സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്‌സുമാരില്ല;പനി പ്രതിരോധം പാളുന്നു

Posted on: June 6, 2015 5:07 am | Last updated: June 6, 2015 at 12:08 am

കണ്ണൂര്‍: സംസ്ഥാനത്ത്് മഴക്കാല രോഗങ്ങള്‍ പടര്‍ന്ന്് പിടിക്കുമ്പോഴും മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളെ പരിചരിക്കാന്‍ നഴ്‌സുമാരുമില്ല. വിവിധ ജില്ലകളിലായി നഴ്‌സുമാരുടെ 1500ഓളം ഒഴിവുകള്‍ നികത്താനാണ് മാസങ്ങളായിട്ടും നടപടിയില്ലാത്തത്. രോഗികള്‍ക്ക്്് നേരിട്ട് പരിചരണം നല്‍കുന്ന ഗ്രേഡ് വണ്‍ വിഭാഗത്തില്‍പ്പെട്ട നഴ്‌സുമാരുടെയടക്കം വലിയ തോതിലുള്ള ഒഴിവുകളുള്ളതിനാല്‍ പകര്‍ച്ചപ്പനി ഉള്‍പ്പടെയുള്ളവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കാണിക്കപ്പെടുന്നുണ്ട്. 2013മുതല്‍ ഗ്രേഡ്് വണ്‍ ഗ്രേഡ് ടു എന്നിങ്ങനെ രണ്ടായി നഴ്‌സിംഗ് തസ്തിക തരംതിരിച്ചതിനാല്‍ ഗ്രേഡ്് വണ്‍ തസ്തികയിലേക്കുള്ള പ്രമോഷന്‍ നിര്‍ത്തലാക്കിയതു കാരണം ഈ തസ്തികയില്‍ വലിയ തോതിലുള്ള ഒഴിവുകളാണുള്ളത്. ഇത്തരത്തില്‍ 500ഓളം ഒഴിവുകളാണ് മാസങ്ങളായി നികത്തപ്പെടാത്തത്. ആകെയുള്ള 1500 ഒഴിവുകളില്‍ ഹെഡ് നഴ്‌സുമാരുടെ 200 ഓളം ഒഴിവുകളും നിലവിലുണ്ട്. നഴ്‌സിംഗ്്് അസിസ്റ്റന്റ് തസ്തികയിലും 300 ഒഴിവുകള്‍ ആറു മാസത്തിലധികമായി നികത്താതെ കിടപ്പുണ്ട്്്. കണ്ണൂരിലാണ് ഏറ്റവുമധികം ഒഴിവുകളുള്ളത്. 96 സ്റ്റാഫ്്് നഴ്‌സ്, ഗ്രേഡ് വണ്‍-ആറ്, ഗ്രേഡ്്് രണ്ട്-നാല് എന്നിങ്ങനെയാണ് കണ്ണൂര്‍ ജില്ലയിലെ ഒഴിവുകള്‍.
ഇതിനെല്ലാമപ്പുറം സംസ്ഥാനത്തെ 14 ജില്ലകളിലും ജില്ലാ നഴ്‌സിംഗ് ഓഫീസര്‍മാരുടെ ഒഴിവുകളില്‍ പുതുതായി നിയമനമുണ്ടായിട്ടില്ല. ജില്ലാ തലത്തിലുള്ള നഴ്‌സുമാരുടെ ജോലി ഏകോപിപ്പിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ നല്‍കുകയും ചെയ്യുകയെന്ന പ്രധാന ചുമതലകളാണ് നഴ്‌സിംഗ് ഓഫീസര്‍മാര്‍ നിര്‍വഹിക്കേണ്ടത്. ഇത്തരം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായിത്തന്നെയാണ് ബാധിക്കുന്നത്. കൂടാതെ ആശുപത്രി വികസനത്തിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ അടുത്തായി തുടങ്ങിയ സ്‌പെഷ്യാലിറ്റി കാഷ്വാലിറ്റി, പ്രസവ മുറി, ഓപ്പറേഷന്‍ തിയറ്റര്‍, ഐ സി യു, ന്യൂബോണ്‍ ഐ സി യു ഡയാലിസിസ് യൂനിറ്റ്, പാലിയേറ്റീവ് യൂനിറ്റ്, ഓങ്കോളജി തുടങ്ങിയ വിഭാഗങ്ങള്‍ പുതുതായി വന്നതോടെ കൂടുതല്‍ നഴ്‌സുമാരുടെ സേവനം അത്യാവശ്യമാവുകയും ചെയ്തിട്ടുണ്ട്.
മരുന്ന് കൊടുക്കലടക്കമുള്ള രോഗീ പരിചരണത്തിനു പുറമേ നിരവധി ചുമതലകളാണ് ഇപ്പോള്‍ നഴ്‌സുമാര്‍ക്കുള്ളത്. നഴ്‌സുമാരുടെ കുറവ് മൂലം അധിക ജോലിഭാരമുണ്ടായതോടെ കഴിഞ്ഞ ഏപ്രിലില്‍ നഴ്‌സുമാരുടെ സംഘടന വലിയ സമര പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. ആരോഗ്യ മന്ത്രിയുടെ വീട്ടുപടിക്കലേക്ക് പ്രതിഷേധ മാര്‍ച്ചുള്‍പ്പടെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ മാസം രണ്ട് കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് നഴ്‌സിംഗ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ എസ് മോളി പറഞ്ഞു. നഴ്‌സുമാരുടെ പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഈ മാസം 16ന് കണ്ണൂര്‍ ജില്ലയില്‍ നഴ്‌സുമാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്.