Connect with us

Wayanad

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മൂന്നു മാസം കൂടി; പ്രവൃത്തികള്‍ തുടങ്ങിവെക്കാന്‍ ജനപ്രതിനിധികള്‍ നെട്ടോട്ടത്തില്‍

Published

|

Last Updated

കല്‍പ്പറ്റ: ത്രിതലപഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് ഇനി എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ അവശേഷിക്കുന്നത് മൂന്നുമാസം മാത്രമാണെന്നിരിക്കെ ചില പ്രവര്‍ത്തികള്‍ തുടങ്ങി വെക്കാനായി മെമ്പര്‍മാര്‍ നെട്ടോട്ടം തുടങ്ങി.
ഇനി മൂന്നുമാസം കൂടി മാത്രമാണ് മെമ്പര്‍മാര്‍ക്ക് എന്തെങ്കിലും കാര്യങ്ങള്‍ സ്വതന്ത്രമായി ചെയ്യാന്‍ കഴിയുകയുള്ളൂ. ഒക്‌ടോബറില്‍ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കണം. നവംബര്‍ ഒന്നിനാണ് ത്രിതല പഞ്ചായത്ത് ഭരണസമിതികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കേണ്ടത്.
ഒക്‌ടോബര്‍ ആദ്യം തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകാം. പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ പിന്നീട് ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. അങ്ങനെയായതിനാല്‍ ഇനിയുള്ള മൂന്നുമാസങ്ങള്‍ മാത്രമാണ് ഓരോ മെമ്പര്‍മാരുടേയും മുന്നില്‍ ഇനി അവശേഷിക്കുന്നുള്ളൂ. ആ മൂന്നുമാസത്തിനുള്ളില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനും ചെയ്‌തെന്ന് വരുത്തിതീര്‍ക്കാനും ഏറ്റവും കുറഞ്ഞത് ചില പ്രവര്‍ത്തികളെങ്കിലും തുടങ്ങി വെക്കാനുമാണ് മെമ്പര്‍മാര്‍ പാഞ്ഞുനടക്കുന്നത്.
ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളുടേയും പദ്ധതികള്‍ക്ക് ജില്ല പ്ലാനിംഗ് കമ്മിറ്റി അംഗീകാരം നല്‍കിക്കഴിഞ്ഞു. തന്നെയുമല്ല പദ്ധതി വിഹിതത്തിന്റെ ആദ്യഗഡു ഈ ദിവസങ്ങളില്‍ ലഭിക്കുകയും ചെയ്യും. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളുടേയും മിക്ക പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചതോടെ നടത്താന്‍ എളുപ്പമുള്ളതും എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ലാത്തതുമായ ചില പദ്ധതികളെങ്കിലും നടപ്പാക്കാനുള്ള ശ്രമത്തിലാണ് മിക്ക മെമ്പര്‍മാരും.
അഞ്ച് വര്‍ഷം ഭരിച്ചിട്ട് ഈ പ്രദേശത്തിന് എന്തുചെയ്യാന്‍ കഴിഞ്ഞുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ ജനപ്രതിനിധികള്‍. പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഒരു സാന്നിധ്യവും ഇമേജും ഉണ്ടാക്കിയെടുക്കുവാനുള്ള ശ്രമത്തിലാണിവര്‍.
നിലവിലുള്ള സംവരണവാര്‍ഡുകളില്‍ എന്തെങ്കിലും പദ്ധതികളില്‍ പങ്കെടുക്കാനോ സാന്നിധ്യമറിയിക്കാനോ ആണ് ഇവര്‍ക്ക് താല്‍പര്യം. കാരണം അടുത്തതിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ സംവരണവാര്‍ഡുകള്‍ ജനറല്‍ വാര്‍ഡുകളായി മാറും.
എന്നാല്‍ ഇപ്പോഴത്തെ സംവരണ വാര്‍ഡില്‍നിന്നും വിജയിച്ച പലരും ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം മതിയാക്കി ഏകദേശം മെമ്പര്‍ പണി അവസാനിപ്പിച്ച മട്ടിലാണ്. വനിതകളാണിവരില്‍ ഭൂരിപക്ഷവും. അടുത്ത തവണ വാര്‍ഡ് ജനറലാക്കുന്നതോടെ ഇപ്പോള്‍ വിജയിച്ചിട്ടുള്ള വനിതകള്‍ക്ക് സീറ്റ് ലഭിക്കുകയില്ലെന്ന് ഉറപ്പാണ്.
പിന്നെ എന്തിനുവേണ്ടിയാണ് ഇനി കഷ്ടപ്പെടുന്നതെന്നാണ് ഇത്തരക്കാരുടെ ചോദ്യം.

Latest