നേപ്പാള്‍ ഒരു ഉപഗ്രഹ രാഷ്ട്രമല്ല

Posted on: May 17, 2015 6:00 am | Last updated: May 16, 2015 at 11:04 pm

nepal4ഹിമാലയന്‍ രാഷ്ട്രം തുടര്‍ചലനങ്ങളുടെ ഭീതിയില്‍ തന്നെയാണ്. ആദ്യ ഭൂചലനത്തില്‍ തന്നെ എണ്ണായിരം പേര്‍ മരിച്ചുവെന്നാണ് പുറത്ത് വന്ന കണക്ക്. റിക്ടര്‍ സ്‌കെയിലില്‍ 7.3 വരെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനമുണ്ടായി. രാജ്യത്തെ 75 ജില്ലകളില്‍ മുപ്പതും താറുമാറായി. ഇതെല്ലാം കണക്കുകളാണ്. ചില മാനദണ്ഡങ്ങള്‍ വെച്ച് തയ്യാറാക്കുന്ന വെറും കണക്കുകള്‍. യാഥാര്‍ഥ്യം എല്ലായ്‌പ്പോഴും ഇതിനേക്കാള്‍ ഏറെ ഭീകരമായിരിക്കും. തകര്‍ന്ന തരിപ്പണമായ നേപ്പാള്‍ പുനര്‍നിര്‍മിക്കുകയെന്ന ദൗത്യം അത്യന്തം ശ്രമകരമാണ്. ലോകത്തിന്റെയാകെ മുന്‍കൈയില്‍ മാത്രമേ അത് സാധ്യമാകൂ. തുടര്‍ ചലനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ അസാധ്യമാക്കുന്നുമുണ്ട്. നേപ്പാളിന്റെ ഭൂമിശാസ്ത്ര സവിശേഷതകള്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നതാണ്. മഴക്കാലം വരുന്നതോടെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി അവസാനിപ്പിക്കേണ്ടി വരും. അടര്‍ന്നു നില്‍ക്കുന്ന നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തും. സുരക്ഷിതമായ കൂടുതല്‍ വാസസ്ഥലങ്ങള്‍ കണ്ടെത്തുകയെന്ന ഉത്തരവാദിത്വം കൂടി അതോടെ ദേശീയ അന്തര്‍ദേശീയ ദൗത്യ സംഘത്തിന് മേല്‍ പതിക്കും.
ഇത്തരം ദുരന്തങ്ങള്‍ മനുഷ്യനെ വിനീതനാക്കേണ്ടതാണ്. തന്റെ നിസ്സാരതയും അതേസമയം ദുരിതങ്ങളെ അതിജീവിച്ച് നിറകണ്‍ചിരിയോടെ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അപാരമായ ശേഷിയും അടയാളപ്പെടുത്തുന്നുണ്ട് അവ. പ്രകൃതിക്ഷോഭമെന്നാണല്ലോ പറയാറുള്ളത്. എന്നുവെച്ചാല്‍ പ്രകൃതിക്ക് ക്ഷോഭമടക്കാന്‍ സാധിക്കുന്നില്ല. ആരോടാണ് ക്ഷോഭം. മനുഷ്യനോട് തന്നെയായിരിക്കും അത്. അവന്റെ അഹങ്കാരത്തോടും ദുരയോടും പാരമ്പര്യ നിരാസത്തോടും വികസന വിഡ്ഢിത്തങ്ങളോടുമുള്ള പ്രകൃതിയുടെ പ്രതികരണമാണ് ഈ ഇളകിയിരിപ്പ്. ഇവിടെ അതിര്‍ത്തികള്‍ അപ്രത്യക്ഷമാകുന്നു. പ്രഭവ കേന്ദ്രം നേപ്പാളിലായിരിക്കാം. പ്രഭാവം ഇങ്ങ് കൊച്ചിയില്‍ വരെയുണ്ട്. പ്രകൃതിയുടെ സെക്കന്‍ഡുകള്‍ നീളുന്ന നിശ്വാസം മതി നാഗരികതകളെ അപ്പാടെ തുടച്ചു നീക്കാന്‍ എന്ന പച്ചപ്പരമാര്‍ഥം സ്വീകരിച്ചേ മതിയാകൂ. അത്തരമൊരു തിരിച്ചറിവില്‍ നിന്നാണ് ദുരന്ത ഭൂമിയിലേക്ക് സഹായഹസ്തങ്ങള്‍ നീളുന്നത്. പ്രതീക്ഷാനിര്‍ഭരമായ ഒരു താദാത്മ്യപ്പെടല്‍ മനുഷ്യര്‍ തമ്മില്‍ സംഭവിക്കുന്നു.
അപ്പോഴും ചില രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ മുഴച്ച് നില്‍ക്കുന്നത് കാണാനാകും. ‘നേപ്പാള്‍ ഒരു പരമാധികാര രാഷ്ട്രമാണ്. ഉപഗ്രഹ രാഷ്ട്രമല്ലെ’ന്ന് അവിടുത്തെ ജനങ്ങള്‍ക്ക് പറയേണ്ടി വന്നു. വിദേശ സൈനിക വിമാനങ്ങള്‍, ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുവരുന്നവയായാലും, ഇനിമേലില്‍ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതില്ലെന്ന് നേപ്പാള്‍ സൈനിക നേതൃത്വത്തിന് ഉത്തരവിറക്കേണ്ടി വന്നു. ട്വിറ്ററിലും നെറ്റിലെ മറ്റ് സാമൂഹിക കൂട്ടായ്മകളിലും ‘ഗോ ഹോം ഇന്ത്യന്‍ മീഡിയ’ പ്രചാരണം പൊടിപൊടിച്ചു. ദുരന്തമുഖത്തും ഇന്ത്യ- ചൈന കിടമത്സരം രൂക്ഷമാണെന്ന് ആഗോള മാധ്യമങ്ങള്‍ കണ്ടു പിടിച്ചു. രക്ഷിച്ചത് ഞങ്ങള്‍ എന്ന നിലയില്‍ അവകാശവാദങ്ങളുടെ പെരുമ്പറകളാല്‍ അന്തരീക്ഷം മുഖരിതമായി. നേപ്പാളിലെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ ദൗര്‍ബലവ്യം മുഴുവന്‍ ദുരന്തത്തിന്റെ നട്ടുച്ച വെളിച്ചത്തില്‍ തെളിഞ്ഞു കണ്ടു. ദുരിതാശ്വാസം സന്തുലിതമായി വിതരണം ചെയ്യാന്‍ സാധിക്കാത്തത് വലിയ അമര്‍ഷത്തിനും പ്രകോപനത്തിനും വഴിവെക്കുന്നതും കണ്ടു.
നേപ്പാള്‍ സര്‍ക്കാറും അന്താരാഷ്ട്ര ദാതാക്കളും തമ്മില്‍ വളരെക്കാലമായി തര്‍ക്കവും അവിശ്വാസവും നിലനില്‍ക്കുന്നുണ്ട്. സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായമുണ്ടാക്കുന്നില്ലെങ്കില്‍ പ്രതിവര്‍ഷം നല്‍കി വരുന്ന 100 കോടി ഡോളറിന്റെ സഹായം മരവിപ്പിക്കുമെന്ന് ഭൂകമ്പം ദുരിതം വിതക്കുന്നതിന് തൊട്ടു മുമ്പത്തെ മാസം അന്താരാഷ്ട്ര സംഘം മുന്നറിയിപ്പ് നല്‍കിയതാണ്. തങ്ങള്‍ നല്‍കുന്ന പണം എന്ത് ചെയ്യുന്നുവെന്ന് അറിയാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും അമേരിക്കയടക്കമുള്ളവര്‍ പറയുന്നു. ഈ തുകയുടെ നല്ല പങ്കും സൈന്യത്തിന്റെ ആധുനികവത്കരണത്തിലേക്കാണ് പോകുന്നതെന്ന പരാതിയും അവര്‍ക്കുണ്ട്. എന്നാല്‍ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍ സംഭാവനകള്‍ എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് കൊയ്‌രാള സര്‍ക്കാര്‍ വാദിക്കുന്നത്. ഈ നിലപാടിന് സൈന്യത്തിന്റെ പിന്തുണയുണ്ട്. ഒരര്‍ഥത്തില്‍ ഇത് സൈനിക നേതൃത്വത്തിന്റെ വികാരമാണ്. മറ്റുള്ളവരുടെ നടത്തിപ്പിലുള്ള രാഷ്ട്രമാകാന്‍ നിന്നു കൊടുക്കേണ്ടതില്ലെന്ന തീവ്രമെന്ന് വിശേഷിപ്പിക്കാവുന്ന ദേശീയ വികാരം രാജ്യത്തെ വിദ്യാസമ്പന്നര്‍ക്കിടയില്‍ ശക്തമാകുന്നുമുണ്ട്.
