ജഗതിക്ക് ചികിത്സക്കുള്ള പണം സര്‍ക്കാറാണ് നല്‍കിയതെന്ന്: പി സി ജോര്‍ജ്‌

Posted on: July 1, 2015 10:45 pm | Last updated: July 1, 2015 at 11:46 pm
SHARE

തിരുവനന്തപുരം: അപകടം വന്ന് ആശുപത്രിയിലായപ്പോള്‍ ജഗതി ശ്രീകുമാറിന്റെ കൈയില്‍ കാശൊന്നുമുണ്ടായിരുന്നില്ലെന്ന് ജഗതിയുടെ മകളുടെ ഭര്‍തൃ പിതാവും മുന്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജ്. ചികിത്സക്കുള്ള പണം സര്‍ക്കാറില്‍ നിന്നാണ് ലഭിച്ചത്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി കഴിഞ്ഞ ദിവസം പൊതുവേദിയില്‍ കയറി ജഗതിയെ കണ്ടതടക്കമുള്ള വിവാദങ്ങള്‍ പി സി ജോര്‍ജ് തുറന്ന് പറഞ്ഞത്.
‘വേദിയില്‍ ഓടിക്കയറിയ പെണ്‍കുട്ടി ആരാധികയായ ഏതോ ഒരു മുസ്‌ലിം പെണ്‍കുട്ടി ആണെന്നാണ് കരുതിയത്. വീല്‍ ചെയറില്‍ ഇരിക്കുന്ന ജഗതിക്ക് എന്തെങ്കിലും പറ്റിയാലോ എന്ന ഭയം കൊണ്ടാണ് പിടിച്ചു മാറ്റിയത്. എന്റെ ദേഹത്ത് തൊടരുത് എന്ന് കുട്ടി പറഞ്ഞു. എന്റെ മകന്‍ വന്ന് പറഞ്ഞപ്പോഴാണ് കുട്ടിയെ മനസ്സിലായത്. ഇതോടെ തന്റെ കസേരയില്‍ തന്നെ ഇരിക്കാന്‍ അനുവദിച്ചതായും പി സി ജോര്‍ജ്ജ് പറഞ്ഞു.
പിതാവിനെ കാണാന്‍ ആ പെണ്‍കുട്ടിയെ ജഗതിയുടെ കുടുംബാംഗങ്ങള്‍ അനുവദിക്കുന്നില്ല എന്ന ആരോപണം തെറ്റാണ്. ഇഷ്ടമുള്ളപ്പോള്‍ പിതാവിനെ കാണാന്‍ ഹൈക്കോടതി അനുമതി നല്‍കിയതാണ്. പിതാവിനെ കാണാന്‍ ശ്രീലക്ഷ്മിയെ അനുവദിക്കുന്ന കാര്യത്തില്‍ താന്‍ നിര്‍ബന്ധിച്ച് വീട്ടുകാരെ സമ്മതിപ്പിച്ചതാണ്. എന്നിട്ടും ഇതുവരെ പെണ്‍കുട്ടി കാണാന്‍ വന്നിട്ടില്ല. തനിക്കെതിരെ പരാമര്‍ശം ഉന്നയിച്ച് ശ്രീലക്ഷ്മി കേസ് കൊടുത്ത സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉള്ളതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.