Connect with us

National

അത്യുഷ്ണത്തില്‍ ഉത്തരേന്ത്യ വെന്തുരുകുന്നു; മരണം 750 കവിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: കടുത്ത ചൂടിനെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 750 കവിഞ്ഞു. അത്യുഷ്ണം ഏറ്റവും കൂടുതല്‍ ബാധിച്ച ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 432 ആയി. ഞായറാഴ്ച മാത്രം 165 പേരാണ് ഈ സംസ്ഥാനങ്ങളില്‍ മരിച്ചത്. ഇതില്‍ 62 പേര്‍ ആന്ധ്രാപ്രദേശുകാരാണ്. ഇരു സംസ്ഥാനങ്ങളും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധാരളം വെള്ളവും പഴങ്ങളും കഴിക്കണമെന്നും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

അത്യുഷ്ണത്തിന് കാരണമായ ഉഷ്ണക്കാറ്റ് ഈ മാസം 30 വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്നലെ 44 ഡ്രിഗ്രീ സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ കാലാവസ്ഥാനിരീക്ഷണ വിഭാഗം രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂട്. ഡെല്‍ഹിയില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ താപനിലയില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് മേധാവി ബി പി യാദവ് അറിയിച്ചു.

പഞ്ചാബ്, ഹരിയാന, ഡെല്‍ഹി എന്നിവിടങ്ങളില്‍ ഈ മാസം 28നുള്ളില്‍ ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 44.5 ഡിഗ്രീ സെല്‍ഷ്യസ് തലസ്ഥാന നഗരിയില്‍ സഫ്ദര്‍ജംഗ് നിരീക്ഷണ കേന്ദ്രത്തില്‍ ശനിയാഴ്ച രേഖപ്പെടുത്തി. സാധാരണയില്‍ നിന്ന് 5 ഡിഗ്രി അധികമാണിത്.