വിദ്യാര്‍ഥികളുടെ സൗജന്യയാത്ര പിന്‍വലിച്ച് കെ എസ് ആര്‍ ടി സി; ഉത്തരവ് റദ്ദാക്കി ഗതാഗതമന്ത്രി

Posted on: June 9, 2015 10:13 pm | Last updated: June 9, 2015 at 11:58 pm

ksrtc1

തിരുവനന്തപുരം: സൗജന്യ യാത്ര പിന്‍വലിച്ചുകൊണ്ട് കെ എസ് ആര്‍ ടി സി ഇറക്കിയ ഉത്തരവ് മന്ത്രി ഇടപെട്ട് റദ്ദാക്കി. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ അനുവദിച്ചിരുന്ന സൗജന്യ യാത്രാസൗകര്യം പിന്‍വലിച്ചു കൊണ്ട് ഇന്നലെ കെ എസ് ആര്‍ ടി സി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കെ എസ് ആര്‍ ടി സിയുടെ നടപടി തിരുത്തി സൗജന്യയാത്ര തുടരുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
പ്ലസ് ടു വരെയുള്ളവര്‍ക്ക് സൗജന്യയാത്ര സൗകര്യം നടപ്പാക്കുന്നതു മൂലം കെ എസ് ആര്‍ ടി സിക്ക് ഉണ്ടാകുന്ന വന്‍ വരുമാന നഷ്ടം പരിഗണിച്ചാണ് സൗജന്യ യാത്ര റദ്ദാക്കിക്കൊണ്ട് ഇന്നലെ കെ എസ് ആര്‍ ടി സി ഉത്തരവിറക്കിയത്. ഡീസലിന്റെ വില വര്‍ധനയിലൂടെ 36 ലക്ഷം രൂപയാണ് അധികച്ചെലവുണ്ടാകുന്നത്.
2014 അധ്യയന വര്‍ഷത്തില്‍ നിലനിന്നിരുന്ന സൗജന്യനിരക്കിലുള്ള കണ്‍സഷന്‍ ടിക്കറ്റ് സമ്പ്രദായം പുനഃസ്ഥാപിച്ചു കൊണ്ടായിരുന്നു കെ എസ് ആര്‍ ടിസി എം ഡിയുടെ ഉത്തരവ്. ഉത്തരവനുസരിച്ച് ഇന്നു മുതല്‍ പ്ലസ്ടു ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ മുന്‍കൂര്‍ പണമടക്കുന്ന കണ്‍സഷന്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തിലാകണം കെ എസ് ആര്‍ ടി സിയില്‍ യാത്ര ചെയ്യേണ്ടതെന്ന് നിര്‍ദേശിച്ചുകൊണ്ട് കെ എസ് ആര്‍ ടി സി എം ഡി എല്ലാ യൂണിറ്റ് മേധാവികള്‍ക്കും കത്തുമയച്ചിരുന്നു. ഉത്തരവിനെ തള്ളി സൗജന്യ യാത്ര തുടരുമെന്നു തിരുവഞ്ചൂര്‍ വ്യക്തമാക്കിയിട്ടും ഗതാഗത വകുപ്പിന്റെ ഉത്തരവിനെക്കുറിച്ച് മന്ത്രിയുടെ ഓഫീസ് പ്രതികരിക്കാന്‍ തയ്യാറായില്ല. 2014 ഫെബ്രുവരി മുതലാണ് ടൗണ്‍ ടു ടൗണ്‍ ഒഴികെയുള്ള എല്ലാത്തരം ഓര്‍ഡിനറി സര്‍വീസുകളിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ആദ്യഘട്ടത്തില്‍ 1,30,000 വിദ്യാര്‍ഥികളാണ് യാത്രാ സൗജന്യത്തിന് അര്‍ഹരായത്. ദിവസത്തില്‍ രണ്ടു തവണയാണ് സൗജന്യം അനുവദിച്ചിരുന്നത്. ഒരു വര്‍ഷത്തേക്കു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി വിജയകരമായാല്‍ വിപുലീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡീസലിന്റെ വില വര്‍ധിച്ചത് പദ്ധതിക്ക് തിരിച്ചടിയായിരുന്നു. അതേസമയം, അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സൗജന്യയാത്ര പിന്‍വലിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്നതാണ് നിലപാട് മാറ്റത്തിനു പിന്നിലെന്നാണ് സൂചന.