റോഡരികിലെ കാട് വാഹനങ്ങള്‍ക്ക് ദുസ്സഹമാകുന്നു

Posted on: July 1, 2015 12:14 pm | Last updated: July 1, 2015 at 12:14 pm
SHARE

നെന്മാറ: പോത്തുണ്ടി-നെല്ലിയാമ്പതി റോഡിന്റെ ഇരുവശവും കാടുപിടിച്ചു കിടക്കുന്നത് വാഹനങ്ങള്‍ക്കു തടസ്സമാകുന്നു. മഴ തുടങ്ങുന്നതോടെ തൊഴിലുറപ്പു പദ്ധതിയില്‍ വെട്ടിനീക്കാറുള്ള ജോലി നീളുന്നതാണ് പ്രശ്‌നം. ധാരാളം ഹെയര്‍പിന്‍ വളവുകളുള്ള റോഡില്‍ എതിരെ വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്തത് അപകടം വിളിച്ചുവരുത്തുമെന്നാണ് പരാതി.
മഴക്കാലമായതോടെ കോട ഇറങ്ങുന്നതിനാല്‍ ഇരുട്ടു പരക്കുന്ന റോഡിലൂടെ കടന്നുപോകാന്‍ വാഹനങ്ങള്‍ പാടുപെടുന്നുണ്ട്. പാഴ്‌ച്ചെടികള്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്നതുകൊണ്ട് റോഡിന്റെ ഒരുഭാഗത്ത് കൊക്കയാണെന്ന കാര്യം അറിയാതെ പോകുന്നതും അപകടമുണ്ടാകാന്‍ ഇടവരുത്തും. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലുകളും ചെടികളും വെട്ടിമാറ്റാന്‍ ഉടന്‍ നടപടി വേണമെന്ന് ജില്ലാ പ്ലാന്റേഷന്‍ അന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എച്ച് എം എസ്) യോഗം ആവശ്യപ്പെട്ടു.