Connect with us

Wayanad

തവിഞ്ഞാല്‍ കൈതക്കല്‍, മക്കിമല പ്രദേശവാസികള്‍ക്ക് പട്ടയം അനുവദിക്കാതിരിക്കാന്‍ ഗൂഢാലോചന: ആക്ഷന്‍ കമ്മിറ്റി

Published

|

Last Updated

കല്‍പ്പറ്റ: തവിഞ്ഞാല്‍ കൈതക്കല്‍, മക്കിമല പ്രദേശവാസികള്‍ക്ക് പട്ടയം അനുവദിക്കാതിരിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. റവന്യുവിഭാഗത്തിലെ ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും അവര്‍ ആരോപിച്ചു. തവിഞ്ഞാല്‍ വില്ലേജിലെ സര്‍വെ നമ്പര്‍ 67/1ബി, 68/1ബി, 90/1ബി, 97/1ബി എന്നീ സര്‍വെ നമ്പറുകളിലായി താമസിക്കുന്ന നൂറിലധികം പേര്‍ 45വര്‍ഷമായി പട്ടയത്തിനായി കാത്തിരിക്കുകയാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലും ബി.പി.എല്‍ വിഭാഗത്തിലും ഉള്‍പ്പെടുന്നവരാണ് ഏറെയും. ഇതുവരെയായിട്ടും യാതൊരുവിധ രേഖകളും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഇതുമൂലം കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനാവാതെ കഷ്ടപ്പെടുകയാണ് കുടുംബങ്ങള്‍. 2003ല്‍ നടന്ന താലൂക്ക് സഭയില്‍ പട്ടയത്തിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് 13വര്‍ഷം സ്ഥിരതാമസമുള്ളവര്‍ക്ക് പട്ടയം നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതേ സമയം സാമ്പത്തിക സ്വാധീനമുള്ള ഒരാള്‍ക്ക് പട്ടയം അനുവദിക്കുകയും ചെയ്തു. ഇതിലെ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചു കടത്തുകയും ചെയ്തു. ഒരു വില്ലേജ് അസിസ്റ്റന്റിന്റെ നേതൃത്വത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സമരം നടത്തിയത്. ഇതേ തുടര്‍ന്ന് നാലുമാസത്തികം ഈ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് കലക്ടറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. അതോടൊപ്പം വില്ലേജ് അസിസ്റ്റന്റെിനെ സ്ഥലം മാറ്റാനും നിര്‍ദേശിച്ചു. എന്നാല്‍ വില്ലേജ് അസിസ്റ്റന്റിനെ ഇതുവരെ സ്ഥലം മാറ്റിയിട്ടില്ല. പട്ടയം അനുവദിക്കുന്നത് അട്ടിമറിക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്നതായി ആരോപിക്കുന്ന മരംമുറി പ്രദേശവാസികളുടെ തലയില്‍ കെട്ടിവെക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. അതോടൊപ്പം മാവോയിസ്റ്റുകളായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മേഴ്‌സി വര്‍ക്കി, കെ.എസ് സുശീല, ജോര്‍ജ് വര്‍ക്കി, എന്‍ ഹഫ്‌സത്ത് എന്നിവര്‍ അറിയിച്ചു.

Latest