അരുവിക്കരയിലെ പാഠങ്ങള്‍

Posted on: July 1, 2015 6:00 am | Last updated: June 30, 2015 at 11:35 pm
SHARE

SIRAJ.......ജി കാര്‍ത്തികേയന്റെ സ്മരണയിലും സഹതാപം ഉപയോഗപ്പെടുത്തിയും അരുവിക്കര സീറ്റ് നിലനിര്‍ത്താമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ തെറ്റിയില്ല. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 10,128 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തിന്റെ മകന്‍ ശബരീനാഥ് സീറ്റ് നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ കാര്‍ത്തികേയന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ 546 വോട്ടിന്റെ കുറവ് മാത്രം. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ഏഴിലും ശബരീനാഥന്‍ ഭൂരിപക്ഷം നിലനിര്‍ത്തുകയും ചെയ്തു. ഇതോടെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും യു ഡി എഫ് വിജയക്കൊടി പാറിച്ചു എന്ന നേട്ടമുണ്ടായി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അരുവിക്കരയിലെ വിജയം തന്റെ സര്‍ക്കാറിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയായിരുന്നു. നിയമസഭയിലെ ഭൂരിപക്ഷത്തിന് ശബരീനാഥിന്റെ വിജയം അനിവാര്യമല്ലെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നെങ്കില്‍ പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ഉമ്മന്‍ ചാണ്ടിയുടെ രാജിക്കായി മുറവിളി ഉയരുമായിരുന്നു. സോളാര്‍ കേസ് സര്‍ക്കാറിനെ പിടിച്ചു കുലുക്കിയപ്പോഴും ബാര്‍കോഴ കത്തിപ്പടര്‍ന്നപ്പോഴും അദ്ദേഹത്തെ നേതൃസ്ഥാനത്ത് നിന്ന് താഴെയിറക്കാന്‍ പാര്‍ട്ടിയിലെ എതിര്‍ ഗ്രൂപ്പുകള്‍ കരുനീക്കങ്ങള്‍ നടത്തിയതാണ്. തന്റെ ചാണക്യ സൂത്രങ്ങളാണ് ഉമ്മന്‍ ചാണ്ടിയെ അന്നൊക്കെ രക്ഷിച്ചത്. അരുവിക്കരയില്‍ തോല്‍വി സംഭവിച്ചിരുന്നെങ്കില്‍ എതിര്‍ഗ്രൂപ്പ് ഇനി ഒരു വിട്ടുവീഴ്ചക്ക് തയാറാകുകയോ ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത്യാഗത്തില്‍ കുറഞ്ഞ മറ്റൊന്നു കൊണ്ട് തൃപ്തിപ്പെടുകയോ ഇല്ലായിരുന്നു. തന്റെ സര്‍ക്കാറിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പ്രഖ്യാപിച്ചതുമാണ്. ഇതുകൊണ്ടാണ് അരുവിക്കരയിലെ പോരാട്ടം ഒരു പൊതുതിരഞ്ഞെടുപ്പിന്റെ വാശിയിലേക്കുയര്‍ന്നതും സര്‍ക്കാര്‍ സംവിധാനങ്ങളടക്കം എല്ലാ അടവുകളും അവിടെ പ്രയോഗിച്ചതും. സര്‍ക്കാറിന്റെ മദ്യനയവും തിരഞ്ഞെടുപ്പ് ഫലത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
എന്നാല്‍, തോല്‍വി സി പി എമ്മിന്, വിശേഷിച്ചും പിണറായി വിജയന് ഒരു സാധാരണ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയിലേതിനപ്പുറം പ്രഹരവുമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ കാലാവധിയുള്ളൂവെന്നിരിക്കെ ഈ ഫലം അതിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സര്‍ക്കാറിന്റെ കാലത്ത് നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും യു ഡി എഫ് വിജയിച്ച സാഹചര്യത്തില്‍ സര്‍ക്കാറിന് ജനപിന്തുണയില്ലെന്ന പ്രതിപക്ഷ പ്രചാരണത്തിന് മൂര്‍ച്ച നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍ നിന്നെല്ലാം പടിയിറങ്ങി അടുത്ത ഊഴത്തില്‍ ഇടതുമുന്നണിയെ നയിക്കാന്‍ തയാറെടുത്ത പിണറായിക്ക് ആസന്നമായ തിരഞ്ഞടുപ്പ് ഇനി കൂടുതല്‍ കടുപ്പമേറിയതായിരിക്കും. ബാര്‍കോഴ, സോളാര്‍ തുടങ്ങിയ അഴിമതിക്കഥകള്‍ സര്‍ക്കാറിനെതിരായി ഫലപ്രദമയി പ്രയോഗിക്കുന്നതില്‍ സി പി എം നേതൃത്വം പരാജയപ്പെട്ടുവെന്നും ശബരീനാഥിന്റെ ഉജ്ജ്വല വിജയം വിളിച്ചോതുന്നു.