സഹായവുമായെത്തുന്ന വന്‍കിട വ്യവസായ രാഷ്ട്രങ്ങള്‍ക്ക് കൃത്യമായ അജന്‍ഡയുണ്ടെന്ന വസ്തുത ഈ സാഹചര്യത്തില്‍ വിസ്മരിക്കാനാകില്ല. അവര്‍ക്ക് പണം നല്‍കുന്നത് കോര്‍പറേറ്റ് കമ്പനികളാണ്. അവരുടെ ലക്ഷ്യം വിപണിയാണ്. ശാന്തമായ വിപണി. ഈ വിപണി സാഹര്യമൊരുക്കണമെന്നാണ് രാഷ്ട്രീയ സ്ഥിരത കൊണ്ട് അര്‍ഥമാക്കുന്നത്. അന്താരാഷ്ട്ര സഹായത്തിന്റെ വഴികളിലൂടെ രാജ്യത്തെത്തുന്ന സന്നദ്ധ സംഘടനകളെക്കുറിച്ച് നേപ്പാള്‍ ജനതക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. സഹായവിതരണം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയായിരിക്കണമെന്ന് നേപ്പാളീസ് പൗര സംഘടനകള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സഹായസാമഗ്രികളും മരുന്നും ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള നെറ്റ്‌വര്‍ക്കുകളൊന്നും ആഭ്യന്തര കലാപത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിലില്ലെന്നാണ് അന്താരാഷ്ട്രക്കാരുടെ ന്യായം.
തങ്ങളുടെ തുടര്‍ച്ചയെന്നോണമാണ്് നേപ്പാളിനെ ഇന്ത്യ കാണുന്നത്. അവിടുത്തെ രാഷ്ട്രീയ തര്‍ക്കങ്ങളില്‍ എക്കാലവും മാധ്യസ്ഥ്യം വഹിച്ചിരുന്നത് ഇന്ത്യയാണ്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് നേപ്പാളിലെ നേതാക്കളുമായി ഭരണ പ്രതിപക്ഷവ്യത്യാസമില്ലാതെ അടുത്ത ബന്ധമുണ്ട്. ഇന്ത്യന്‍ വാഹനങ്ങള്‍ അതിര്‍ത്തിയിലെ തടസ്സങ്ങളേതുമില്ലാതെ നേപ്പാളിലേക്ക് സഞ്ചരിക്കുന്നു. നമ്പര്‍ പ്ലേറ്റ് പോലുമില്ല. ഇന്ത്യന്‍ ഉത്പന്നങ്ങളാണ് നേപ്പാള്‍ വിപണിയില്‍ ഉടനീളം. ഇടതടവില്ലാതെ വിനോദ സഞ്ചാരികളും. ഭൂകമ്പം നാശം വിതച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു: ഓരോ നേപ്പാളിയുടെയും കണ്ണീര്‍ തുടക്കുക. കൈകള്‍ ചേര്‍ത്ത് പിടിക്കുക. അവര്‍ നമ്മുടെ സഹോദരന്‍മാരാണ്. ഇന്ത്യയുടെ ഈ ബന്ധുത്വത്തെ പണമിറക്കി തോല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന. നേപ്പാളില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ രാജ്യമായി ചൈന മാറിയിരിക്കുന്നു. 106 കോടി ഡോളറാണ് ഈ കൊച്ചു രാഷ്ട്രത്തില്‍ ചൈന മുടക്കിയത്. റോഡ്, അടിസ്ഥാന സൗകര്യ മേഖലയില്‍ ഇന്ത്യയും വന്‍ തുക മുടക്കിയിട്ടുണ്ട്. ഇന്ത്യക്കും ചൈനക്കും നേപ്പാളിലെ സമൃദ്ധമായ നദികളില്‍ കണ്ണുണ്ട്. അതിന്റെ തന്ത്രപ്രധാനമായ സ്ഥാനവും മോഹിപ്പിക്കുന്നതാണ്. ഏഷ്യക്കും യൂറോപ്പിനുമിടയിലെ നവ സില്‍ക്ക് പാത പദ്ധതിയിലെ പ്രധാന കണ്ണിയാണ് ചൈനയെ സംബന്ധിച്ചിടത്തോളം നേപ്പാള്‍. സ്വാധീനമുറപ്പിക്കല്‍ മത്സരം സ്വാഭാവികമായും ഭൂകമ്പ ദുരിതാശ്വാസത്തിലും കണ്ടു. ടണ്‍ കണക്കിന് സാധനസാമഗ്രികള്‍ ഇരുരാജ്യങ്ങളും