ആണവ കരാര്‍: മുന്നറിയിപ്പുമായി ഇറാനും അമേരിക്കയും

Posted on: July 2, 2015 5:53 am | Last updated: July 1, 2015 at 11:53 pm
SHARE

വിയന്ന:” വന്‍ശക്തികള്‍ ഇറാനുമായുള്ള ആണവ കരാര്‍ നടപ്പിലാക്കാനുള്ള സമയ പരിധി ഒരാഴ്ചകൂടി ദീര്‍ഘിപ്പിച്ചതിനെതിരെ മുന്നറിയിപ്പുമായി അമേരിക്കയും ഇറാനും രംഗത്ത്. എല്ലാവഴികളും ഇറാന്‍ ആണവായുധം നിര്‍മിക്കുന്നതിനെതിരല്ലെങ്കില്‍ യാതൊരുവിധ കരാറുമില്ലെന്ന് അേമരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ വാഗ്ദാനങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ തങ്ങള്‍ നിര്‍ത്തിവെച്ച ആണവ ജോലികള്‍ പുനരാരംഭിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റോഹാനിയും പറഞ്ഞു. ആണവ പരിപാടികള്‍ നിര്‍ത്തിവെക്കുന്നതിന് പകരമായി ഇറാനെതിരായ ഉപരോധത്തില്‍ ഇളവ് വരുത്തുകയെന്ന കരാറിലെത്താന്‍ ഇറാനും ആറ് ലോകശക്തികളും ദീര്‍ഘകാലമായി ചര്‍ച്ച നടത്തിവരികയാണ്. കരാറിലെത്താനുള്ള സമയ പരിധി ചൊവ്വാഴ്ച അവസാനിക്കവെയാണ് ഒരാഴ്ചകൂടി സമയം ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്. ഇറാന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ് അന്താരാഷ്ട്ര സമൂഹം പെരുമാറുന്നതെന്ന് ഒബാമ വാഷിംഗ്ടണില്‍ പറഞ്ഞു. ദീര്‍ഘകാലത്തേക്ക് ആണവ ജോലികള്‍ മരവിപ്പിക്കുന്നതിനെയും സൈനിക കേന്ദ്രങ്ങള്‍ പരിശോധകര്‍ക്ക് തുറന്നുകൊടുക്കുന്നതിനെയും എതിര്‍ത്തുകൊണ്ട് ചര്‍ച്ചകളെ വഴിമുടക്കിയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഇയുടെ പരാമര്‍ശമാണ് ഒബാമയുടെ വാക്കുകള്‍ക്ക് പിന്നിലെന്നു കരുതുന്നു. ആണവ കരാറിലെത്താന്‍ ഇരു വിഭാഗവും സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കണമെന്നും ~ഒരു വിഭാഗം ഇതില്‍ വിശ്വാസവഞ്ചന നടത്തിയാല്‍ തങ്ങള്‍ പഴയപാതയിലേക്ക് തന്നെ മടങ്ങുമെന്നും അത് സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ ശക്തമായിരിക്കുമെന്നും ആയത്തുല്ല അലി ഖംനാഇ പറഞ്ഞിരുന്നു.