നന്മയോട് പ്രതിബദ്ധതയുള്ളവരാകാം

  Posted on: July 3, 2015 5:54 am | Last updated: July 2, 2015 at 11:55 pm
  SHARE

  ramadan emblom- newവിളക്ക് പോലെ പ്രകാശം ചൊരിയുന്ന നിഷ്‌കളങ്ക ഹൃദയമാണ് വിശ്വാസിയുടെത്. സ്വയം സല്‍ഗുണ സമ്പന്നമാകുന്നതോടൊപ്പം കൂരിരുട്ടിലെ ദീപം പോലെ ചുറ്റുപാടുകളെ പ്രകാശമാക്കിക്കൊണ്ടിരിക്കും. നന്മകള്‍ ഉയിരെടുക്കുന്നതും തിന്മകള്‍ വെള്ളവും വളവും സ്വീകരിച്ച് ശക്തിയാര്‍ജിക്കുന്നതും നന്മതിന്മകളുടെ ആവാസകേന്ദ്രമായ ഹൃദയത്തിലാണ്. മനുഷ്യന്റെ സര്‍വവിധ വികാര വിചാരങ്ങളുടെയും താത്പര്യങ്ങളുടെയും പ്രഭവ കേന്ദ്രമാണ് ഹൃദയം.
  വ്യക്തിയുടെ വളര്‍ച്ചയും വികാസവും ഹൃദയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഹൃദയം സംസ്‌കരിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ നന്നാവുകയും മലിനമാകുമ്പോള്‍ മോശമാവുകയും ചെയ്യുന്നു.
  നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന നിഗൂഢമായൊരു വ്യക്തിവിശേഷം എല്ലാ മനുഷ്യരിലുമുണ്ട്. ജന്മസിദ്ധമായി തന്നെ ഓരോ വ്യക്തിയിലും നന്മയോടുള്ള ആഭിമുഖ്യവും തിന്മയോടുള്ള വിരക്തിയും സ്ഥിതിചെയ്യുന്നുണ്ട്. സത്കര്‍മങ്ങളില്‍ ആനന്ദിക്കുകയും തെറ്റുകുറ്റങ്ങളില്‍ വേദനിക്കുകയും ചെയ്യുന്ന നൈസര്‍ഗിയായ ഒരു ബോധം. ഉത്തര ദിക്കിലേക്ക് മാത്രം ചൂണ്ടുന്ന കാന്ത സൂചിപോലെ വെളിച്ചത്തിലേക്കും നന്മയിലേക്കും മാത്രം വഴി നടത്തുന്ന അദൃശ്യമായ ഈ പ്രതിഭാസത്തെയാണ് ധര്‍മശാസ്ത്രജ്ഞന്മാര്‍ ‘മനസ്സാക്ഷി’ എന്നു വിളിക്കുന്നത്.
  ശരീരത്തില്‍ ശ്വേത രക്താണുക്കളെപ്പോലെയാണ് ഹൃദയത്തില്‍ ‘മനസ്സാക്ഷി’ അത് സദാപ്രവര്‍ത്തന ക്ഷമതയോടെ നിലകൊള്ളും. പാപങ്ങളുടെ പേരില്‍ മനസ്സിനെ അത് നിരന്തരം ലക്ഷ്യമിട്ടുകൊണ്ടിരിക്കും. അധര്‍മം ചെയ്യാനുള്ള മാനസിക പ്രേരണകളെ മുളയിലേ നുള്ളിക്കളയാന്‍ ശ്രമിക്കും. രോഗകാരികളായ ബീജങ്ങള്‍ക്കെതിരില്‍ ഹൃദയത്തിന് മുന്നറിയിപ്പുനല്‍കിക്കൊണ്ടിരിക്കും. സദാചാര ബോധത്തിന്റെയും ധര്‍മനിഷ്ഠയുടെയും നെടുംതൂണായ മനസ്സാക്ഷിയെക്കുറിച്ച് പ്രവാചക വചനം ഇങ്ങിനെയാണ്. ”ഓരോ മനുഷ്യ ഹൃദയത്തിനകത്തും ഒരു ഉദ്‌ബോധകന്‍ ഒളിഞ്ഞിരിപ്പുണ്ട്. അത് ആവശ്യാനുസാരം ഉത്തേജിതമാകും തീര്‍ച്ച. പുണ്യം മനസ്സിനെ സന്തോഷിപ്പിക്കുകയും കുറ്റങ്ങള്‍ ഹൃദയത്തെ മുറിപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നു.
  സല്‍സ്വഭാവമാണ് പുണ്യം. ഹൃദയത്തില്‍ അസ്വസ്ഥതയുണ്ടാക്കുകയും ജനങ്ങള്‍ അറിയുന്നത് ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നതാണ് പാപം എന്ന് പ്രവാചകന്‍ (സ) പറഞ്ഞത് എന്തുമാത്രം ശ്രദ്ധേയം!
  മൗലികമായ ഒരു യാഥാര്‍ഥ്യമിതാണ്. മതം അനുശാസിച്ചിട്ടുള്ളവ മുഴുവനും മനുഷ്യമനസ്സിന്റെ അന്തര്‍ദാഹം തീര്‍ക്കാനുള്ളതും അതിനെ തൃപ്തിപ്പെടുത്തുന്നതുമാണ്. മതം വിലക്കിയിട്ടുള്ളവ മനുഷ്യ പ്രകൃതി സ്വയം നിരോധിക്കുന്നതുമാണ്. മതവും മനസ്സാക്ഷിയും രണ്ടല്ല ഒന്ന് മറ്റൊന്നിന്റെ പൂരകമാണ്.
  സദ് പ്രവൃത്തികളില്‍ നിരന്തരം മുഴുകി ഉള്ളിലെ പ്രകാശത്തെ കൂടുതല്‍ പ്രഭാപൂരിതമാക്കാന്‍ വിശുദ്ധ റമസാനിനെ വിശ്വാസികള്‍ ശരിക്കും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക.