യനാടിന്റെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് സ്വാഗതാര്‍ഹം: വിജയന്‍ ചെറുകര

Posted on: July 2, 2015 11:14 am | Last updated: July 2, 2015 at 11:14 am


കല്‍പ്പറ്റ: വയനാടിന്റെ പാരിസ്ഥിതികാവസ്ഥക്ക് പ്രാധാന്യം നല്‍കുന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര അഭിപ്രായപ്പെട്ടു. ഈ ജില്ലയുടെ പാരിസ്ഥിതിക പ്രത്യേകതകളുമായി പൊരുത്തപ്പെടുന്ന കൃഷി പോലും നശിക്കാന്‍ ഇടയാക്കിയത് പരിസ്ഥിതിയെ മുഖവിലയ്‌ക്കെടുക്കാതുള്ള വികലമായ വികസന നയം തന്നെയാണ്. ഇതിനനുസരിച്ച് പരിസ്ഥിതി ദുരന്തങ്ങളും കൂടി വരികയാണ്. എന്നാല്‍ അതിപ്രധാനമായ ഈ വിഷയത്തില്‍ തീരുമാനം എടുക്കും മുന്‍പെ പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി ആരായേണ്ടതായിരുന്നു. ജനാധിപത്യ പ്രക്രിയയില്‍ ഇത്തരമൊരു കൂട്ടായ്മയും സമ്മതവും അനിവാര്യവുമാണ്. എന്നാല്‍ അതുണ്ടായില്ല. ഉത്തരവില്‍ പറയും പ്രകാരം വ്യവസ്ഥകള്‍ മറികടന്നുള്ള കെട്ടിട നിര്‍മാണത്തിന് അംഗീകാരം കൊടുക്കാനുള്ള അധിരാരം ഉദ്യോഗസ്ഥര്‍ മാത്രം അടങ്ങുന്ന കോര്‍കമ്മിറ്റിക്കാണ്. ഇത് ദുരുപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഉത്തരവില്‍ വ്യക്തമല്ല. നിര്‍മാണം നിയന്ത്രിക്കുന്നതിന് നിലവില്‍ തന്നെ നിയമങ്ങള്‍ പലതുണ്ടായിട്ടും അത് അതിലംഘിക്കപ്പെട്ടതിന് പിന്നില്‍ അഴിമതിയുടെ കഥകളും ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ പുതിയ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടാനുള്ള പഴുതുകള്‍ പൂര്‍ണമായും അടയ്‌ക്കേണ്ടതുണ്ടെന്നും വിജയന്‍ ചെറുകര പ്രസ്താവനയില്‍ അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സംരക്ഷിക്കുന്ന തേക്ക് അടക്കമുള്ള ഏക വിള തോട്ടങ്ങള്‍ വയനാടിന്റെ പരിസ്ഥിതി നാശത്തില്‍ വഹിക്കുന്ന പങ്ക് പരിഗണിച്ച് ഇക്കാര്യത്തിലും സര്‍ക്കാറില്‍ പുതിയ ശിപാര്‍ശ നല്‍കാന്‍ കലക്ടര്‍ ചെയര്‍മാനായ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാവണമെന്ന് വിജയന്‍ ചെറുകര അഭിപ്രായപ്പെട്ടു.