Connect with us

Kozhikode

വായിക്കുക; ഖുര്‍ആനിക സന്ദേശമുള്‍ക്കൊണ്ട് വിശ്വാസികള്‍

Published

|

Last Updated

കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമെന്നതാണ് റമസാനെ കൂടുതല്‍ പവിത്രമാക്കുന്നത്. അത് കൊണ്ടു തന്നെ ഖുര്‍ആന്‍ പാരായണത്തിനായി റമസാനില്‍ വിശ്വാസികള്‍ ഏറെ സമയം കണ്ടെത്തുന്നുണ്ട്.
ഖുര്‍ആനിലെ ആദ്യമിറങ്ങിയ സൂക്തത്തില്‍ വായിക്കുക എന്നതാണ് ഉദ്‌ബോധിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനെന്ന പോലെ വായിക്കാനും അറിവു നേടാനും കൂടി ഈ മാസത്തെ വിശ്വാസികള്‍ ഉപയോഗപ്പെടുത്തുന്നു. ഇസ്‌ലാമിക ഗ്രന്ഥശാലകളിലും വില്‍പനശാലകളിലും നല്ല തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മര്‍കസ് കോംപ്ലക്‌സ് പരിസരത്ത് ഇസ്‌ലാമിക ഗ്രന്ഥശാലകളുടെ നേതൃത്വത്തില്‍ നടക്കുന്ന പി എം കെ ഫൈസി സ്മാരക പുസ്തക മേളക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വിവിധ ലിപിയിലും വലിപ്പത്തിലുമുള്ള ഖുര്‍ആനാണ് ഇവിടുത്തെ പ്രത്യേകത. ഉള്ളംകൈയില്‍ ഒതുങ്ങുന്ന ചെറിയ ഖുര്‍ആന്‍ മുതല്‍ വലിയ ഖുര്‍ആന്റെ കോപ്പി വരെ ഇവിടെ വില്‍പ്പനക്കുണ്ട്. 120 രൂപ മുതല്‍ 1200 രൂപ വരെ വിലയുള്ള നൂറിലധികം ഖുര്‍ആനിന്റെ കോപ്പികളാണ് ഇവിടെയുള്ളത്. വിവിധ തരത്തിലുള്ള ഖുര്‍ആന് പുറമെ ഖുര്‍ആന്‍ പരിഭാഷകള്‍, ചരിത്രഗ്രന്ഥങ്ങള്‍, കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍, ഹദീസ് പരിഭാഷ, മൗലിദുകള്‍, ബാലസാഹിത്യം, പൊതുവിജ്ഞാനം, ഗൈഡുകള്‍, ഡിക്ഷ്‌നറികള്‍ എന്നിവയാണ് പുസ്തകമേളയിലുള്ളത്.
എസ് വൈ എസ്, ക്രസന്റ്, പൂങ്കാവനം, ഐ പി ബി, എസ് എം എ, ലിവ, ക്യാപിറ്റല്‍, എം ഡി എസ് എന്നീ പ്രസാധകരുടെ പുസ്തകങ്ങളാണ് പ്രധാനമായും മേളയിലുള്ളത്. ഖുര്‍ആനും ഖുര്‍ആന്‍ പരിഭാഷയും വിവിധ ഇസ്‌ലാമിക സി ഡികളുമാണ് കൂടുതലായി ഇവിടെ വിറ്റഴിക്കപ്പെടുന്നത്.