Connect with us

Kerala

കേരള രാഷ്ട്രീയം അരുവിക്കരയിലേക്ക് ചുരുങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം: നിര്‍ണായകമായ അരുവിക്കര ഉപതിരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ബാക്കി നില്‍ക്കെ കേരള രാഷ്ട്രീയം അരുവിക്കരയിലേക്ക് ചുരുങ്ങുന്നു. ഇരുമുന്നണികളുടെയും അഭിമാനപ്പോരാട്ടത്തിന് വേദിയൊരുങ്ങുന്ന അരുവിക്കരയില്‍ വാഴാനായില്ലെങ്കിലും വീഴ്ത്താനാവുമെന്ന വിശ്വാസത്തോടെ ബി ജെ പിയും രംഗത്തുള്ള തിരഞ്ഞെടുപ്പില്‍ വിജയം പിടിച്ചെടുക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് ഇരുമുന്നണികളും. ഒപ്പം മുന്നണികളുടെയും ബി ജെ പിയുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന തരത്തില്‍ വോട്ട് ചോര്‍ച്ചയുണ്ടാക്കുമെന്ന അവകാശവാദവുമായി മുന്‍ സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പാര്‍ട്ടിയുടെ സാന്നിധ്യവും സ്ഥാനാര്‍ഥികളുടെയും, മുന്നണികളുടെയും മുട്ടിടിപ്പിക്കുന്നുണ്ട്. പ്രചാരണത്തിന്റെ ആദ്യഘട്ടമായി സ്ഥാനാര്‍ഥികളും, പ്രവര്‍ത്തകരും രണ്ടുതവണ മണ്ഡല പര്യടനം പൂര്‍ത്തിയാക്കിയ ഇരുമുന്നണികളും ബി ജെ പിയും രണ്ടാം ഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കളെയും, ഘടകകക്ഷി നേതാക്കളെയും രംഗത്തിറക്കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇതോടൊപ്പം കുടുംബയോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
എ കെ ആന്റണി ആരംഭിച്ച പ്രാചരാണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനുമാണ് നേതൃത്വം നല്‍കുന്നത്. ആദിവാസി കോളനികളും, ഗ്രാമങ്ങളും നാട്ടിന്‍പുറങ്ങളിലും കയറി ഇറങ്ങി വോട്ടഭ്യര്‍ഥിക്കുന്ന നേതാക്കള്‍ തങ്ങളുടെ പ്രചാരണയോഗങ്ങളിലെ ആള്‍ക്കൂട്ടങ്ങളെ വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മുഴുവന്‍ ഘടകകക്ഷി നേതാക്കളെയും, എം എല്‍ എമാരെയും രംഗത്തിറക്കുന്നുണ്ട്. മുന്നണിയില്‍ ഇടഞ്ഞ് നില്‍ക്കുന്ന എം പി വീരേന്ദ്രകുമാറിന്റെ പര്യടനം ഇതിന്റെ ഭാഗമായിരുന്നു. ഒപ്പം ആര്‍ എസ് പി നേതാക്കളെ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യിപ്പിക്കുന്നതിലും യു ഡി എഫ് നേതൃത്വം വിജയിച്ചിട്ടുണ്ട്. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദും ഇന്നലെ മണ്ഡലത്തില്‍ പര്യടനം നടത്തി. പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ ദേശീയ നേതാക്കളെയും രംഗത്തിറക്കാനുള്ള തീരുമാനത്തിലാണ്.
വിജയപ്രതീക്ഷ പുലര്‍ത്തുന്ന ഇടതുപക്ഷം വളരെ ചിട്ടയോടെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രാദേശിക നേതാക്കളും, പാര്‍ട്ടി പ്രവര്‍ത്തകരുംമാത്രം സ്ഥാനാര്‍ഥിക്കൊപ്പം നിന്ന് ആദ്യ രണ്ട് റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് എല്‍ ഡി എഫ് നേതൃത്വം മറ്റു പ്രചാരണ രീതികളിലേക്ക് കടന്നത്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിന് എത്തിയ നേതാക്കളെ വീണ്ടും മണ്ഡലത്തിലേക്ക് എത്തിക്കുന്നത് രണ്ടാംഘട്ടത്തിലാണ്. പാര്‍ട്ടിയില്‍ എത്രകുഴപ്പക്കാരനാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വി എസ് അച്യുതാനന്ദനെ വെല്ലാന്‍ മറ്റൊരു നേതാവ് ഇടതുമുന്നണിയിലില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്ന പാര്‍ട്ടിയും മുന്നണിയും തങ്ങളുടെ തുരുപ്പ് ചീട്ടായി മണ്ഡലത്തില്‍ ഉപയോഗിക്കുന്നത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ തന്നെയാണ്.
മണ്ഡലത്തെ ഇളക്കിയ ആദ്യഘട്ടപ്രചാരണത്തിന് ശേഷം ഇന്നലെ വീണ്ടും മണ്ഡലത്തിലെത്തിയ വി എസ് അച്യുതാനന്ദന്റെ സാന്നിധ്യം മുന്നണിക്ക് ഏറെ ആശ്വാസം പകരുന്നതാണ്. ഇന്നും വി എസ് മണ്ഡലത്തില്‍ പ്രചാരണം നടത്തുണ്ട്.ഇന്ന് വൈകുന്നേരം നാലിന് തൊളിക്കോട് മേഖല റാലിയില്‍ സംസാരിക്കുന്ന വി എസ് അച്യുതാനന്ദന്‍ നാളെ കുറ്റിച്ചലിലും, വ്യാഴാഴ്ച ഉഴമലയ്ക്കല്‍, ചക്രപാണിപുരം, വെള്ളിയാഴ്ച പൂവച്ചല്‍, ശനിയാഴ്ച അരുവിക്കര എന്നിവിടങ്ങളിലും മേഖലാ റാലികളിലും പ്രചാരണ പൊതുയോഗങ്ങളിലും പ്രസംഗിക്കും.
ഒപ്പം പ്രമുഖ ഘടകകക്ഷിയായ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ മണ്ഡലത്തിലെത്തും. ഒപ്പം മുന്നണിയിലെ യുവ എം എല്‍മാരായ ഡോ. കെ ടി ജലീല്‍, വി എസ് സുനില്‍കുമാര്‍ എന്നിവരും മണ്ഡലത്തിലെ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ രംഗത്തുണ്ട്.
അതേസമയം ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലും അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥിയും മുന്നണികള്‍ക്ക് ഭീഷണിയാകും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest