Connect with us

Wayanad

വെള്ളടാങ്കില്‍ വിഷാംശം കലര്‍ന്നതായി പരാതി

Published

|

Last Updated

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള വെള്ളടാങ്കില്‍ വിഷാംശം കലര്‍ന്നതായി സംശയം. അങ്ങാടിപ്പുറം ചെരക്കാപ്പറമ്പിലെ വലിയപടി വീട്ടിലെ എടത്തൊടി സുധീഷിന്റെ വീടിന്റെ ടെറസിന്റെ മുകളിലായിട്ടാണ് ടാങ്ക് സ്ഥാപിച്ചിട്ടുള്ളത്. സുധീഷിന്റെ വീട്ടിലേക്കുള്ള ടാങ്ക് കണക്ഷനും ഇവിടെ നിന്നാണ്. 16 കുടുംബങ്ങള്‍ നിത്യവും ഈ വെള്ളമാണ് ഉപയോഗിച്ചുവരുന്നത്.
കുഴല്‍കിണറില്‍ നിന്നും പമ്പിംഗ് ചെയ്തു ടാങ്കിലേക്ക് ശേഖരിക്കുന്ന പരിപാടി തുടങ്ങിയിട്ട് വര്‍ഷങ്ങളോളമായി. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് വെള്ളത്തിന് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഒരു തരം കാര്‍ബൈഡിന്റെ ഗന്ധമാണത്രെ അനുഭവപ്പെടുന്നത്. വായയില്‍ വെച്ചപ്പോള്‍ അസ്വസ്ഥതയും അനുഭവപ്പെട്ടതായും പറയുന്നു. അതേ സമയം വെളളം ഉപയോഗിച്ചവര്‍ക്ക് തളര്‍ച്ചയോ ബോധക്ഷയമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പെരിന്തല്‍മണ്ണ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ് ഐയും സംഘവും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. അങ്ങാടിപ്പുറം ആരോഗ്യവിഭാഗം സ്ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട്ടേക്ക് രാസ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം വന്നെങ്കില്‍ മാത്രമേ വിഷാംശം കലര്‍ത്തിയിട്ടുണ്ടോയെന്ന് തീരുമാനിക്കാനാവൂവെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്.

Latest