തിരുവനന്തപുരം: ആവശ്യപ്പെട്ട പ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ടെക്നോപാര്‍ക്ക് ചെയ്തുകൊടുത്തിട്ടും പള്ളിപ്പുറം ടെക്നോസിറ്റിയില്‍നിന്ന് പിന്മാറുമെന്ന് അറിയിച്ച് പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസ് നല്കിയ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ യാഥാര്‍ഥ്യമില്ലെന്ന് സര്‍ക്കാര്‍. ടെക്നോപാര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള ടെക്നോസിറ്റിയില്‍ ഇന്‍ഫോസിസ് ആവശ്യപ്പെട്ട പ്രകാരം 49.84 ഏക്കര്‍ ഭൂമി 2013 മാര്‍ച്ച് 27ന് തന്നെ അനുവദിച്ചിരുന്നു. ഇതിനകം ചെയ്യേണ്ടതായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ടെക്നോപാര്‍ക്ക് അവിടെ ചെയ്തുകൊടുത്തുവെന്ന് സംസ്ഥാന വ്യവസായ ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന് അറിയിച്ചു.
ഇത്രയും കാലമായിട്ടും കെട്ടിടം പണി തുടങ്ങുന്നതിനുള്ള ഒരു നടപടിയും ഇന്‍ഫോസിസ് സ്വീകരിച്ചിട്ടില്ല. ടെക്നോസിറ്റിയില്‍ ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് ടെക്നോപാര്‍ക്കും ഇന്‍ഫോസിസും കക്ഷികളായി ഒപ്പിട്ട ധാരണാപത്രത്തിലെ വ്യവസ്ഥകളുടെ ലംഘനമാണിത്. പാട്ടക്കരാര്‍ ഒപ്പിട്ട് ഒരു വര്‍ഷത്തിനകം കെട്ടിടം പണി തുടങ്ങേണ്ടതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്‍ഫോസിസിന് കത്തയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് ടെക്നോപാര്‍ക്ക് സി ഇ ഒ. കെ ജി ഗിരീഷ് ബാബു പറഞ്ഞു.
അനൗദ്യോഗികമായി ഇന്‍ഫോസിസ് അറിയിച്ചത് ടെക്നോസിറ്റിയില്‍ ക്യാമ്പസ് തുടങ്ങാന്‍ തത്കാലം ആകില്ലെന്നാണ്. അതിനുപകരമായി ടെക്നോപാര്‍ക്കിനുസമീപം ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന രണ്ടാംഘട്ടം കൂടുതല്‍ വികസിപ്പിക്കുമെന്നാണ് അറിയിച്ചത്. ടെക്നോസിറ്റിയിലെ നിര്‍ദിഷ്ട ക്യാമ്പസില്‍ വാഗ്ദാനം ചെയ്ത മുഴുവന്‍ തൊഴിലവസരങ്ങളും ഇവിടെ ലഭ്യമാക്കുമെന്നും അറിയിച്ചു.
എന്നാല്‍, ടെക്നോസിറ്റിയില്‍ എന്തെങ്കിലും അസൗകര്യങ്ങളുള്ളതായി ഇന്‍ഫോസിസ് സൂചിപ്പിച്ചിട്ടുപോലുമില്ലെന്ന് ഗിരീഷ് ബാബു വ്യക്തമാക്കി.