ഇറക്കി. ഇന്ത്യന്‍ ദുരന്ത നിവാരണ സേനയുടെ നിരവധി ബറ്റാലിയനുകള്‍ ഇറങ്ങി. അത്യന്താധുനിക പരിശീലനം സിദ്ധിച്ച തിരച്ചില്‍ സംഘത്തെ ഇറക്കി ചൈന. ഇരു സംഘങ്ങളും പലപ്പോഴും സമാന്തരമായാണ് പ്രവര്‍ത്തിച്ചത്. ഇത് രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനത്തെ തകിടം മറിച്ചു. ഇന്ത്യ- ചൈനാ മത്സരം ആഗോള മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത് ഈ പശ്ചാത്തലത്തിലാണ്.
എന്നാല്‍ ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ നാണം കെടുത്തിക്കളഞ്ഞത് ചില മാധ്യമ പ്രവര്‍ത്തകരാണ്. അതിവൈകാരിക പബ്ലിക് റിലേഷന്‍ വിഭാഗമായി ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ മാധ്യമങ്ങള്‍ തരംതാണു. ഏറ്റവും പുതിയ ദൃശ്യങ്ങള്‍ക്കും ദുരന്തത്തിന്റെ ഭീകരത പൊലിപ്പിച്ച് കാണിക്കാനും മാധ്യമങ്ങള്‍ കാണിച്ച വേലകള്‍ തീര്‍ത്തും അസഹ്യമായിരുന്നു. ദുരിതാശ്വാസത്തിനുള്ള ഇന്ത്യന്‍ സേനയുടെ കോപ്റ്ററുകളില്‍ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരായിരുന്നു. താത്കാലികമായി കെട്ടിയുയര്‍ത്തിയ ആശുപത്രികള്‍ക്ക് മുന്നില്‍ ചാനല്‍ പടയുടെ ഒ ബി വാനുകള്‍ ചില്ലറ ബുദ്ധിമുട്ടുകളല്ല ഒപ്പിച്ചത്. എല്ലാം നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് നേരെ മൈക്ക് നീട്ടി സംസാരിപ്പിക്കാന്‍ ശ്രമിച്ച് അപഹാസ്യരായി ചില മാധ്യമ പ്രവര്‍ത്തകര്‍. പ്രമുഖ ചാനലുകളെല്ലാം മോദി സ്തുതിക്കുള്ള അവസരമായും ദുരന്തത്തെ ഉപയോഗിച്ചു. ക്യാമറക്ക് മുന്നില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ സൈനികരടങ്ങുന്ന സംഘം തിടുക്കം കൂട്ടിയെന്നും ആക്ഷേപമുയര്‍ന്നു. അങ്ങനെയാണ് ‘ഗോ ഹോം ഇന്ത്യന്‍ മീഡിയ’ ഹാഷ് ടാഗ് ട്വിറ്ററില്‍ വന്നത്. ലക്ഷക്കണക്കിന് പേര്‍ ഇത് റീ ട്വീറ്റ് ചെയ്തു. ഫെസ്ബുക്കിലും മറ്റ് കൂട്ടായ്മകളിലും ഇത്തരത്തില്‍ ചൂടേറിയ പ്രചാരണം നടന്നു. ഇന്ത്യയില്‍ നിന്നുള്ളവരും ഈ ക്യാമ്പയിനില്‍ പങ്കെടുത്തു. കാരണം ചാനല്‍ പ്രവര്‍ത്തനത്തിന്റെ ബാലിശമായ നടപ്പുകള്‍ രാജ്യത്തിനകത്ത് കണ്ട് ശീലിച്ചവരാണവര്‍. ചര്‍ച്ചയായതിലും അപ്പുറമുള്ള വഡ്ഢിത്തങ്ങള്‍ ചെയ്തിട്ടുണ്ടാകാമെന്ന് അവര്‍ക്കറിയാം. എക്‌സിക്ലൂസീവ് വിഷ്വലായി ഒരു ചാനല്‍ നല്‍കിയത് മധ്യപൗരസ്ത്യ ദേശത്തുനിന്നുള്ള ദൃശ്യമായിരുന്നു. അറബി സംസാരവും ബോര്‍ഡുകളിലെ അറബി എഴുത്തും വിഷ്വലില്‍ വ്യക്തമായിരുന്നു. ഒരു കാര്യത്തില്‍ വേണമെങ്കില്‍ സമാധാനിക്കാം. ചൈനീസ് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവയും അപദാന റിപ്പോര്‍ട്ടിംഗില്‍ ഏര്‍പ്പെട്ടിരുന്നു. ചൈനീസ് സര്‍ക്കാറിന് തന്നെ ഒടുവില്‍ അവരെ ശാസിക്കേണ്ടി വന്നു.
