പ്രതിപക്ഷനേതാവെന്ന നിലയില്‍ വി എസ്സിന്റെ അവസാന പ്രസംഗം: ചെന്നിത്തല

Posted on: June 25, 2015 5:56 am | Last updated: June 25, 2015 at 12:56 am

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് അവസാനമായി നടത്തിയ പ്രസംഗമാകും അരുവിക്കരയിലേതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അദ്ദേഹം ഇനി ആ സ്ഥാനത്ത് തുടരുമോ എന്ന കാര്യം കാത്തിരുന്ന് കാണണമെന്നും അരുവിക്കരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. പ്രചാരണത്തിനിറങ്ങാതെ മായാവിയെ പോലെ ഒളിഞ്ഞിരിക്കുകയാണ് പിണറായി. വി എസ്സിനെ പ്രചാരണത്തിനിറക്കിയതിലുള്ള അതൃപ്തി കാരണമാണ് പിണറായി മാറിനില്‍ക്കുന്നത്. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ വി എസിന്റെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കാനാണ് പിണറായിയുടെ ശ്രമം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിണറായിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതു കൊണ്ടാണോ അദ്ദേഹം മായാവിയെ പോലെ മാറി നില്‍ക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. പാളയത്തിലെ പട അവസാനിപ്പിക്കാതെ എങ്ങനെ തെരഞ്ഞെടുപ്പില്‍ സി പി എം ജനങ്ങളോട് വോട്ട് ചോദിക്കും. ജനങ്ങള്‍ പാര്‍ട്ടിയെ എങ്ങനെ വിശ്വസിക്കും. തോല്‍വി ഉറപ്പായതുകൊണ്ടാണ് ഇല്ലാത്ത ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നത്. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.