Connect with us

Wayanad

പരിശീലനത്തോടൊപ്പം തൊഴിലും പദ്ധതി: രജിസ്റ്റര്‍ ചെയ്തത് 1823 പേര്‍

Published

|

Last Updated

കല്‍പ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പരിശീലനത്തോടൊപ്പം തൊഴിലും ഉറപ്പുവരുത്തുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ)യില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള മുഖാമുഖത്തിലൂടെ 1823 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദ് അറിയിച്ചു.
എട്ട് ഏജന്‍സികള്‍ നേരിട്ട് നടത്തിയ മുഖാമുഖത്തില്‍ തെരഞ്ഞെടുത്തവര്‍ക്ക് വിവിധ കോഴ്‌സുകള്‍ക്ക് സൗജന്യമായി പഠിക്കാനവസരം ലഭിക്കും. ഭക്ഷണം, താമസം, യാത്രാബത്ത, യുണിഫോം, പഠനോപകരണങ്ങള്‍ തുടങ്ങങ്ങിയവയോടെ 3 മാസം മുതല്‍ 12 മാസം വരെയാണ് പരിശീലനം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എന്‍.സി.വി.ടി, എസ്.എസ്.സി സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുക. പദ്ധതിയില്‍ ഗോത്രമേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി പ്രത്യേകം നടത്തിയ സംഗമത്തില്‍ 813 പേര്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.
പഠന സമയത്ത് ജില്ലക്കകത്തും പുറത്തും പരിശീലനവും ഒപ്പം തൊഴിലും തൊഴിലും നേടാനാവുമെന്നതാണ് പദ്ധതിയുടെ സവിശേഷത.
കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന 75 ശതമാനം ഉദ്യോഗാര്‍ഥികള്‍ക്ക് നിര്‍വ്വഹണ ഏജന്‍സികള്‍ ജോലി ഉറപ്പ് വരുത്തും.
ബാക്കിയുള്ളവര്‍ക്ക് ജോബ് മേളകള്‍ വഴിയും തൊഴില്‍ നല്‍കും. പ്രതിമാസം 6,000 മുതല്‍ 15,000 വരെ വേതനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലെ 15 നും 35 നുമിടയിലുള്ള യുവാക്കളും 15 നും 45 നുമിടയിലുള്ള സ്ത്രീകളുമാണ് വിവിധ പരിശീലന ഏജന്‍സികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഗ്രാമപ്രദേശങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്‍ഗണന നല്‍കിയിരുന്നു. കഴിഞ്ഞ മുന്ന് വര്‍ഷങ്ങളിലായി തൊഴിലുറപ്പ് പദ്ധതിയില്‍ 35 തൊഴില്‍ വീതം ഓരോ വര്‍ഷവും പൂര്‍ത്തിയാക്കിയവരെയും ബി.പി.എല്‍ അല്ലെങ്കിലും പരിഗണിച്ചു.
ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, ഫുഡ് പ്രോസസിംഗ് ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ സര്‍വ്വീസ്, സെക്യുരിറ്റി ഗാര്‍ഡ്, തയ്യല്‍, ടൂര്‍ ഓപറേറ്റര്‍, അക്കൗണ്ടിംഗ്, ഐ.ടി.ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസിംഗ്, ബിസിനസ് ബാങ്കിംഗ് കറസ്‌പോണ്ടന്റ്, മൈക്രോ സോഫ്റ്റ് ഓഫീസ്, ഹാര്‍ഡ് വെയര്‍ ആന്റ് സോഫ്റ്റ് വെയര്‍ പരിശീലനം , സെയില്‍സ് എക്‌സിക്യുട്ടീവ് തുടങ്ങിയ വേഗത്തില്‍ തൊഴില്‍ നേടാന്‍ സാധ്യതയുള്ള കോഴ്‌സുകള്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ ജില്ലാതല സംഗമം ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി എ.പി.ഒ. ഇസ്മയില്‍. സി, കുടുംബശ്രീ സംസ്ഥാന ട്രൈബല്‍ പ്രോഗ്രാം മാനേജര്‍ എം പ്രഭാകരന്‍, കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍ ശോഭ, ഡി.ഡി.യു.- ജി.കെ.വൈ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ വൈശാഖ് എം. ചാക്കോ, സിഗാള്‍ തോമസ്, ബിജോയ് കെ.ജെ, ശ്രീജിത എന്‍.എസ്, ആശാപോള്‍ എന്നിവര്‍ സംസാരിച്ചു.

Latest