വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്രക്ക് ആര്‍ ടി എ വഴിയൊരുക്കുന്നു

Posted on: May 21, 2015 7:00 pm | Last updated: May 21, 2015 at 7:28 pm

ദുബൈ: വിദ്യാര്‍ഥികളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കിയും പരിസ്ഥിതിക്ക് കോട്ടം വരാത്ത തരത്തിലുമുള്ളതുമായ പുതിയതരം സ്‌കൂള്‍ ബസ് ആര്‍ ടി എയുടെ കീഴിലുള്ള ദുബൈ ടാക്‌സി കോര്‍പറേഷന്‍ പുറത്തിറക്കി.
2015-16ല്‍ വിദ്യാലയ വര്‍ഷത്തില്‍ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടും. 50 ബസുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 2024 ഓട് കൂടി ബസുകളുടെ എണ്ണം 650 ആയി വര്‍ധിപ്പിക്കുമെന്ന് ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ പറഞ്ഞു. ബസില്‍ കയറാനും ഇറങ്ങാനും സുരക്ഷിതമായ മാര്‍ഗങ്ങളുണ്ടാകും. വൈ ഫൈയും ഉണ്ടാകും. ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററുമായി റിമോട്ട് കണ്‍ഡ്രോളിലൂടെ ബസിന്റെ ഗതിവിഗതികള്‍ നിരീക്ഷിക്കും. ബസിന്റെ യാത്രാ പഥങ്ങളെ ദുബൈ നഗരസഭ ആവിഷ്‌കരിച്ച മേല്‍വിലാസ ചിഹ്നങ്ങളുമായി ബന്ധിപ്പിച്ചിരിക്കും. ബസിന്റെ യന്ത്രങ്ങള്‍ മിക്കതും പരിസ്ഥിതി സൗഹൃദ വഴിയിലൂടെ പ്രവര്‍ത്തിക്കുന്നതാണ്. ബസിനകത്ത് ശബ്ദ മലിനീകരണം ഉണ്ടാവുകയില്ല. വിദ്യാലയങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ബസുകള്‍ വാടകക്ക് നല്‍കും. തല്‍ക്കാലം ദുബൈ എമിറേറ്റിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കാണ് ഇത് ഉപയോഗപ്പെടുക. മറ്റു സുരക്ഷാ ക്രമീകരണങ്ങള്‍ വിദ്യാലയങ്ങളുടെ ചുമതലയാണ്. ഡ്രൈവര്‍മാരെയും അറ്റന്റര്‍മാരെയും നിയമിക്കേണ്ടത് വിദ്യാലയങ്ങളാണ്.
ദുബൈയില്‍ വിദ്യാര്‍ഥികളുടെ യാത്രക്ക് ഏറ്റവും സുരക്ഷിതമായ മാര്‍ഗം ഉപയോഗപ്പെടുത്തണമെന്ന 2020 വിദ്യാഭ്യാസ ആസൂത്രണ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ബസുകള്‍ ഏര്‍പെടുത്തിയിരിക്കുന്നത്. 1.51 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ബസുകളെ ഉപയോഗപ്പെടുത്തുന്നുവെന്നാണ് കണക്ക്. ഇത് 70 ശതമാനമായി വര്‍ധിക്കുമെന്നും മതര്‍ അല്‍തായര്‍ പറഞ്ഞു.