ബസ്സ്റ്റാന്‍ഡിലെ കാത്തിരിപ്പ് കേന്ദ്രം നവീകരിക്കുന്നു

Posted on: July 1, 2015 11:26 am | Last updated: July 1, 2015 at 11:26 am
SHARE

kkl bo
കോട്ടക്കല്‍: ബസ്‌സ്റ്റാന്‍ഡിലെ കാത്തിരിപ്പു കേന്ദ്രം നവീകരിക്കുന്നു. ഇന്ത്യനൂര്‍, കല്‍പ്പകഞ്ചേരി, കാടാമ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ കാത്തിരിക്കുന്ന ബസ് കേന്ദ്രമാണ് സ്വകാര്യ പങ്കാളിത്തത്തോടെ നഗരസഭ നവീകരിക്കുന്നത്.
അടുത്ത ദിവസം തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. പൊളിഞ്ഞ് വീഴാറായ നിലയിലാണ് നിലവിലെ കേന്ദ്രം. ആസ്പറ്റോസ് ഷീറ്റ് പാകിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണിത്. ഇതിന്റെ ക്ലോക്ക് ടവര്‍ ഭാഗം തകര്‍ന്നിട്ട് കാലങ്ങളായി. സ്ത്രീകള്‍ ഏറെയും നില്‍ക്കുന്ന ഭാഗമാണിവിടെ. ഷീറ്റുകള്‍ തൂങ്ങിനില്‍ക്കുന്ന അവസ്ഥയാണ് ഈ ഭാഗത്ത്. മറ്റ് ഭാഗങ്ങളും നശിച്ചിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി ഇതിന് ചുറ്റും സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡ് എടുത്തുമാറ്റി. അനുമതി തീര്‍ന്നിട്ടും നിലനിന്നിരുന്ന പരസ്യ ബോര്‍ഡാണ് എടുത്ത് മാറ്റിയത്.
പുതിയ ഷീറ്റ് പാകി നവീകരിക്കുന്ന ജോലികള്‍ രണ്ട് ദിവസത്തിനകം നടത്താനാണ് തീരുമാനമെന്ന് സെക്രട്ടറി കെ കെ മനോജ് പറഞ്ഞു. ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന സ്വകാര്യ സ്ഥാപനത്തിനാണ് കാത്തിരിപ്പ് കേന്ദ്രം നല്‍കുക. തറകള്‍ ഇളകിയതിനാല്‍ ഇവയും നവീകരിക്കുന്ന രൂപത്തിലാണ് പദ്ധതി. അപകടാവസ്ഥയിലായതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നവീകരണം നടത്തും.
ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കണമെന്ന് കാലങ്ങളായി ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് നഗരസഭക്ക് ബാധ്യതയാകാത്ത വിധം ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കുന്നത്. ഇന്നലെ നഗരശുചീകരണ തൊഴിലാളികളാണ് കാത്തിരിപ്പ് കേന്ദ്രത്തിന് ചുറ്റുവശത്തെയും പരസ്യ ബോര്‍ഡുകള്‍ എടുത്തുമാറ്റിയത്.
അതേ സമയം ആളുകളെ മാറ്റിനിര്‍ത്താതെ ബോര്‍ഡുകള്‍ എടുത്തുമാറ്റിയത് പ്രതിഷേധത്തിനിടയാക്കി. യാത്രക്കാരെ ഇതിനകത്ത് നിര്‍ത്തിയായിരുന്നു ഇവ എടുത്തു മാറ്റിയത്. ബോര്‍ഡുകള്‍ എടുക്കുന്നതിനിടയില്‍ ഇളകി വീണാല്‍ അത്യാഹിതം വരാനിടയാകുമെന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്.