Connect with us

Wayanad

ബഹുനില കെട്ടിട നിര്‍മാണത്തിലെ നിയന്ത്രണ ഉത്തരവ് ഫഌറ്റ് നിര്‍മാതാക്കളുടെ വിലപേശലിന് വഴിയൊരുക്കും

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ ഏറ്റവും പരിസ്ഥിതി ലോല മേഖലയായ ലക്കിടി ഉള്‍പ്പെടുന്ന കുന്നത്തിടവക വില്ലേജില്‍ എട്ട് മീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടങ്ങള്‍ ഇനി നിര്‍മിക്കാന്‍ പാടില്ലെന്ന ഉത്തരവ് ഫഌറ്റ് നിര്‍മാതാക്കളുടെ വിലപേശലിനും വലിയ സമ്മര്‍ദ്ദത്തിനും വഴിയൊരുക്കും. ഇത് കോടതിലും ചോദ്യം ചെയ്യപ്പെട്ടേക്കാം. വയനാട് ജില്ലയില്‍ ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റുമായ കലക്ടറാണ് ഉത്തരവ് ഇറക്കിയത്. ഫഌറ്റുകളും വില്ലകളും സ്ഥാപിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് ലോബിക്ക് ഉത്തരവ് വലിയ തിരിച്ചടിയാവുമാകും.
വയനാടിന്റെ കാലാവസ്ഥ പ്രത്യേകതകള്‍ മുതലെടുത്ത് പരമാവധി ലാഭം ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് ഈ ജില്ലയ്ക്ക് പുറത്തുള്ള വന്‍ ലോബി വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയതോടെയാണ് പണ്ട് കാര്യമായ ഡിമാന്‍ഡൊന്നും ഇല്ലാതിരുന്ന വൈത്തിരിയില്‍ ഭൂമി വില കുതിച്ചുയരാന്‍ കാരണം. ഡസന്‍ കണക്കില്‍ മുതലാളിമാര്‍ വലിയ ഫഌറ്റ് സമുച്ചയത്തിനായി കുന്നത്തിടവക വില്ലേജില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. ഇവരില്‍ പലരും ഭരണതലത്തില്‍ വലിയ സ്വാധീനമുള്ളവരുമാണ്. ലക്കിടിയിലെ അതിലോലമായ ഭാഗത്ത് തന്നെ ഇതിനകം ഫഌറ്റുകള്‍ ഉയര്‍ന്നിട്ടുമുണ്ട്. ഉത്തരവ് മറികടക്കാന്‍ റിയല്‍എസ്റ്റേറ്റ് ലോബി വലിയ സമ്മര്‍ദ്ദം ചെലുത്തുമെന്നതിന് മുഖ്യമന്ത്രിയുടെ പ്രതികരണം തന്നെ തെളിവാണ്.
പൊതുആവശ്യങ്ങള്‍ക്കായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ കാര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യവസ്ഥകള്‍ മറികടക്കുന്ന കാര്യം പരിഗണിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതീവ ലോല പ്രദേശമായ പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ആസ്ഥാനത്തെ നിര്‍മാണ പ്രവൃത്തികള്‍ക്കും വിഘാതമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇടപെട്ട് നിര്‍ത്തിവെച്ച സര്‍വകലാശാലയിലെ നിര്‍മാണ പ്രവൃത്തികള്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങാന്‍ പുതിയ ഉത്തരവ് നിമിത്തമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍വകലാശാലയില്‍ തയ്യാറാക്കിയിട്ടുള്ള കെട്ടിങ്ങളുടെ പ്ലാന്‍ പുതിയ ഉത്തരവില്‍ നിര്‍ദേശിക്കുന്ന എട്ട് മീറ്റര്‍ ഉയരത്തിലും ഇരുനിലയിലും ഒരുങ്ങുന്നതല്ല. അഥവാ പുതിയ ഉത്തരവ് മറികടന്ന് ഇവിടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി കൊടുത്താല്‍ തന്നെ ഇതും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേയ്ക്കാം. ഉടന്‍ പ്രാബല്യത്തോടെയാണ് 2015 ജൂണ്‍ 30ന്റെ തീയതി വെച്ചുള്ള ഉത്തരവ്. വയനാട് ജില്ലയുടെ പാരിസ്ഥിതിക ദുര്‍ബലാവസ്ഥ പരിഗണിച്ചും അടുത്തിടെ ഉത്തരാഖണ്ഡ്, പൂനെ, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ വന്‍ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലും പാരിസ്ഥിതിക സംരക്ഷണത്തിനായി അധികാരികള്‍ മുന്‍കൂട്ടി കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച സുപ്രീംകോടതി-ഹൈക്കോടതി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ഈ വര്‍ഷം മെയ് 27നും ജൂണ്‍ 17നും കൂടിയ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗങ്ങളിലുയര്‍ന്ന നിര്‍ദ്ദേശ പ്രകാരം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് 2005ലെ സെക്ഷന്‍ 30(2)(111), 30(2)(അഞ്ച്) വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവിറക്കിയിള്ളത്. ഉത്തരവ് പ്രകാരം വൈത്തിരി ഗ്രാമപഞ്ചായത്തിലെ കുന്നത്തിടവക വില്ലേജ് പൂര്‍ണമായും ഉള്‍ക്കൊളളുന്ന ലക്കിടി പ്രദേശത്ത് പരമാവധി രണ്ട് നില കെട്ടിടങ്ങളെ നിര്‍മിക്കാന്‍ പാടുള്ളു. ഉയരം എട്ട് മീറ്ററില്‍ കവിയാന്‍ പാടില്ല. കല്‍പറ്റ നഗരസഭാ പ്രദേശത്ത് പരമാവധി 15 മീറ്റര്‍ ഉയരത്തില്‍ അഞ്ച് നില കെട്ടിടങ്ങള്‍ വരെ പണിയാം. ഈ രണ്ടിലും ഉള്‍പ്പെടാത്ത പ്രദേശങ്ങളില്‍ പത്ത് മീറ്റര്‍ ഉയരത്തില്‍ കവിയാതെ മൂന്ന് നില കെട്ടിടം വരെ നിര്‍മിക്കാം. നിരപ്പുള്ള ഭൂമിയ്ക്കും ചെറിയ ചെരിവുള്ള ഭൂമിയ്ക്കും ഒരുപോലെ വ്യവസ്ഥകള്‍ ബാധകമാണ്. കുത്തനെ ചെരിവുള്ള ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സുരക്ഷാ റിപ്പോര്‍ട്ട് പ്രകാരം കെട്ടിടത്തിന്റെ ഉയരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് കെട്ടിടനിര്‍മാണത്തിന് ആവശ്യമായ വിവിധ അനുമതികള്‍ നല്‍കുന്ന ഗ്രാമപഞ്ചായത്ത് – മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, എന്‍വിയോമെന്റല്‍ എഞ്ചിനീയര്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തുടങ്ങിയ ഏജന്‍സികള്‍ ഉറപ്പുവരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. മേല്‍പ്പറഞ്ഞ പരിധിക്കപ്പുറമുള്ള വ്യവസ്ഥകളോടെ ഇതിനകം അനുമതി വാങ്ങി നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞ കെട്ടിടങ്ങളുടെ കാര്യത്തില്‍ അവ നിര്‍ദ്ദിഷ്ട ഉയരപരിധി കഴിഞ്ഞിട്ടില്ലെങ്കില്‍ നിര്‍മ്മാണം പുതിയ ഉത്തരവ് പ്രകാരമുള്ള പരിധിയില്‍ ഒതുക്കണം. ഉയര പരിധി കഴിഞ്ഞു പോയെങ്കില്‍ ഇപ്പോഴുള്ള അവസ്ഥയില്‍ നിര്‍മാണം നിര്‍ത്തണം. പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് ഏതെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് തര്‍ക്കമോ പരാതിയോ ഉണ്ടെങ്കില്‍ അത് കോര്‍ കമ്മിറ്റിയുടെ അവലോകനത്തിന് വിടാവുന്ന താണ്. കോര്‍ കമ്മിറ്റി കെട്ടിടം പരിശോധിച്ച് വസ്തുതകള്‍ വിലയിരുത്തി തീരുമാനം കൈക്കൊള്ളും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റാണ് കോര്‍ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍. പി ഡബ്ല്യു ഡി ബില്‍ഡിംഗ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, ജില്ലാ ജിയോളജിസ്റ്റ്, ബന്ധപ്പെട്ട ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ബന്ധപ്പെട്ട തഹസില്‍ദാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കല്‍പ്പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറി എന്നിവരാണ് കോര്‍ കമ്മിറ്റിയിലെ അംഗങ്ങള്‍. സര്‍ക്കാര്‍ സംബന്ധിയായ ആവശ്യങ്ങള്‍ക്കോ മറ്റ് പ്രസക്തമായ പൊതു ആവശ്യങ്ങള്‍ക്കോ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനുള്ള അധികാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷനില്‍ നിക്ഷിപ്തമായിരിക്കും. കോര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചായിരിക്കും ചെയര്‍മാന്‍ ഇക്കാര്യത്തിലും തീരുമാനം കൈക്കൊള്ളുക. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനും പിന്നീട് വന്ന ഡോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനും എതിരെ വലിയ പ്രതിഷേധം വയനാട്ടില്‍ ഉയര്‍ന്നിരുന്നു. നിര്‍മാണ പ്രവര്‍ത്തികളെ സാരമായി ബാധിക്കുന്ന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവും ഏറെ വിവാദമാവുമെന്നാണ് തുടക്കത്തില്‍ തന്നെയുള്ള സൂചന.