ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിക്ക് തുടക്കമായി

Posted on: July 1, 2015 8:04 pm | Last updated: July 1, 2015 at 8:05 pm
SHARE

DIGITAL INDIA PM

ന്യൂഡല്‍ഹി: സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പദ്ധതി സഹായകമാകുമെന്ന് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ ഇന്ത്യാ വാരത്തിന് തുടക്കംകുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയില്‍ നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് തയ്യാറായി പ്രമുഖ കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ട്. 18 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതാകും പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതിവേഗ ഡിജിറ്റല്‍ ഹൈവേകളെ ഒന്നിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയാണ് താന്‍ സ്വപ്‌നം കാണുന്നത്. ഇ-ഗവേര്‍ണന്‍സ് ഇന്ന് എം-ഗവേര്‍ണന്‍സിന് വഴിമാറുകയാണ്. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ കഴിവുകളെ നന്നായി ഉപയോഗപ്പെടുത്തണം. യുവസംരംഭകര്‍ക്ക് എല്ലാ സഹായങ്ങളും താന്‍ വാഗ്ദാനം ചെയ്യുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ മത്സരക്ഷമതയുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ ഉണ്ടാക്കിക്കൂടെന്ന് പ്രധാനമന്ത്രി ചോദിച്ചു. ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്യുക എന്നത് പരമപ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ പ്രചാരം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെ ഡിജിറ്റല്‍ ഇന്ത്യാ വാരാഘോഷവും നടത്തുന്നുണ്ട്.