Connect with us

Gulf

ഫ്രൈഡേ മാര്‍ക്കറ്റ് തീ പിടുത്തം; അല്‍ ശര്‍ഖി സ്ഥലം സന്ദര്‍ശിച്ചു, നഷ്ടപരിഹാരത്തിനും പുനര്‍ നിര്‍മാണത്തിനും ഉത്തരവിട്ടു

Published

|

Last Updated

ഫുജൈറ: മസാഫിയില്‍ കോടികളുടെ നാശനഷ്ടത്തിനിടയായ തീ പിടുത്തം നടന്ന ഫ്രൈഡേ മാര്‍ക്കറ്റില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു.
അഗ്നി വിഴുങ്ങിയ 12 കടകളും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച അല്‍ ശര്‍ഖി തീ പിടുത്തത്തിലുണ്ടായ നാശനഷ്ടങ്ങള്‍ നേരിട്ട് മനസ്സിലാക്കി. ആളപായം സംഭവിക്കാത്തതില്‍ ആശ്വാസം പ്രകടിപ്പിച്ചു. കൂടുതല്‍ നാശനങ്ങള്‍ സംഭവിക്കുന്നതിനുമുമ്പ് തീ നിയന്ത്രണ വിധേയമാക്കിയ സിവില്‍ ഡിഫന്‍സ് സംഘത്തെ പ്രശംസിച്ചു.
തീ പിടുത്തത്തില്‍ കത്തിയമര്‍ന്ന കടകള്‍ എത്രയും പെട്ടെന്ന് പൂനര്‍നിര്‍മിച്ച് കടയുടമകള്‍ക്ക് വ്യാപാരത്തിന് സൗകര്യം ചെയ്തുകൊടുക്കാന്‍ അല്‍ ശര്‍ഖി ഉത്തരവിട്ടു. അഗ്നി താണ്ഡവമാടിയതില്‍ സാമ്പത്തിക നഷ്ടം സംഭവിച്ചവരില്‍ നിന്ന് കണക്കുകള്‍ ശേഖരിക്കാനും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സന്ദര്‍ശനത്തിനിടെ അല്‍ ശര്‍ഖി ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവ് നല്‍കി. തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കാനും അല്‍ ശര്‍ഖി ആവശ്യപ്പെട്ടു.
ഇന്ത്യക്കാരുടേതുള്‍പെടെ 12 കടകളാണ് തീ പിടുത്തത്തില്‍ പൂര്‍ണമായും കത്തിയമര്‍ന്നത്. കോടികളുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. പരമ്പരാഗത വിപണന കേന്ദ്രം എന്നതോടൊപ്പം രാജ്യത്തെ സുപ്രധാന വിനോദ സഞ്ചാര സ്ഥലം എന്ന പരിഗണന കൂടിയുള്ളതിനാല്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തിലാക്കണമെന്ന് ഫുജൈറ ഭരണാധികാരി ഉത്തരവിട്ടതില്‍ ആശ്വാസത്തിലാണ് എല്ലാം നഷ്ടപ്പെട്ട കടയുടമകളും അവരുടെ ജോലിക്കാരും.

Latest