Connect with us

National

മദ്റസകളെ സ്കൂളുകളായി പരിഗണിക്കാനാകില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

Published

|

Last Updated

മുംബൈ: ഭൗതിക വിഷയങ്ങള്‍ പഠിപ്പിക്കാത്ത മദ്‌റസകളെ സ്‌കൂളുകളായി പരിഗണിക്കാനാകില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മതവിഷയങ്ങള്‍ മാത്രം പഠിപ്പിക്കുന്ന മദ്‌റസകളില്‍ പഠിക്കുന്ന കുട്ടികളെ സ്‌കൂള്‍ വിദ്യാര്‍ഥികളായി കാണാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കാത്ത സ്ഥാപനങ്ങളെ സ്‌കൂളുകളായി കണക്കാക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത്തരം മദ്റസകളില്‍ പ‌ഠിക്കുന്ന കുട്ടികളെ സ്കൂളിലേക്ക് മാറ്റുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മദ്‌റസകള്‍ വിദ്യാര്‍ഥികള്‍ക്ക് മതപഠനം മാത്രമാണ് നല്‍കുന്നതെന്നും ഭരണഘടന അനുശാസിക്കുന്ന ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നില്ലെന്നും മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യ മന്ത്രി എക്‌നത്ത് ഖഡ്‌സെ പറഞ്ഞു. ഒരു ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ മദ്‌റസയില്‍ പഠിക്കാന്‍ ആഗ്രഹമുണ്ടായാല്‍ അതിന് അനുമതി നല്‍കില്ല. അതുകൊണ്ട് തന്നെ മദ്‌റസകളെ മതപഠന കേന്ദ്ര മായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ അവയ്ക്ക് സ്‌കൂളുകളുടെ ആനുകൂല്യങ്ങള്‍ നല്‍കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഔപചാരിക വിദ്യാഭ്യാസം നല്‍കാത്ത മദ്‌റസകളെക്കുറിച്ച് ജൂലൈ നാലിന് സര്‍വേ നടത്താന്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ അംഗീകാരമുള്ള 1890 മദ്‌റസകളില്‍ 550 മദ്‌റസകള്‍ മാത്രമേ ഔപചാരിക വിദ്യാഭ്യാസം നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2013ലെ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്തെ മദ്‌റസകളില്‍ 1.48 ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.

Latest