കടല്‍ കൈമാറുകയാണ്, കോര്‍പറേറ്റുകള്‍ക്ക്

Posted on: May 29, 2015 6:00 am | Last updated: May 29, 2015 at 12:09 am

fish workers kerala2കാടിന്റെ മക്കളെന്ന പോലെയാണ് കടലിന്റെ മക്കളും. കടല്‍ എന്ന ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെട്ട് കഴിയുന്നവര്‍. എന്നാല്‍ കടലിന്റെ മക്കളെ കുടിയിറക്കി വിദേശ കുത്തകകളെ കുടിയിരുത്താനുള്ള ആസൂത്രിത നീക്കം തുടരുകയാണ്. ഉയരുന്ന പ്രതിഷേധങ്ങള്‍ ഇനിയും അധികൃതരുടെ കണ്ണ് തുറപ്പിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. കടല്‍ സമ്പത്ത് പൂര്‍ണമായി തകര്‍ന്നടിയാന്‍ പ്രാപ്തമായ നിര്‍ദേശങ്ങളോടെയുള്ള ഡോ. മീനാകുമാരി റിപ്പോര്‍ട്ട് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
വിദേശ കോര്‍പറേറ്റുകള്‍ ആദ്യമായി ഇന്ത്യന്‍ ആഴക്കടലില്‍ എത്തുന്നത് 1991ല്‍ നരസിംഹറാവു സര്‍ക്കാരിന്റെ ഉദാരവത്കരണ നടപടികളുടെ ഭാഗമായാണ്. വിദേശ സാങ്കേതിക വിദ്യയിലൂടെ ആഴക്കടലില്‍നിന്നുള്ള മത്സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ പ്രാവീണ്യമുള്ള വിദേശ കമ്പനികളുമായി സംയുക്തസംരംഭങ്ങളുണ്ടാക്കി അവരിലൂടെ ആഴക്കടല്‍ മത്സ്യബന്ധന രംഗത്ത് വന്‍നേട്ടങ്ങള്‍ കൊയ്യാമെന്നാണ് അന്ന് വിശ്വസിപ്പിച്ചത്.
ഒമ്പത് കമ്പനികള്‍ക്കായി ഇരുപത്തൊന്ന് വിദേശ കപ്പലുകള്‍ ഇന്ത്യന്‍ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ലൈസന്‍സും നല്‍കി. എല്ലാം സംയുക്ത സംരഭ പദ്ധതികളായിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ദീര്‍ഘകാല പരിചയവും സാങ്കേതിക വൈദഗ്ധ്യവും ആഴക്കടല്‍ കപ്പലുകളുടെ വന്‍വ്യൂഹവുമുള്ള തായ്‌വാനും, തായ്‌ലണ്ട്, തെക്കന്‍ കൊറിയ, റഷ്യ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ വന്‍ കമ്പനികളുമായി ചേര്‍ന്നായിരുന്നു സംയുക്ത സംരഭം. പദ്ധതി നടപ്പായെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ട രീതിയില്‍ ആഴക്കടല്‍ മത്സ്യോല്‍പാദനം വര്‍ധിപ്പിക്കാന്‍ പര്യാപ്തമായില്ല. സംയുക്തസംരംഭ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ വ്യാപകമായ മത്സ്യ കൊയ്ത്ത് നടത്തി. ഇവയാകട്ടെ കപ്പലില്‍വച്ച് തന്നെ സംസ്‌കരിച്ച് ഉല്‍പന്നങ്ങളാക്കി മാറ്റി നടുക്കടലില്‍വെച്ച് ചരക്ക് കൈമാറ്റം ചെയ്യുകയോ, വിദേശ പോര്‍ട്ടുകളില്‍ അടുപ്പിച്ച് വിപണനം നടത്തുകയോ ചെയ്യുന്ന സാഹചര്യം വന്നു.
പിടിച്ചെടുക്കുന്ന കടല്‍ വിഭവങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ കൃത്യമായി ഉത്തരവാദപ്പെട്ട ഏജന്‍സികളെ ബോധിപ്പിക്കാന്‍ പോലും തയ്യാറായില്ല. ആഴക്കടലില്‍ വിദേശ കപ്പലുകള്‍ പരസ്പരം കിടമത്സരം നടത്തി. ആഴക്കടലില്‍ നിന്ന് തീരക്കടലിലേക്ക് അതിക്രമിച്ചു കയറി. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ തൊഴില്‍മേഖലകള്‍ കൈയേറി. കൂറ്റന്‍ വലകളും ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് അനധികൃതമായി തീരക്കടലില്‍നിന്ന് മത്സ്യം കോരിയെടുത്ത് കടന്നുകളഞ്ഞു. ഇതേ ചൊല്ലി നിരന്തരസംഘര്‍ഷങ്ങള്‍ രൂപപ്പെട്ടു.
