Connect with us

National

ഗ്രീന്‍പീസ് പ്രവര്‍ത്തകനെ ഇന്ത്യയില്‍ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം

Published

|

Last Updated

ന്യൂഡല്‍ഹി: ഗ്രീന്‍പീസ് പ്രവര്‍ത്തകയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട വിവാദം അവസാനിക്കും മുമ്പ് സംഘടന മറ്റൊരു ആരോപണവുമായി രംഗത്തെത്തി. സര്‍ക്കാറേതര സന്നദ്ധസംഘനയായ ഗ്രീന്‍പീസ് ഇന്റര്‍നാഷനല്‍ പ്രവര്‍ത്തകനെ ഇന്ത്യയില്‍ വരാന്‍ അനുവദിക്കുന്നില്ലെന്നാണ് അവരുടെ പുതിയ ആരോപണം.
കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ആസ്‌ത്രേലിയക്കാരനായ ആരോണ്‍ ഗ്രെ ബ്ലോക്കിനെയാണ് അധികൃതര്‍ തിരിച്ചയച്ചത്. ആസ്‌ത്രേലിയന്‍ പാസ്‌പോര്‍ട്ടും മറ്റ് യാത്രാരേഖകളുമുണ്ടായിട്ടും ഇയാളെ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവദിച്ചില്ലെന്നാണ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഗ്രീന്‍പീസ് ആരോപിക്കുന്നത്.
ബിസിനസ് വിസയിലാണ് ആരോണ്‍ ഇന്ത്യയിലെത്തിയത്. ഇയാളെ തിരിച്ചയക്കാന്‍ മതിയായ കാരണങ്ങളൊന്നും തന്നെയില്ല. ഈ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രീന്‍പീസ് ഇന്ത്യയുടെ പ്രോഗ്രാം കോഓഡിനേറ്റര്‍ ദിവ്യ രഘുനന്ദന്‍ പറഞ്ഞു. ആരോണിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതായും പിന്നീട് ക്വലാലംപൂരിലേക്കുള്ള മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ട് അവിടെ എത്തിയ ശേഷം മാത്രം പാസ്‌പോര്‍ട്ട് തിരികെ നല്‍കുകയും ചെയ്യുകയായിരുന്നെന്നും ആരോപണമുണ്ട്. ഇദ്ദേഹം ഇപ്പോള്‍ ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള സംഭവം ഇതാദ്യമല്ലെന്നാണ് ഗ്രീന്‍പീസ് ഭാരവാഹികള്‍ പറയുന്നത്. അന്താരാഷ്ട്ര നിയമ പ്രകാരവും ഇന്ത്യന്‍ ഭരണഘടന പ്രകാരവും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. നേരത്തെ പ്രിയ പിള്ള എന്ന ഗ്രീന്‍പീസ് ഇന്ത്യ പ്രവര്‍ത്തകയെ ന്യൂഡല്‍ഹി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും ലണ്ടനിലേക്കുള്ള അവരുടെ യാത്ര തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യാനായിരുന്നു പ്രിയ പിള്ള ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്. എന്നാല്‍, പ്രിയ പിള്ളയെ തടഞ്ഞുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം ഡല്‍ഹി ഹൈക്കോടതി ചോദ്യം ചെയ്തു.
അതിന് ശേഷമാണ് കഴിഞ്ഞ ദിവസം ആരോണിന് നേരെ ബെംഗളുരു വിമാനത്താവളത്തില്‍ സമാനമായ നീക്കമുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ ഗ്രീന്‍പീസ് ഇന്ത്യയുടെ ബേങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഇതിനെതിരെ ഈ പരിസ്ഥിതി സന്നദ്ധ സംഘം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Latest