എസ് ഐയെ തടഞ്ഞുവെച്ച സംഭവം; ഏരിയാ സെക്രട്ടറിയടക്കം 14 സി പി എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

Posted on: July 2, 2015 10:05 am | Last updated: July 2, 2015 at 10:05 am

പാലക്കാട്: എസ് ഐയെ തടഞ്ഞുവെച്ച കേസില്‍ സി പി എം മുണ്ടൂര്‍ എരിയാ സെക്രട്ടറി ഗോകുല്‍ ദാസടക്കം 14 സിപി എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. ഹെല്‍മറ്റ് ധരിക്കാത്തതിന് ലോക്കല്‍ സെക്രട്ടറിക്ക് പിഴയിടാക്കിയ കോങ്ങാട് എസ് ഐയെ തടഞ്ഞുവെച്ച കേസിലാണ് രണ്ടുവര്‍ഷം എട്ടുമാസം തടവും 5000 രൂപ പിഴയും വിധിച്ചത്. കേരളശ്ശേരി ലോക്കല്‍ സെക്രട്ടറിയായിരുന്ന സജീവനെതിരെ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയീടാക്കിയ കോങ്ങാട് എസ്‌ഐയെ സ്‌റ്റേഷനകത്ത് തടഞ്ഞു വെച്ച കേസിലാണ് മുണ്ടൂര്‍ ഏരിയാ സെക്രട്ടറി ഗോകുല്‍ദാസടക്കം 14 പേര്‍ക്ക് തടവും പിഴയും വിധിച്ചത്.
ഗോകുല്‍ദാസിന് പുറമെ മുണ്ടൂര്‍ ഏരിയാ കമ്മറ്റിയംഗമായ സജീവനും പാര്‍ട്ടി പ്രവര്‍ത്തകരായ സേതുമാധവന്‍, സ്വാമിനാഥന്‍, ലക്ഷ്മണന്‍, മോഹനന്‍, അജിത്കുമാര്‍, ദേവന്‍, അശ്‌റഫ്, സലാം, കൃഷ്ണദാസ്, രാജേഷ് കുമാര്‍എന്നിവര്‍ക്കും തടവ്ശിക്ഷ ലഭിച്ചു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ശിക്ഷ മൂന്നു വര്‍ഷത്തില്‍ താഴെയായതിനാല്‍ അപ്പീല്‍ നല്‍കുന്നതിനായി കോടതി ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
2009 ആഗസ്ത് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോങ്ങാട് എസ് ഐ ആയിരുന്ന സജീഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെ ഹെല്‍മറ്റ് ധരിക്കാതെയെത്തിയ കേരളശ്ശേരി ലോക്കല്‍ സെക്രട്ടറി സജീവിനെതിരെ പെറ്റി കേസ് ചാര്‍ജ് ചെയ്യുകയും പിഴയീടാക്കുകയും ചെയ്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഗോകുല്‍ദാസിന്റെ നേതൃത്വത്തിലുള്ള 14 അംഗം സ്‌റ്റേഷനില്‍ കയറി എസ് ഐയെ തടഞ്ഞു വെച്ചുവെന്നാണ് കേസ്.