സി പി എം വാര്‍ഡ് അംഗം കോണ്‍ഗ്രസിലേക്ക്‌

Posted on: July 1, 2015 12:04 pm | Last updated: July 1, 2015 at 12:04 pm

ചെര്‍പ്പുളശ്ശേരി: നെല്ലായ പഞ്ചായത്ത് നാലാംവാര്‍ഡംഗവും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം മൊയ്തുട്ടി പഞ്ചായത്തംഗത്വം രാജിവെച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് രജിസ്‌റ്റേര്‍ഡ് തപാല്‍വഴി അയച്ചിട്ടുണ്ടെന്ന് എം മൊയ്തുട്ടി പറഞ്ഞു.
തുടര്‍ച്ചയായി 28 വര്‍ഷം, അഞ്ചുതവണ നെല്ലായ പഞ്ചായത്ത് ഭരണസമിതിയംഗമായ ഇദ്ദേഹം മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായും രണ്ടുതവണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സി പി എം അംഗമായാണ് നിലവിലുള്ളഭരണസമിതിയിലേക്ക് വിജയിച്ചത്. എന്നാല്‍, രണ്ടുവര്‍ഷംമുമ്പ് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് എം മായ്തുട്ടിയെ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് തരംതാഴ്ത്തുകയും പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. പഞ്ചായത്തില്‍ സി പി എമ്മിലെ ചിലരുടെ ഭരണത്തിലുള്ള അസംതൃപ്തിമൂലമാണ് പദവി രാജിവെക്കുന്നതെന്നും കോണ്‍ഗ്രസ്സില്‍ അംഗത്വം നല്‍കുന്നതിന് ജില്ലാനേതൃത്വം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും എം മൊയ്തുട്ടി പറഞ്ഞു.