ഈ സാഹചര്യങ്ങള്‍ കടുത്ത പ്രതിഷേധം ക്ഷണിച്ച് വരുത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്ന പി മുരാരി അധ്യക്ഷനായി സമിതിയെ നിയോഗിച്ച് നയം പുനഃപരിശോധിക്കുന്നത്. ഇങ്ങിനെയൊരു അനുഭവം മുന്നില്‍ നില്‍ക്കുമ്പോഴാണ് വിദേശ കപ്പലുകള്‍ അനിയന്ത്രിതമായി ഇന്ത്യന്‍ തീരത്തോട്ട് അടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോപ്പ് കൂട്ടുന്നത്.
മത്സ്യബന്ധനം നിയന്ത്രിക്കാന്‍ തീരക്കടലില്‍ നിശ്ചിത മേഖലയെ കരുതല്‍ മേഖലയായി (ബഫര്‍സോണ്‍) പ്രഖ്യാപിക്കണമെന്നാണ് മീനാകുമാരി കമ്മറ്റി ആവശ്യപ്പെടുന്നത്. തീരത്തിനടുത്ത് 200 മുതല്‍ 500 മീറ്റര്‍ വരെ ആഴം വരുന്ന മേഖലയാണിത്. ചെറുകിട പരമ്പരാഗത ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്ന മേഖലയാണിത്. കരുതല്‍ മേഖല കൊണ്ടുവരുന്നതിനെ പിന്തുണക്കുന്നവരുമുണ്ട്. മത്സ്യങ്ങളുടെ പ്രജനനവും വളര്‍ച്ചയും സുഗമമാക്കാന്‍ ബഫര്‍ സോണ്‍ അനിവാര്യമാണെന്നാണ് കൊല്ലം ജില്ലാ ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ചാര്‍ളി ജോസഫിന്റെ പക്ഷം.
കരുതല്‍ മേഖല നിര്‍ദേശത്തിനൊപ്പം തന്നെ വിദേശ മത്സ്യബന്ധന കപ്പലുകളെ ഇന്ത്യന്‍ കടലില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന റിപ്പോര്‍ട്ടിലെ ശിപാര്‍ശയെയാണ് മത്സ്യത്തൊഴിലാളികള്‍ ഒന്നടങ്കം എതിര്‍ക്കുന്നത്. അവിടെയും തീരുന്നില്ല. ഇത്തരം വിദേശ കപ്പലുകളില്‍ വന്‍തുക വേതനം നല്‍കി വിദേശ തൊഴിലാളികളെ ജോലിക്കായി നിയമിക്കണം. ഇന്ത്യന്‍ കപ്പലുകളില്‍ ഒന്നോ രണ്ടോ വിദേശ തൊഴിലാളികളെ ജോലിക്കായി നിയോഗിക്കണം. മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനങ്ങളില്‍ നിന്ന് വിദേശ കപ്പലുകളെ ഒഴിവാക്കണമെന്ന് കൂടി മീനകുമാരി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
മത്സ്യ മേഖലയില്‍ നിന്നുയര്‍ന്ന കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് ഇനിയും നടപ്പായിട്ടില്ലെങ്കിലും ശിപാര്‍ശകള്‍ തലക്കു മീതെ നില്‍ക്കുന്ന വാള്‍ പോലെ ഭീഷണിയായി നിലനില്‍ക്കുന്നു. അറിയാതെ അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ പാവപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയിലും പാക്കിസ്ഥാനിലുമെല്ലാം ജയിലുകളില്‍ കഴിയുമ്പോഴാണ് വിദേശ കപ്പലുകള്‍ക്ക് പച്ചപരവതാനി വിരിക്കാന്‍ ഭരണകൂടവും ഉദ്യോഗസ്ഥ സംവിധാനവും വെമ്പല്‍ കൊള്ളുന്നത്.
മത്സ്യലഭ്യതയില്‍ വരുന്ന കുറവോ ഇന്ത്യയിലെ കടല്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതമോ ഇവരെ അസ്വസ്ഥമാക്കുന്നില്ല. ടി യു സി ഐ സംസ്ഥാനസെക്രട്ടറി ചാള്‍സ് ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇതിന് അടിവരയിടുന്നു. ”തീരക്കടലിലെ ചൂട് കൂടുന്ന മണ്‍സൂണിന് മുമ്പ് പ്രധാനമത്സ്യങ്ങള്‍ ആഴക്കടലിലാകും. വിദേശ ട്രോളറുകള്‍ ഈ മേഖലയാകെ അരിച്ചുപെറുക്കി മത്സ്യ സമ്പത്ത് കൊള്ളയടിക്കുകയാണ് ലക്ഷ്യം.”
