മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ഗതാഗത തടസം ഒഴിവാക്കും

Posted on: July 3, 2015 5:17 am | Last updated: July 2, 2015 at 9:17 pm
SHARE

കാസര്‍കോട്: മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ ഉണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉത്തരവിട്ടു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ചെക്ക്‌പോസ്റ്റിനടുത്തുള്ള റോഡ് വീതി കൂട്ടി വാഹനങ്ങള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കും. കൂടാതെ യാര്‍ഡുകള്‍ സ്ഥാപിച്ച് പാര്‍ക്കിങ്ങിന് ആവശ്യമായ സ്ഥലം ലെവല്‍ ചെയ്യും. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിന്റെ വികസനത്തിനായി വാണിജ്യ നികുതി വകുപ്പ് പത്തേക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. ഭാവിയില്‍ ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് ആയി മഞ്ചേശ്വരത്തെ മാറ്റാന്‍ ഈ ഭൂമി ഉപയോഗിക്കും.
അടിയന്തിര പ്രാധാന്യത്തോടെ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലെ ഗതാഗത തടസ്സം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വി വി സുരേന്ദ്രന്‍, വില്‍പന നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ സി ബാലകൃഷ്ണന്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ പി.ആര്‍ അഹമ്മദ് കബീര്‍, കുമ്പള ഐ പി. പി ആര്‍ സുരേഷ് ബാബു, മഞ്ചേശ്വരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബെന്നിപോള്‍, എക്‌സൈസ് സി ഐ വേലായുധന്‍ കുന്നത്ത്്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ടി സുരേഷ്ചന്ദ്രബോസ്, നാഷണല്‍ ഹൈവേ അഡീഷണല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാഘവേന്ദ്ര മജകാര്‍ എന്നിവര്‍ പങ്കെടുത്തു.