സമരം അവസാനിപ്പിച്ചത് അപഹാസ്യമായ നിലയില്‍: ലീഗ്

Posted on: July 2, 2015 8:59 am | Last updated: July 2, 2015 at 8:59 am
SHARE

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ചതിനെതിരെ സി പി എമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും കൈകോര്‍ത്ത് നടത്തിയ ഉപരോധ സമരം അപഹാസ്യമായ നിലയില്‍ അവസാനിപ്പിക്കേണ്ടി വന്നതായി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി. മൂന്ന് ദിവസം നടത്തിയ സമരം കാരണം ഗ്രാമപഞ്ചായത്ത് ഓഫീസ് സ്തംഭിക്കുകയും പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി നിശ്ചലമാകുകയും ചെയ്തു. ഇതോടെ ജനവും തൊഴിലാളികളും സമരക്കാര്‍ക്കെതിരെ പ്രതികരിക്കുമെന്ന ഘട്ടത്തില്‍ സമരം അവസാനിപ്പിക്കേണ്ടി വരികയായിരുന്നുവെന്നും കമ്മിറ്റി വ്യക്തമാക്കി. ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ പയ്യത്തിനെതിരെ നടത്തുന്ന നീക്കം ശക്തമായി ചെറുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഒ മമ്മു അധ്യക്ഷത വഹിച്ചു. പി കെ മൊയ്തീന്‍, എന്‍ എം കുഞ്ഞബ്ദുല്ല, സി പി കുഞ്ഞമ്മദ്, ഒ വി അമ്മദ് പ്രസംഗിച്ചു.