക്രമണം അഴിച്ചുവിടാനും ശക്തമായ തിരിച്ചടി നല്‍കാനും ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തു.
ആക്രമണത്തിന് ഗൂഢാലോചന നടത്തുകയായിരുന്നവരെയാണ് വധിച്ചതെന്നും കൊല്ലപ്പെട്ടവരില്‍ ചിലര്‍ നേരത്തെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരായിരുന്നുവെന്നും ഈജിപ്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങള്‍, 43,000 ഈജിപ്ഷ്യന്‍ പൗണ്ടുകള്‍, രേഖകള്‍, മെമ്മറി കാര്‍ഡ് എന്നിവ കണ്ടെടുത്തതായി ഒരു പ്രസ്താവനയില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി. സൈന്യത്തിനെതിരെയും കോടതിക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും ആക്രമണം നടത്താനുള്ള ഗൂഢാലോചനയിലായിരുന്നു കൊല്ലപ്പെട്ടവരെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയെ ബ്രദര്‍ഹുഡ് തള്ളിക്കളഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ നിരായുധരായിരുന്നുവെന്നും വീടിനകത്ത് പൂട്ടിയിട്ട് കുറ്റം ചുമത്താതെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബ്രദര്‍ഹുഡിന്റെ അവകാശവാദം. ഈ സംഭവം തിരിച്ചടിക്കാനുള്ള സമയമായെന്ന് അറിയിക്കുന്നതായും ഇതിന്റെ ഉത്തരവാദിത്വം അബ്ദുല്‍ഫത്താഹ് അല്‍സീസിക്കാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞദിവസം വടക്കന്‍ സിനായിലെ സൈന്യത്തിന്റെ ചെക്‌പോയിന്റുകള്‍ക്ക് നേരെ നടന്ന ഭീകരവാദി ആക്രമണത്തില്‍ 60ലധികം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം നടന്ന ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തുനിന്നുമായി നൂറിലധികം പേര്‍ വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന് രണ്ട് ദിവസം മുമ്പാണ് ഈജിപ്ത് പ്രോസിക്യൂട്ടര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബ്രദര്‍ഹുഡിന്റെ നോട്ടപ്പുള്ളിയായിരുന്ന ഇദ്ദേഹം, ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്ന ആളാണ്. കൊലപാതകത്തിന് പിന്നില്‍ ബ്രദര്‍ഹുഡാണെന്നാണ് നിഗമനം. ഇതിനെ തുടര്‍ന്ന് തീവ്രവാദികള്‍ക്കെതിരെ എന്തുവില കൊടുത്തും ശക്തമായി തിരിച്ചടിക്കുമെന്ന് അല്‍സീസി മുന്നറിയിപ്പും നല്‍കിയിരുന്നു.
അല്‍സീസി അധികാരത്തിലേറിയെ ശേഷം, ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ നിരവധി വിദ്യാര്‍ഥികളെ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് അധികൃതര്‍ പുറത്താക്കുകയും ചെയ്തിരുന്നു.