കുടുംബത്തെക്കൂടി വിളിച്ചുണര്‍ത്തുക

    Posted on: July 2, 2015 5:38 am | Last updated: July 1, 2015 at 11:38 pm
    SHARE

    ramadan emblom- newരാത്രിയിലെ ആരാധനക്ക് അത്യാഘാതമായ സ്വാധീന ശക്തിയുണ്ട്. പകലിനേക്കാള്‍ പുണ്യവും മഹത്വവുമുള്ളത് രാത്രിക്കാണ്. തിരുനബി (സ) യുടെ ഇസ്‌റാഅ് മിഅ്‌റാജ് രാത്രിയിലാണ്. ലൈലതുല്‍ ഖദ്ര്‍ രാത്രിയിലാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ അതിമഹത്തായ പലസംഭവങ്ങള്‍ക്കും അല്ലാഹു തിരഞ്ഞെടുത്തത് രാത്രിയെയാണ്.
    രാത്രി നിസ്‌കാരം പുണ്യമേറിയ ആരാധനയാണ്. നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്ക് ശേഷം ഐഛിക കര്‍മങ്ങളില്‍ അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടതാണത്. ഒട്ടേറെ സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളുടെ സ്വഭാവവും ജീവിത രീതിയുമെന്ന നിലയില്‍ രാത്രിനിസ്‌കാരം പരാമര്‍ശിച്ചിട്ടുണ്ട്. ‘നിശ്ചയം രാത്രിയില്‍ അല്‍പം മാത്രം ഉറങ്ങുകയും രാവിന്റെ അന്ത്യയാമങ്ങളില്‍ പാപമോചനത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാണവര്‍’ (അദ്ദാരിയാത് 17,18), ‘സാഷ്ടാഗം ചെയ്ത്‌കൊണ്ടും നിന്ന് നിസ്‌കരിച്ചുകൊണ്ടും തങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയില്‍ രാത്രി കഴിച്ചുകൂട്ടുന്നവരാണത്രെ പരമ കാരുണ്യവാനായ അല്ലാഹുവിന്റെ യഥാര്‍ഥ ദാസന്മാര്‍’. (അല്‍ ഫുര്‍ഖാന്‍ 64), ‘അവരുടെ പാര്‍ശ്വങ്ങള്‍ ശയ്യകളില്‍ നിന്നുയരുന്നു ഭയത്തോടും നിറഞ്ഞ പ്രതീക്ഷയോടും കൂടി തങ്ങളുടെ യഥാര്‍ഥ രക്ഷിതാവിനോട് അവര്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. (അസ്സജദ- 16) രാത്രി നിസ്‌കാരത്തിന്റെ പ്രാധാന്യം വിവരിക്കുന്ന പ്രവാചക വചനം കാണുക. ‘നിങ്ങള്‍ രാത്രി നിസ്‌കാരം ശീലിക്കുവീന്‍. എന്ത് കൊണ്ടെന്നാല്‍ അത് നിങ്ങള്‍ക്ക് മുമ്പുള്ള സജ്ജനങ്ങളുടെ സമ്പ്രദായവും നിങ്ങളെ രക്ഷിതാവുമായി നിങ്ങളെ അടുപ്പിക്കുന്ന സത്കര്‍മവും പാപങ്ങള്‍ പൊറുപ്പിക്കുന്നതും കുറ്റകൃത്യങ്ങള്‍ തടയുന്നതുമാകുന്നു. (തുര്‍മുദി- 3549). നിശയുടെ നിശ്ശബ്ദതയിലുള്ള നിസ്‌കാരത്തിന് കൂടുതല്‍ ഏകാഗ്രത ലഭിക്കുമെന്നത് തീര്‍ച്ചയാണ്. തിരക്കൊഴിഞ്ഞ സമയം ശാന്തഗംഭീരമായ സന്ദര്‍ഭം! എവിടെയും ഒച്ചയും ബഹളവുമില്ല ആരും കാണാനില്ല ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. പ്രബഞ്ച നാഥനായ അല്ലാഹുവിന് വേണ്ടിമാത്രമാണ് പാതിരാവിന്റെ പഴുതുകളില്‍ ഉണര്‍ന്നെഴുനേറ്റ് നിര്‍വഹിക്കുന്ന നിസ്‌കാരം. അത് അക്ഷരാത്രത്തില്‍ ആത്മ ചൈതന്യവും നൃവൃതിയും ലഭിക്കുന്ന ഒറ്റമൂലിയാണ്. ഏത് കൊടും കുറ്റവാളിക്കും പരിവര്‍ത്തനം സാധ്യമാക്കുന്ന പുണ്യകര്‍മമാണ്. സര്‍വജനങ്ങളും കൂര്‍ക്കം വലിച്ചുറങ്ങുന്ന അറ്റമില്ലാത്ത ഇരുട്ടില്‍ ഉണര്‍ന്നെഴുന്നേറ്റ് നിസ്‌കരിക്കുന്നത് ഖബറിലെയും മഹ്ശറിലെയും കൂരിരുളില്‍ നിന്ന് രക്ഷപ്പെടാനുള്ള പരിചയാകുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ‘വിരിപ്പില്‍ നിന്ന് എഴുനേറ്റ് നിസ്‌കരിച്ചവരെവിടെയെന്ന് പരലോകത്ത് പ്രത്യേകം വിളിച്ചു ചോദിക്കുമെന്നും അവര്‍ക്ക് സ്‌പെഷ്യല്‍ ആനുകൂല്യവും പുരസ്‌കാരവും ലഭിക്കുമെന്നും അവര്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ കടക്കുമെന്നും തിരുവചനമുണ്ട്.
    രാത്രി എഴുന്നേറ്റ് നിസ്‌കരിക്കുകയും തന്റെ ഇണയെ വിളിച്ചുണര്‍ത്തി നിസ്‌കരിപ്പിക്കുകയും ഉണരാന്‍ മടിച്ചാല്‍ മുഖത്ത് വെള്ളം തെളിച്ച് എഴുന്നേല്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു അനുഗ്രഹം വര്‍ഷിപ്പിക്കട്ടെ എന്ന് പ്രവാചകര്‍ (സ) വിശേഷാല്‍ പ്രാര്‍ഥന നടത്തിയിട്ടുണ്ട്. ആരാധനകള്‍ നിര്‍വഹിക്കുകയും സത്കര്‍മങ്ങളില്‍ താത്പര്യം കാണിക്കുകയും ചെയ്യുന്നതില്‍ വിശ്വാസി തന്റെ കുടുംബത്തെക്കൂടി കൂടെക്കൂട്ടാന്‍ മറക്കരുതെന്ന സന്ദേശംകൂടി ഇതിലുണ്ട്. ഒറ്റക്ക് എഴുന്നേറ്റ് നിസ്‌കരിക്കുകയല്ല തന്റെ ഇണയെക്കൂടി വിളിച്ചുണര്‍ത്തി നിശാനിസ്‌കാരത്തിന് പ്രേരിപ്പിക്കുക. കൂട്ടമായി സ്വര്‍ഗം നേടുക.