ബാലപീഡനത്തിനെതിരെ വിദ്യാര്‍ഥിയുടെ സൈക്കിള്‍ യാത്ര

Posted on: June 3, 2015 4:14 am | Last updated: June 3, 2015 at 12:14 am

ന്യൂഡല്‍ഹി: ബാലപീഢനം തടയുകയെന്ന സന്ദേശവുമായി ആര്‍ സി എഫ് ഐ വളണ്ടിയര്‍ ഷാഹിദ് മുഹമ്മദിന്റെ സൈക്കിള്‍യാത്ര ഇന്ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കും. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കോയക്കുട്ടിയുടെ മകനും ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥിയുമായ ഷാഹിദ് നാല്‍പത് ദിവസം കൊണ്ട് സൈക്കിളില്‍ 4500 കിലോമീറ്റര്‍ സഞ്ചരിച്ച് ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ എത്തിച്ചേരും. 11 സംസ്ഥാനങ്ങളിലൂടെയുള്ള യാത്രക്കിടെ വിവിധ സ്ഥലങ്ങളിലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ബാലപീഡനത്തിനെതിരെ ബോധവത്കരണം നടത്തും. കൂടാതെ ലഘുലേഖകയും വിതരണം ചെയ്യും.
ജീവകാരുണ്യ സംഘടനയായ ആര്‍ സി എഫ് ഐയാണ് സൈക്കിള്‍ യാത്രയുടെ സ്‌പോണ്‍സര്‍. യാത്രക്കുപയോഗിക്കുന്ന വിദേശ നിര്‍മിത സൈക്കിള്‍ സ്‌പോണ്‍സര്‍ ചെയ്ത ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയാണ്. ദിവസവും അഞ്ച് മണിക്കൂര്‍ യാത്രയും ബാക്കിസമയങ്ങളില്‍ ബോധവത്കരണവുമാണ് ലക്ഷ്യം. ദിവസവും 100 കിലോമീറ്റര്‍ സഞ്ചരിക്കും. ആര്‍ സി എഫ് ഐ ഹെഡ്ഓഫീസില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സ്‌പോണ്‍സര്‍ഷിപ്പ് തുക ഷാഹിദിന് കൈമാറി.