ഭൂചലനത്തെ പരസ്യത്തിന് പറ്റിയ സമയമായി കണ്ട് കാറ്റുള്ളപ്പോള്‍ തൂറ്റിയ ചില ഓണ്‍ലൈന്‍ വ്യാപാരികളാണ് ശരിയായ കഴുകന്‍മാര്‍. ലെന്‍സ്‌കാര്‍ട്ടും അമേരിക്കന്‍ സ്വാനുമൊക്കെ ഈ ഗണത്തില്‍ വരുന്നു. പിന്നെ കുറെ ക്ഷമാപണം നടത്തിയിട്ടെന്ത് കാര്യം. വിവരക്കേട് ഒരു കുറ്റമല്ലല്ലോ. ബി ജെ പി വക്താവ് സാംബിത് പത്രയും ഒരര്‍ഥത്തില്‍ ഇക്കൂട്ടത്തില്‍ പെട്ടയാളാണ്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു: ‘ഞാന്‍ ആജ്തക്കില്‍ അഷുതോഷ് എപ്പിസോഡ് കാണുകയായിരുന്നു. പൊടുന്നനെ ആകെ കുലുങ്ങുന്നത് പോലെ തോന്നി. ഏറെ നേരെ കഴിഞ്ഞാണ് മനസ്സിലായത് അത് നേപ്പാളിലെ ഭൂചലനമായിരുന്നുവെന്ന്’. സാക്ഷി മഹാരാജ് എം പി കുറേക്കൂടി കടന്ന് പറഞ്ഞു. ബീഫ് കഴിക്കുന്ന രാഹുല്‍ ഗാന്ധി കേദാര്‍ നാഥ് സന്ദര്‍ശിച്ചതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
ഉച്ചസ്ഥായിയില്‍ വായ്ത്താരികള്‍ ഉയരുമ്പോഴും ദുരന്തബാധിതര്‍ ദുരിതത്തില്‍ തന്നെയാണ്. ഫ്യൂഡല്‍ കാലത്തിലൂടെയും വൈദേശിക അധിനിവേശത്തിലൂടെയും പിന്നെ രാജഭരണത്തിലൂടെയും അതുംകഴിഞ്ഞ് രാജകുടുംബത്തിലെ കൂട്ടക്കൊലയിലൂടെയും മാവോയിസ്റ്റ് പാര്‍ട്ടികള്‍ നയിച്ച ആഭ്യന്തര കലാപത്തിലൂടെയും (1996 മുതല്‍ 2006വരെ നടന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 12,000 പേരാണ്) കടന്ന് വന്നാണ് നേപ്പാളിലെ ജനാധിപത്യ ഭരണ വ്യവസ്ഥ രൂപപ്പെട്ടത്. ഇന്നും അത് അങ്ങേയറ്റം ദുര്‍ബലമാണ്. നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ സുശീല്‍ കൊയ്‌രാളയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഭരിക്കുന്നത് മറ്റാരൊക്കെയോ ആണ്. തദ്ദേശ സ്വയംഭരണ ഫെഡറല്‍ ഭരണസമിതികളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ട് രണ്ട് പതിറ്റാണ്ടായി. ഇത്തരമൊരു രാജ്യത്ത് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യാനുള്ള സംവിധാനമില്ലെങ്കില്‍ അത്ഭുതപ്പെടാനൊന്നുമില്ല.