Connect with us

Articles

അയാം എ കോംപ്ലാന്‍ പുഴു!

Published

|

Last Updated

മായേ എന്ന വിളിയാണ് കുട്ടിക്കാലത്ത് ഞങ്ങള്‍ ആദ്യം കേട്ടത്. ലതേച്ചിയുടെ നീട്ടിയുള്ള വിളിയാണ്. അയല്‍വീട്ടിലെ ലതേച്ചിയുടെ മകളാണ് മായ. മായേ, നീ പഠിക്കുന്നുണ്ടോ, കടയില്‍ചെന്ന് സാധനം വാങ്ങി വാ എന്നൊക്കെ. അവളെ കല്യാണം കഴിച്ചപ്പോള്‍ ആ വിളി നിലച്ചു. പിന്നീട് ലതേച്ചിക്ക് മായയില്ലാത്ത ജീവിതം. വല്ലപ്പോഴും വീട്ടില്‍ വരുമ്പോള്‍ വീണ്ടും കേട്ടു ആ വിളി. എടീ മായേ…
അങ്ങാടിയില്‍ മായന്‍കുട്ടിയുടെ കടയില്‍ നിന്നാണ് ഞങ്ങള്‍ സാധനങ്ങള്‍ വാങ്ങിയിരുന്നത്. നല്ല സാധനങ്ങള്‍ കിട്ടിയിരുന്നു. അധിക വിലയുമില്ല. മായന്‍കുട്ടി മരിച്ചതോടെ കടയില്ലാതെയായി. എങ്കിലും ഇന്നും ആളുകള്‍ പറയും, മായന്‍കുട്ടിയുടെ മായമില്ലാത്ത കച്ചവടക്കാലത്തെ കുറിച്ച്..
മായാജാലം കണ്ടത് സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. കറുത്ത കോട്ടിട്ട മായാജാലക്കാരന്‍ തൊപ്പിയില്‍ നിന്ന് പ്രാവിനെ എടുക്കുന്നതും മുന്തിരി വീഞ്ഞാക്കുന്നതും മായയറിയാത്ത ഞങ്ങള്‍ ആവോളം ആസ്വദിച്ചു.
ഇന്നിപ്പോള്‍ പറമ്പില്‍ കുമ്മായം വിതറുന്ന കണ്ണേട്ടന്‍ പറഞ്ഞതിങ്ങനെ: എല്ലാത്തിലും മായം, ഇക്കുമ്മായത്തിലും. കുമ്മായം എന്ന വാക്കില്‍ തന്നെ മായമുണ്ടെന്ന് കണ്ണേട്ടന്‍ അറിഞ്ഞോ ആവോ!
മായമില്ലാത്തതായി ഒന്നുമില്ലാതായി എന്ന് തോന്നുന്നു. ചില പാക്കറ്റ് പാലില്‍ മായമുണ്ടെന്ന് സര്‍ക്കാര്‍ ഇടക്കിടെ നാട്ടുകാരെ അറിയിക്കുന്നു. മുളക് പൊടിയില്‍ മായം, മഞ്ഞള്‍പൊടിയില്‍ മായം. ചായപ്പൊടിയില്‍ മായം, കുരുമുളകില്‍ മായം, മായമില്ലാത്തതായി എന്തുണ്ട് എന്നേ ഇപ്പോള്‍ ചോദ്യമുള്ളൂ. ചിലരെ മായക്കേസില്‍ പിടികൂടുന്നു. പിന്നെ ഈ മായക്കേസൊക്കെ എന്താകുന്നുവെന്ന് ആര്‍ക്കറിയാം.
പച്ചക്കറിയുടെ കാര്യം അറിയാമല്ലോ. അയല്‍നാടുകളിലെ പച്ചക്കറി മാത്രമല്ല, നമ്മുടെ നാട്ടിലെ പച്ചക്കറിയും മായമാണത്രേ. പാക്കറ്റ് സാധനങ്ങളുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്.
മാഗിയിലെ മായമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. എത്രയോ കാലമായി ഈ വിഷം വില്‍ക്കുന്നു. ഉദ്യോഗസ്ഥര്‍ കണ്ണടക്കുന്നു. ഇതൊന്നുമറിയാതെ സാധാരണക്കാരന്‍ വാങ്ങിത്തിന്നു. മറ്റ് നൂഡില്‍സും പരിശോധിക്കണമെന്നാണ് ആവശ്യം. ആര്‍ക്കാണിതില്‍ താത്പര്യം?
മന്ത്രിയുടെ ബിരുദം മായമാണെന്നാണ് പുതിയ വാര്‍ത്ത. പരീക്ഷയെഴുതാതെ ഒപ്പിച്ചതാണെന്ന്. ആപ്പിലെ മന്ത്രി ഒടുവില്‍ ആപ്പിലായി. വ്യാജ ബിരുദ മാഫിയയുമായി ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത്. മായാ ബിരുദമുള്ള മന്ത്രിമാര്‍ ഇനിയുമുണ്ടത്രേ. ~~
ഒടുവിലിതാ കോംപ്ലാനില്‍ പുഴുവിനെ കണ്ടതായി വാര്‍ത്ത. നാട്ടുകാരുടെ ആരോഗ്യം സംരക്ഷിക്കാന്‍ തയ്യാറാക്കി വില്‍ക്കാന്‍ വെച്ച പാനീയമാണ്. അതിലാണ് പുഴു.
ഇനി തലയുയര്‍ത്തി പറയാമല്ലോ, അയാം എ കോംപ്ലാന്‍ പുഴു!

---- facebook comment plugin here -----

Latest