പാര്‍ട്ടി സെക്രട്ടറിയായി അധികാരമേറ്റ ശേഷം നടന്ന തിരഞ്ഞെടുപ്പെന്ന നിലയില്‍ അരുവിക്കര കോടിയേരിക്കും അഭിമാനപ്രശ്‌നമായിരുന്നു. നേരത്തെ സംസ്ഥാന നേതൃത്വം അകറ്റിനിര്‍ത്തിയിരുന്ന വി എസിനെ തന്നെ തിഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ചുക്കാന്‍ ഏല്‍പ്പിച്ചതിന് പിന്നിലെ താത്പര്യവും ഏതു വിധേനയും അരുവിക്കര കരപറ്റുകയായിരുന്നല്ലോ. ബി ജെ പി രാജഗോപാലിനെ രംഗത്തിറക്കിയതോടെ ഈ തന്ത്രം പാളി. എല്‍ ഡി എഫിന് ലഭിക്കേണ്ട വോട്ടുകളില്‍ നല്ലൊരു ഭാഗം രാജഗോപാലിനാണ് വീണത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7,694 വോട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15,00ത്തോളം വോട്ടും നേടിയ ബി ജെ പി ഇത്തവണ 34,145 വോട്ടുകളാണ് കൊണ്ടുപോയത്. ഈ വോട്ട് ചോര്‍ച്ച സി പി എം നേരത്തെ മണത്തറിഞ്ഞിട്ടുണ്ടെന്നാണ്, ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുവെന്ന വോട്ടെണ്ണലിന്റെ തലേദിവസത്തെ കോടിയേരിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. രാജഗോപാലിന്റെ വ്യക്തിത്വത്തിന് ലഭിച്ച അംഗീകാരത്തിലുപരി, സി പി എമ്മിന്റെ മതേതര സ്വഭാവത്തില്‍ സംഭവിച്ച മാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണിവിടെ തെളിഞ്ഞു കാണുന്നത്. മതന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങളോടുണ്ടായിരുന്ന പാര്‍ട്ടിയുടെ ആഭിമുഖ്യം കുറഞ്ഞുവരുന്നത് പിന്നാക്ക സമുദായങ്ങളെ അകറ്റിയിട്ടുണ്ട്. അരുവിക്കര തിരഞ്ഞെടുപ്പ് ഫലം ഒരു പുനര്‍വിചിന്തനത്തിന് പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നില്ലെങ്കില്‍ വരുന്ന തിരഞ്ഞടുപ്പുകളിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല. അരുവിക്കരയില്‍ സി പി എം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയും സര്‍ക്കാര്‍വിരുദ്ധ വോട്ടുകള്‍ രാജഗോപാലിന്റെ പെട്ടിയില്‍ വീഴാന്‍ ഇടയാക്കിയിട്ടുണ്ട്. അവിടെ ഏതു വിധേനയും വിജയിച്ചു സര്‍ക്കാറിന്റെ നിലനില്‍പ്പ് ഭദ്രമാക്കാനുള്ള ലക്ഷ്യത്തില്‍ നടത്തിയ ഈ പ്രസ്താവന പക്ഷേ ആത്മഹത്യാപരമായിപ്പോയി. താത്കാലിക നേട്ടത്തിന് വേണ്ടിയുള്ള ഇത്തരം പരാമര്‍ശങ്ങള്‍, ഭൂരിപക്ഷ വര്‍ഗീയതയുടെ വളര്‍ച്ചയെ സഹായിക്കുമ്പോള്‍ സി പി എമ്മിന് മാത്രമല്ല, ഭാവിയില്‍ അത് കോണ്‍ഗ്രസിനും കനത്ത ആഘാതമേല്‍പ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതൃത്വവും ഓര്‍ക്കേണ്ടതായിരുന്നു.