ക്യാമ്പസ് നിര്‍മിക്കുന്നതിന് ഒരു ക്ഷേത്രം തടസ്സമാണെന്നും ടെക്നോസിറ്റിയില്‍ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ലെന്നും ഇക്കാരണങ്ങളാല്‍ ടെക്നോസിറ്റി പദ്ധതിയില്‍നിന്ന് പിന്മാറുകയാണെന്നുമാണ് ഇപ്പോള്‍ ഇന്‍ഫോസിസ് രേഖാമൂലം അറിയിച്ചിരിക്കുന്നത്. ഇന്‍ഫോസിസിന് ടെക്നോപാര്‍ക്ക് കൈമാറിയ ഭൂമിയില്‍ പെടുന്നതല്ല ക്ഷേത്രം. കത്ത് നല്കിയ ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വിലയിരുത്തലുകളാണ് കത്തില്‍ കാണുന്നത്. ഇത് ഇന്‍ഫോസിസിന്റെ കോര്‍പറേറ്റ് നിലപാടാണെന്ന് കരുതുന്നില്ലെന്നും ഗിരീഷ് ബാബു പറഞ്ഞു. ഇന്‍ഫോസിസിന്റെ ഉന്നത മാനേജ്മെന്റും ടെക്നോപാര്ക്ക്സംസ്ഥാനസര്ക്കാര് അധികൃതരും തമ്മിലുള്ള മികച്ച ബന്ധം കണക്കിലെടുക്കുകയാണെങ്കില്‍ അടിസ്ഥാന സൗകര്യത്തിന്റെ പേരില്‍ ഇത്തരമൊരു ആരോപണം ഉണ്ടാകേണ്ടതില്ല. ഇന്‍ഫോസിസിന് അനുവദിച്ച ഭൂമി പ്രത്യേക സാമ്പത്തിക മേഖലയില്‍ പെടുന്നതാണ്. പ്രത്യേക സാമ്പത്തിക മേഖലാ തീരുമാനം വന്നിട്ടും ഇന്‍ഫോസിസ് കെട്ടിടം പണി തുടങ്ങിയില്ല. ടെക്നോസിറ്റിയില്‍ 5.96 കോടി രൂപ മുടക്കി റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇന്‍ഫോസിസിന് നല്‍കിയിട്ടുള്ള ഭൂമിക്കുമുന്നിലൂടെ നാലുവരിപ്പാതയാണ് നിര്‍മിച്ചിരിക്കുന്നത്. വൈദ്യുതി വിതരണത്തിനായി 2.73 കോടിയും ജലവിതരണത്തിനായി 17.87 കോടിയും ചെലവിട്ടു. 110 കെ വി സബ്സ്റ്റേഷനായി ഇനിയും 41 കോടി രൂപ മുടക്കുന്നുണ്ട്. ഇന്‍ഫോസിസ് കെട്ടിടം പണി തുടങ്ങുമ്പോഴേക്കും വെള്ളവും വൈദ്യുതിയുമെല്ലാം ലഭ്യമായിരിക്കും. പണി തുടങ്ങുന്നതിന് തടസ്സങ്ങള്‍ ഒന്നുമില്ല. കെട്ടിടങ്ങളുടെ പ്ലാന്‍ പോലും ഇന്‍ഫോസിസ് ടെക്നോപാര്‍ക്കിന് സമര്‍പ്പിച്ചിട്ടില്ല. ഇപ്പോള്‍ 11 കെ വി വൈദ്യുതി സപ്ലൈ പണിസ്ഥലത്ത് ലഭ്യമാണ്. ടെക്നോപാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഇന്‍ഫോസിസ് കെട്ടിടം പണി തുടങ്ങാത്തതിന്റെ കാരണം അറിയില്ല. ടെക്നോപാര്‍ക്ക് കരട് രൂപം നല്‍കിയിട്ടും സഹകരണ നിര്‍മാണ കരാര്‍ ഇന്‍ഫോസിസ് ഇനിയും ഒപ്പിട്ടിട്ടില്ല. ഈ കരാറിനുള്ള അപേക്ഷ പോലും നല്‍കിയിട്ടില്ല. പദ്ധതിയുടെ പ്ലാന്‍ അടക്കമുള്ള ഡ്രോയിംഗ്സ് അനുമതിക്കായി ടെക്നോപാര്‍ക്കിന് നല്‍കിയിട്ടില്ല. നിയമവ്യവസ്ഥകളടങ്ങുന്ന ബോണ്ട് ഒപ്പിടുകയോ ടെക്നോസിറ്റിയുമായി പാട്ടക്കരാറില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ടെക്നോസിറ്റിയില്‍ ഇന്‍ഫോസിസിന്റെയും യു എസ് ടി ഗ്ലോബലിന്റെയും ഭാവി പദ്ധതികള്‍ക്കായി അടിസ്ഥാനവികസന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ടെന്നും സി ഇ ഒ വ്യക്തമാക്കി.