Connect with us

Health

കറിമസാല മുതല്‍ ജീരകം വരെ വിഷമയം

Published

|

Last Updated

തൃശൂര്‍: കേരളത്തിലെത്തുന്ന സുഗന്ധവ്യഞ്ജനങ്ങളിലും മസാലപ്പൊടികളിലും വിഷാംശം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയത്. വിവിധ ജില്ലകളിലെ പൊതുവിപണികളില്‍ നിന്ന് ശേഖരിച്ച പല ബ്രാന്‍ഡില്‍ ലഭിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ പതിനാലിനം സാമ്പിളുകളിലാണ് വിഷാംശം കണ്ടെത്തിയത്. വെള്ളായനിയിലെ കീടനാശിനി അവശിഷ്ട ലാബിന്റെ പരിശോധന റിപ്പോര്‍ട്ടിലാണ് ഈ വിവരം.
മല്ലി, ചുക്ക് പൊടി, ജീരകം, വറ്റല്‍മുളക്, ഏലക്ക, ജീരകപ്പൊടി, തൈര്മുളക്, അച്ചാര്‍ പൊടി, ഗരം മസാല, മുളകുപൊടി, പെരുംജീരകം, കാശ്മീരി മുളകുപൊടി, രസംപൊടി, കറിമസാല എന്നിവയുടെ സാമ്പിളുകളിലാണ് അപകടകരമായ തോതില്‍ വിഷാംശം കണ്ടെത്തിയത്. ക്യുനാല്‍ഫോസ്, ബീറ്റ എന്‍ഡോസള്‍ഫാന്‍, എത്തയോണ്‍, മാലത്തയോണ്‍, പെന്റിമെതാലിന്‍, ഫൊസലോണ്‍, മീഥലയില്‍ പാര്‍ത്തയോണ്‍, ആല്‍ഫ എന്‍ഡോസള്‍ഫാന്‍ ക്ലോര്‍പൈറിഫോസ്, സൈപെര്‍മെത്രിന്‍, പ്രൊഫെനോഫോസ് എന്നീ കീടനാശിനികളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. റ്റൊമാറ്റൊ റൈസ് മസാല, സാമ്പാര്‍ പൊടി, ചതച്ച മുളക്, മല്ലിപ്പൊടി, അയമോദകം മുതലായവയുടെ സാമ്പിളുകളിലും വിഷാംശം കണ്ടെത്തിയെങ്കിലും അളവ് നിശ്ചിതപരിധിക്ക് താഴെ മാത്രമായിരുന്നു.
പൊതുവിപണിയില്‍ നിന്ന് ശേഖരിച്ച എട്ട് ഇനത്തില്‍പ്പെട്ട സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ 31 സാമ്പിളുകള്‍ എല്ലാം തന്നെ വിഷവിമുക്തമായാണ് പരിശോധന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, കാസര്‍കോട് നഗരങ്ങളിലെ പച്ചക്കറി കടകള്‍, സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവടങ്ങളില്‍ നിന്ന് ശേഖരിച്ച 34 ഇനം പച്ചക്കറികളുടെ സാമ്പിളുകളില്‍ നാലിനത്തില്‍പ്പെട്ട അഞ്ച് സാമ്പിളുകളില്‍ മാത്രമാണ് ( കറിവേപ്പില-2, പച്ചമുളക്-1, കാപ്‌സിക്കം പച്ച-1, ചുവപ്പ് ചീര-1) നിശ്ചിതപരിധിക്ക് മുകളില്‍ വിഷാംശം കണ്ടെത്തിയത്. പന്ത്രണ്ട് ഇനം പഴവര്‍ഗങ്ങളുടെ 33 സാമ്പിളുകളില്‍ പച്ചമുന്തിരിയുടെ ഒരു സാമ്പിളില്‍ മാത്രമാണ് പരിധിക്കു മുകളില്‍ വിഷാംശം കണ്ടത്. തൃശൂര്‍ ജില്ലയില്‍ നിന്ന് ശേഖരിച്ച പത്ത് പച്ചക്കറി സാമ്പിളുകളില്‍ മല്ലിയിലയുടെ ഒരു സാമ്പിളില്‍ മാത്രമാണ് “സേഫ്റ്റ് റ്റു ഈറ്റ്” മാനദണ്ഡം ലംഘിച്ചത്. കാസര്‍കോട് ജില്ലയിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വിഷാംശം ഒന്നുംതന്നെ കണ്ടെത്തിയില്ല.