2004ലെ കേന്ദ്രസമുദ്ര മത്സ്യ ബന്ധന നയം പരിശോധിച്ച് പുതിയ നയം ആവിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാകുമാരി അധ്യക്ഷയായി വിദഗ്ധ സമതിയെ നിയോഗിക്കുന്നത്. സ്വിഫ്റ്റിലെ ഡോ. ലീലാ എഡ്വിന്‍, ഡോ. കെ ജെ ആന്റണി( എം ഇ ഡി എ) മത്സ്യ ഗവേഷണ കേന്ദ്രത്തിലെ പ്രതിഭാരോഹിത് തുടങ്ങി എട്ട് അംഗങ്ങളായിരുന്നു കമ്മറ്റിയില്‍. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച നയത്തില്‍ വരുത്തേണ്ട മാറ്റങ്ങളും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ മത്സ്യസമ്പത്ത് പൂര്‍ണ്ണമായി ചൂഷണം ചെയ്യാന്‍ ആവശ്യമായ ശിപാര്‍ശകള്‍ നല്‍കാനും കമ്മറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
മത്സ്യത്തൊഴിലാളികളുമായോ തീരദേശ സംസ്ഥാനങ്ങളിലെ വകുപ്പ് മന്ത്രിമാരുമായി പോലുമോ ആലോചനകള്‍ നടത്താതെയാണ് കമ്മറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ (22 കിലോ മീറ്റര്‍) പ്രദേശത്ത് പോലും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരികയെന്ന ആസൂത്രിത നീക്കം പോലും മീനാകുമാരി റിപ്പോര്‍ട്ടില്‍ സംശയിക്കുന്നു. ബഫര്‍ സോണിലെ മത്സ്യമേഖലാ പരിപാലനവും സുരക്ഷയും കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തണമെങ്കില്‍ യാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പെര്‍മിറ്റും ലൈസന്‍സും നിര്‍ബന്ധമാക്കാനും സമിതി നിര്‍ദേശിക്കുന്നു.
കരുതല്‍മേഖല പ്രഖ്യാപിച്ചാല്‍ ഫലത്തില്‍ മത്സ്യബന്ധനത്തിന് കടുത്ത നിയന്ത്രണമുണ്ടാകും. യാനങ്ങള്‍ എവിടെവരെ പോകാമെന്നതിനെക്കുറിച്ച് ആര്‍ക്കും ധാരണയില്ലാത്തതിനാല്‍ നിയമലംഘനത്തിന്റെ പേരില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിയമലംഘകരായി മാറുന്ന സ്ഥിതിവരും. ഇന്ത്യയില്‍ നിലവിലുള്ള മത്സ്യബന്ധനയാനങ്ങള്‍തന്നെ കൂടുതലാണെന്ന് വ്യക്തമാക്കുന്ന വിദഗ്ധസമിതി റിപ്പോര്‍ട്ട് പോലും അവഗണിച്ച് കൂടുതല്‍ യാനങ്ങള്‍ അനുവദിക്കണമെന്ന നിര്‍ദേശമാണ് മീനാകുമാരി മുന്നോട്ടുവെക്കുന്നത്. ആഴക്കടല്‍ മത്സ്യങ്ങളെ കൂട്ടത്തോടെ വേട്ടയാടുന്നത് ഉപരിതല മത്സ്യസമ്പത്തിന്റെ ജൈവിക സുസ്ഥിരത നിലനിര്‍ത്താന്‍ തടസ്സമാകുമെന്ന് ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലായിരുന്ന ഡോ. കെ വിജയകുമാരന്റെ നേതൃത്വത്തിലുള്ള സംഘം 2011ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
1997ല്‍ സമര്‍പ്പിക്കപ്പെട്ട മുരാരി കമ്മറ്റി ശിപാര്‍ശകള്‍ പാടെ തള്ളുന്നതാണ് മീനാകുമാരി റിപ്പോര്‍ട്ട്. മുരാരി റിപ്പോര്‍ട്ട് അനുസരിച്ച് മത്സ്യമേഖലയില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച സമിതിയോട് പോലും ചര്‍ച്ച നടത്താന്‍ മീനാകുമാരി കമ്മറ്റി തയ്യാറായില്ല. എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ച് മുന്‍വിധിയോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നറിയാന്‍ ഈ വസ്തുതകള്‍ തന്നെ ധാരാളം. സംയുക്ത സംരംഭങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്നും പുതിയ ലൈസന്‍സ് നല്‍കരുതെന്നും മത്സ്യ ബന്ധനത്തിനായി ഇനി നല്‍കുന്ന അനുമതികളെല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ പ്രസിദ്ധപ്പെടുത്തി വേണമെന്നും മുരാരി കമ്മറ്റി നിര്‍ദേശിച്ചിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ (20 മീറ്ററില്‍ താഴെയുള്ള ബോട്ടുകള്‍) പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വലിയ യാനങ്ങള്‍ അനുവദിക്കരുതെന്നും മുരാരി നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം പാടെ അവഗണിക്കുന്ന നിലപാട് സ്വീകരിച്ചാണ് പുതിയ നീക്കങ്ങള്‍.
അമിത ചൂഷണം മൂലം മറ്റു രാജ്യങ്ങളിലെ ഫിഷ്ഗ്രൗണ്ടുകള്‍ തകര്‍ച്ചയുടെ വക്കിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ തന്നെയാണ് ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും വിദേശ കുത്തകകള്‍ക്ക് കൈമാറുന്നത്.