പൂതാടി സഹകരണ ബേങ്കില്‍ നിലവിലെ ഭരണസമിതി അംഗങ്ങള്‍ രാജിവെക്കണമെന്ന് മുന്‍ അസി. സെക്രട്ടറി

Posted on: July 1, 2015 1:02 pm | Last updated: July 1, 2015 at 1:02 pm
SHARE

കല്‍പ്പറ്റ: കേണിച്ചിറ കോ ഓപ്പറേറ്റീവ് കോംപ്ലക്‌സ് കെട്ടിട വിപുലീകരണ നിര്‍മാണത്തിലെ അഴിമതിനടത്തിയവരില്‍ നിന്നും നഷ്ടം തിരിച്ചുപിടിക്കുന്ന സാഹചര്യത്തില്‍ പൂതാടി സഹകരണ ബാങ്കില്‍ നിലവിലെ ഭരണസമിതി അംഗങ്ങള്‍ രാജിവെക്കണമെന്ന് മുന്‍ അസി. സെക്രട്ടറിയും കേസിലെ എതിര്‍കക്ഷിയുമായ കെ.എസ് ശങ്കരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1998-2000 ത്തിലാണ് ഭരണസമിതി അംഗങ്ങള്‍ ക്രമക്കേടും അഴിമതിയും നടത്തിയാതായി സഹകരണ വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്. സഹകരണ നിയമം 65ാം വകുപ്പ് അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ആരോപണം സ്ഥിരീകരിക്കുകയും സ്ഥാപനത്തിന് സംഭവിച്ച നഷ്ടം ബന്ധിപ്പെട്ടവരില്‍ നിന്നും തിരിച്ചീടാക്കാനും ശുപാര്‍ശയുമുണ്ടായി. ഇതുപ്രകാരം ഉത്തരവാദികളെ കണ്ടെത്തി ബാധ്യത തിട്ടപ്പെടുത്താന്‍ ബത്തേരി എ.ആറിനെ ചുതമലപ്പെടുത്തി സഹകരണ വകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാല ഇതിനെതിരെ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ചു. തുടര്‍ന്ന് വീണ്ടും വാദിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും കേസില്‍ നഷ്ടം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നതിന് ഹൈക്കോടതി അനുമതി നല്‍കുകയുമായിരുന്നു. ഇതുപ്രകാരം ബത്തേരി എ.ആറിനെ നടപടികള്‍ തുടരാന്‍ നിയോഗിച്ചിരിക്കുകയാണ്. എന്നാല്‍ അന്നത്തെ ആരോപണ വിധേയരായ അഞ്ച് പേര്‍ ഇന്നും
ഭരണസമിതിയലുണ്ട്. ഇത് നടപടികള്‍ വഴിതെറ്റിക്കാന്‍ ഇടയാക്കും. ഈ സാഹചര്യത്തില്‍ ഭരണസമിതി രാജിവെക്കണമെന്നും കെ.എസ് ശങ്കരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.