ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറിയും ഏകോപിപ്പിക്കുന്നു

Posted on: July 2, 2015 5:41 am | Last updated: July 1, 2015 at 11:41 pm
SHARE

തിരുവനന്തപുരം; ഹയര്‍സെക്കന്‍ഡറിയുള്ള ഹൈസ്‌കൂളുകളില്‍ ഇരുവിഭാഗവും തമ്മില്‍ ഏകോപിപ്പിക്കുന്നു. ഇതോടെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ക്ലറിക്കല്‍ ജോലികള്‍ ഹൈസ്‌കുളുകളിലെ അനധ്യാപകജീവനക്കാരെ ഏല്‍പ്പിക്കാനാകും. ഇങ്ങനെ ഏകോപിപ്പിക്കുന്ന സ്‌കൂളുകളില്‍ പ്രിന്‍സിപ്പലിന് കീഴില്‍ വൈസ് പ്രിന്‍സിപ്പല്‍ എന്ന തസ്തികയും സൃഷ്ടിക്കും. ഇത് സംബന്ധിച്ച് വരുത്തേണ്ട നിയമഭേഗതി സംബന്ധിച്ച അധ്യാപക-അനധ്യാപകസംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ അനധ്യാപക ജീവനക്കാര്‍ ഇല്ലാത്തത് മൂലം ആ ജോലി കൂടി പ്രിന്‍സിപ്പല്‍മാര്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നുണ്ട്.
ഇതിന് പുറമെ അധ്യാപനജോലി കൂടി നിര്‍വഹിക്കേണ്ടി വരുന്നു. ഈ അമിതഭാരം ഒഴിവാക്കുന്നതിന് മിനിസ്റ്റീരിയല്‍ ജീവനക്കാരെ നിയോഗിക്കണമെന്ന് ലബ്ബ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യം വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അനധ്യാപകജീവനക്കാരുടെ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് 40 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.
മാത്രമല്ല പ്രിന്‍സിപ്പല്‍മാരെ അധ്യാപനജോലിയില്‍ നിന്നും ഒഴിവാക്കാനുമാകില്ല.
ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ ഏകോപനത്തെ കുറിച്ച് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പറഞ്ഞു.