മാറിയ പാഠ പുസ്തകങ്ങള്‍ അച്ചടി തുടങ്ങിയില്ല; ഇത്തവണയും പഠനം ഫോട്ടോസ്റ്റാറ്റില്‍

Posted on: May 30, 2015 5:50 am | Last updated: May 30, 2015 at 12:00 am

തിരുവനന്തപുരം: സംസ്ഥാനത്ത് നല്ലൊരു വിഭാഗം വിദ്യാര്‍ഥികളും ഇത്തവണയും പുസ്തകങ്ങളില്ലാതെ പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കും. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്ത് പാഠപുസ്തക അച്ചടിയും വിതരണവും പൂര്‍ത്തിയായിട്ടില്ല. ഇതോടെ കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും അധ്യയന വര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും പഠനത്തിനായി ഫോട്ടോസ്റ്റാറ്റിനെ ആശ്രയിക്കേണ്ടി വരുമെന്ന് ഉറപ്പായി.
വിദ്യാലയങ്ങള്‍ തുറക്കും മുമ്പേ പാഠപുസ്തകങ്ങളെത്തിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം പാഴ്‌വാക്കായി. ഈ വര്‍ഷം മാറ്റമുള്ള വിവിധ ക്ലാസുകളിലേക്കുള്ള പാഠപുസ്‌കങ്ങളുടെ അച്ചടി തുടങ്ങിയിട്ടുപോലുമില്ല. അതേസമയം, പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ പുസ്തകങ്ങളുടെ പകര്‍പ്പ് വെബ്‌സൈറ്റില്‍ നിന്നെടുത്ത് ഫോട്ടോകോപ്പിയെടുത്ത് പഠിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ഈ വര്‍ഷം മാറുന്നത്.
ഈ പാഠപുസ്‌കങ്ങളുടെ അച്ചടിയാണ് ഇതുവരെ തുടങ്ങാന്‍ കഴിയാത്തത്. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ ആവശ്യമായ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ എസ് ഇ ആര്‍ ടി സിയുടെ വെബ്‌സൈറ്റില്‍ നിന്ന് പുസ്തകങ്ങളുടെ പ്രിന്റ്ഔട്ട് ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിപ്പിക്കാന്‍ നിര്‍ദേശം നല്‍കി മുഖം രക്ഷിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.
അധ്യാപകര്‍ക്കുള്ള ഹാന്‍ഡ് ബുക്കുകളും സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാന പ്രകാരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫീസര്‍മാര്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിത്തുടങ്ങി.
എന്നാല്‍ പാഠഭാഗത്തിന്റെ പകര്‍പ്പ് എടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിന് കഴിയുമെങ്കില്‍ വിദ്യാലയങ്ങളിലെ പി ടി എ കമ്മിറ്റികളുടെ നേതൃത്വത്തിലും സര്‍വശിക്ഷാ അഭിയാന്‍ ഫണ്ടും ഉപയോഗപ്പെടുത്തണമെന്ന ഉപദേശവും വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വെക്കുന്നുണ്ട്. തത്കാലം ക്ലാസ് തുടരുന്നതിന് ഇത്തരം വഴികള്‍ ആരായണമെന്നാണ് നിര്‍ദേശം.
ഒന്നാം തരം മുതല്‍ 10 വരെ ക്ലാസുകളിലായി സംസ്ഥാനത്ത് ആകെ വേണ്ട രണ്ടര കോടി പത്തുലക്ഷത്തോളം വരുന്ന പാഠപുസ്തകങ്ങളില്‍ ഒരുകോടി നാല്‍പ്പത്തിയഞ്ച് ലക്ഷത്തോളം പുസ്തകങ്ങളുടെ അച്ചടി മാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളൂ.