അധ്യാപകന്റെ മരണം; വ്യാജപരാതി നല്‍കിയവര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് സമരസമിതി

Posted on: July 1, 2015 11:13 am | Last updated: July 1, 2015 at 11:13 am
SHARE

തിരൂരങ്ങാടി: മൂന്നിയൂര്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ കെകെ അനീഷിനെതിരെ വ്യാജപരാതി നല്‍കിയവര്‍ക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് സമരസമിതി രംഗത്തിറങ്ങുന്നു.

ഈ സ്‌കൂളിലെ അധ്യാപകനായിരുന്ന അനീഷിനെ പിരിച്ചുവിട്ട മാനേജറുടെ നടപടി ഡി പി ഐ റദ്ദ് ചെയ്ത പശ്ചാതലത്തിലാണ് അനീഷിനെതിരെ വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരസമിതി രംഗത്തിറങ്ങുന്നത്. മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്കൂടിയായ സ്‌കൂള്‍ മാനേജര്‍ വി പി സൈതലവി മുന്‍ ഡി ഡി. കെ സി ഗോപി പ്രധാനധ്യാപിക സുധ പി നായര്‍ പരാതി നല്‍കിയ സ്‌കൂള്‍ പ്യൂണ്‍ മുഹമ്മദ് അശ്‌റഫ് സത്യവാങ്മൂലം നല്‍കിയ ക്ലര്‍ക്കുമാരായ അബ്ദുല്‍ ഹമീദ് അബ്ദുര്‍റസാഖ് എന്നിവര്‍ക്കെതിരെയാണ് നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
സ്‌കൂള്‍ ഓഫീസില്‍ പ്യൂണ്‍ മുഹമ്മദ് അശ്‌റഫും അനീഷും തമ്മിലുണ്ടായ ചെറിയ കശപിശയെ തുടര്‍ന്നാണ് അനീഷിന്റെ സസ്‌പെന്‍ഷനും അദ്ദേഹത്തിന്റെ മരണവും സംഭവിച്ചത്. പ്യൂണ്‍ മുഹമ്മദ് അശ്‌റഫിന് പരുക്ക് പറ്റിയിട്ടില്ലെന്നും അനീഷ് കുറ്റക്കാരനല്ലെന്നുമാണ് വ്യക്തമായത്. എന്നാല്‍ ഇവരുടെ പരാതിയില്‍ അന്വേഷണം നടത്താതെയാണ് മാനേജറുടെ സസ്‌പെന്‍ഷന്‍ ഡി പി ശരിവെച്ചത്.
തന്നെ പിരിച്ചുവിട്ട നടപടിക്കെതിരെ അനീഷ് അന്നുതന്നെ ഡി പി ഐക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് തെളിവെടുപ്പ് നടന്നത്. മരിക്കുന്നത് വരെ അനീഷ് ഈ സ്‌കൂളില്‍ അധ്യാപകനാണെന്നും എല്ലാ ആനുകൂല്യങ്ങളും കുടുംബത്തിന് നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. അനീഷിന്റെ മരണത്തെ തുടര്‍ന്ന് മാനേജര്‍, മുന്‍ ഡി ഡി, പ്രധാനധ്യാപിക, പ്യൂണ്‍, ക്ലര്‍ക്കുമാര്‍, അന്നത്തെ പി ടി എ പ്രസിഡന്റ് എന്നിവര്‍ക്കെതിരെ കേസുണ്ട്.
ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സമരസമിതി സമരം നടത്തിയിരുന്നു. ഇപ്പോള്‍ ഇവര്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുകയാണ്.