Connect with us

Ongoing News

ഫിഗോ തങ്ങളുടെ ഇതിഹാസമല്ലെന്ന് ബാഴ്‌സ; പകയടങ്ങാതെ ക്ലബ്ബ് അനുകൂലികള്‍

Published

|

Last Updated

ബെര്‍ലിന്‍: വര്‍ഷം പതിനഞ്ച് പിന്നിട്ടിട്ടും ബാഴ്‌സലോണ എഫ് സിക്ക് ലൂയിസ് ഫിഗോയോടുള്ള വെറുപ്പും ദേഷ്യവും അടങ്ങിയിട്ടില്ല. ഇന്ന് ബെര്‍ലിനില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുന്നോടിയായുള്ള പ്രദര്‍ശന മത്സരത്തില്‍ തങ്ങളുടെ ജഴ്‌സിയണിഞ്ഞ് കളിക്കുവാന്‍ അനുവദിക്കരുതെന്ന് ബാഴ്‌സലോണ എഫ് സി യുവേഫയോട് ആവശ്യപ്പെട്ടു. ബാഴ്‌സയുടെ ആവശ്യം യുവേഫ അംഗീകരിച്ചതോടെ യുവെന്റസിന്റെയും ബാഴ്‌സലോണയുടെയും ഇതിഹാസ താരങ്ങളും ലോകഫുട്‌ബോളിലെ മറ്റ് സൂപ്പര്‍ താരങ്ങളും തമ്മിലുള്ള പ്രദര്‍ശന മത്സരത്തില്‍ നിന്ന് ഫിഗോ പുറത്തായി.
ഒരു കാലത്ത് ബാഴ്‌സലോണയുടെ സൂപ്പര്‍ താരമായിരുന്നു ഫിഗോ. ഇന്ന് ലയണല്‍ മെസി എന്താണോ അതായിരുന്നു ബാഴ്‌സക്കന്ന് പോര്‍ച്ചുഗല്‍ താരം. എന്നാല്‍, ലോകഫുട്‌ബോളിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണയുടെ ബദ്ധവൈരികളായ റയല്‍മാഡ്രിഡിലേക്ക് ലൂയിസ് ഫിഗോ കൂടുമാറിയത് ഞെട്ടിക്കുന്നതായി. 37 ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫര്‍ അന്നത്തെ ലോകറെക്കോര്‍ഡാണ്. ഫിഗോയെ അന്ന് മുതല്‍ക്ക് ബാഴ്‌സലോണ ആരാധകര്‍ ചതിയനെന്നാണ് അഭിസംബോധന ചെയ്യുന്നത്. 2000 ത്തിലായിരുന്നു ഫിഗോ റയലിന്റെ വെള്ളക്കുപ്പായത്തിലേക്ക് ചുവട് മാറ്റിയത്. നൗകാംപിലെ തെരുവുകളില്‍ ഫിഗോയുടെ കൂറ്റന്‍ ഫ്‌ളെക്‌സുകളും കട്ടൗട്ടുകളും തീ വെച്ച് നശിപ്പിച്ചാണ് ആരാധകര്‍ അരിശം തീര്‍ത്തത്.
റയലിലെത്തിയതിന് ശേഷം ആദ്യമായി ബാഴ്‌സലോണയുടെ ഗ്രൗണ്ടായ നൗകാംപില്‍ ഫിഗോ കളിക്കാനെത്തിയത് ഉള്‍ക്കിടിലത്തോടെയാണ്. കാതടപ്പിക്കുന്ന ശബ്ദത്തിലായിരുന്നു ഫിഗോയെ കാറ്റലന്‍സ് കൂക്കി വിളിച്ചത്. ചെവിട് അടച്ചു പിടിച്ചായിരുന്നു ഫിഗോ ഗ്രൗണ്ടില്‍ നിന്നത്. കോര്‍ണര്‍ കിക്കെടുക്കാനെത്തിയപ്പോള്‍ ഫിഗോക്ക് നേരെ കുപ്പിയേറുണ്ടായി. എല്ലാ അരിശവും അതോടെ തീര്‍ന്നെന്ന് കരുതിയ ഫിഗോക്ക് തെറ്റി. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും നൗകാംപിലെത്തിയപ്പോള്‍ ഫിഗോയെ കാത്തിരുന്നത് അക്രമസ്വഭാവമുള്ള കാണികളാണ്. പന്നിയുടെ തല ഫിഗോയുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. ബിയര്‍ കാനുകളും ലൈറ്ററുകളും കുപ്പികളും തുരുതുരാ ഗ്രൗണ്ടിലേക്ക് പറന്നെത്തി. ഇരുപത് മിനുട്ടോളം മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമികളെ മാറ്റിയതിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
2001 ല്‍ റയല്‍മാഡ്രിഡ് സ്പാനിഷ് ലാ ലിഗ ജേതാക്കളായത് ഫിഗോയോടുള്ള ബാഴ്‌സലോണ ആരാധകരുടെ ദേഷ്യം വര്‍ധിപ്പിച്ചു. അതേ വര്‍ഷം ഫിഗോ ലോകഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം റയലിനൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗും ലീഗ് കിരീടങ്ങളും നേടിയ ശേഷം 2005 ല്‍ ഫിഗോ ഇന്റര്‍മിലാനിലേക്ക് കൂടുമാറി.
ലോകതാരങ്ങളും ബാഴ്‌സ-ജുവെ ലെജന്‍ഡുകളും തമ്മിലുള്ള മത്സരത്തില്‍ ലോക ടീമിന്റെ കോച്ച് സീക്കോയും ബാഴ്‌സ-ജുവെയുടേത് റൂഡ് ഗുള്ളിറ്റും പീറ്റര്‍ ഷുമൈക്കലുമാണ്.
ടീം ലൈനപ്പ്
യുവെന്റസ് & ബാഴ്‌സലോണ ഇതിഹാസങ്ങള്‍ : എഡ്വിന്‍ വാന്‍ഡെര്‍ സര്‍ (ഗോളി), സിറോ ഫെറാറ, ലുഡോവിച് ഗ്യുലി, അലസാന്‍ഡ്രോ ഡെല്‍ പിയറോ, ജിയോവാനി വാന്‍ ബ്രോങ്കോസ്റ്റ്, എഡ്മില്‍സണ്‍, ഫാബിയോ കന്നവാരോ, ഡേവിഡ് ട്രെസഗെ, മാര്‍ക് വാന്‍ ബൊമ്മല്‍, ജിയാന്‍ലൂക സബ്രോട്ട, ഡെക്കോ, എറിക് അബിദാല്‍, ക്രിസ്റ്റ്യന്‍ വിയേരി.
ലോക താരങ്ങള്‍ : ജെന്‍സ് ലെഹ്മാന്‍ (ഗോളി), കഫു, യൂറോ യോര്‍കഫ്, റോബര്‍ട് പിറസ്, പ്രെഡ്രാഗ് മിയാറ്റോവിച്, ജിയോവാനി എല്‍ബെര്‍, ക്ലാരന്‍സ് സീഡോര്‍ഫ്, റായ്, ക്രിസ്റ്റ്യന്‍ കരേമ്പു, സ്റ്റീവ് മക്മാനമാന്‍, പിയറി വാന്‍ ഹുനോക്, മാര്‍കോ മെറ്റരാസി.

Latest